തമ്മില്‍ തല്ലുന്ന കേരളം ഈ മ്യൂസിക് വീഡിയോ ഒന്ന് കാണണം; ഒരുമയുടെ പ്രളയകാലത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് 'കയ്യൊപ്പ്'

പ്രളയാനന്തരം സമൂഹം രാഷ്ട്രീയത്തിന്റെ പേരില്‍ ചേരിതിരിയുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന മ്യൂസിക് വീഡിയോയാണ് കയ്യൊപ്പ്
തമ്മില്‍ തല്ലുന്ന കേരളം ഈ മ്യൂസിക് വീഡിയോ ഒന്ന് കാണണം; ഒരുമയുടെ പ്രളയകാലത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് 'കയ്യൊപ്പ്'

കേരള ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയത്തെ അതിജീവിക്കാന്‍ മലയാളികള്‍ കൈമെയ് മറന്നാണ് ഒരുമിച്ച് നിന്നത്. എന്നാല്‍ പ്രളയാനന്തരം സമൂഹം രാഷ്ട്രീയത്തിന്റെ പേരില്‍ ചേരിതിരിയുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന മ്യൂസിക് വീഡിയോയാണ് കയ്യൊപ്പ്. ഒരുകൂട്ടം സിനിമാ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പുറത്തിറങ്ങിയ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. 

സിതാര കൃഷ്ണകുമാര്‍  പാടിയ വീഡിയോയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകരായിരുന്ന ബേണി-ഇഗ്നേഷ്യസ്‌ ടീമിലെ ബേണിയുടെ മകന്‍ ടാന്‍സനാണ്. അര്‍ജുന്‍ ലാല്‍ സംവിധാനം ചെയ്ത വീഡിയോ ശില്‍പചിത്ര എന്ന കൂട്ടായ്മയാണ് പുറത്തിറക്കിയിരിക്കുന്നത്. 

പ്രളയത്തെ അതിജീവിക്കാന്‍ വേണ്ടി നമ്മുടെ നാട് ഒത്തൊരുമിച്ച് നിന്നത് ചരിത്രമാണ്. ഒരിടത്തും കാണാത്ത ഏകീകരണമാണ് അന്ന് സാധ്യമായത്. എന്നാല്‍ പിന്നീട് നാം കണ്ടത് ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ പോരടിക്കുന്ന സമൂഹത്തെയാണ്. പ്രളയത്തിന്റെ നൂറുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സമൂഹത്തിന് എന്തെല്ലാം മാറ്റങ്ങള്‍ വന്നു, സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നമ്മുടെ കഴിഞ്ഞുപോയ കാലം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് ഈ മ്യൂസിക് വീഡിയോ ചെയ്തത്. വീഡിയോയയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നത് സന്തോഷം തരുന്നു. ഇനിയുമൊന്നാകുവാന്‍ ഒരുമയുടെ പ്രളയകാലത്തെ ഓര്‍ത്തുവയ്‌ക്കേണ്ടതുണ്ട്, നമുക്കീ കെട്ട കാലവും കടന്നുപോകേണ്ടതുണ്ട്. ഓര്‍മ്മകള്‍ നശിക്കാതിരിക്കാനാണ് ഈ വീഡിയോ- മ്യൂസിക് വീഡിയോയുടെ സംവിധായകന്‍ അര്‍ജുന്‍ പറയുന്നു.

''ഒരു മഹാപ്രളയം കഴിഞ്ഞുപോയി സൗഹൃതത്തിൻ്റെയും, സാന്ത്വനത്തിൻ്റെയും, ഒരുമയുടെയും, നന്മയുടെയും അതിരില്ലാത്ത ഉദാഹരണങ്ങളാണ് മലയാളി കാട്ടികൊടുത്തത്. മതത്തിനും, ജാതിക്കും, വർണ്ണത്തിനും, വലുപ്പത്തിനും,ചെറുപ്പത്തിനും അതീതമായി ഒരുമിച്ചുനിന്ന് പ്രളയത്തോട് പടപൊരുതി ജയിച്ചു കേരളം. എന്നാൽ ഒരുനിമിഷം കൊണ്ട് എല്ലാവരും എല്ലാം മറന്നു. മതവും,വർണ്ണവും,രാഷ്ട്രീയവും,പുതിയ മതിലുകൾ പടുത്തുയർത്തി തുടങ്ങി. യഥാർഥത്തിൽ പ്രളയം പ്രകൃതിയുടെ ഒരു കയ്യൊപ്പായിരുന്നില്ലേ ...? ഒരുനിമിഷം മതി എല്ലാം തകർക്കാൻ എന്ന് ഓർമപ്പെടുത്തുന്ന കയ്യൊപ്പ്. കഴിഞ്ഞതെല്ലാം ഒരിക്കൽ കൂടെ ഓർത്തെടുക്കാൻ "കയ്യൊപ്പ് "

പ്രിയ അനുജൻ Tansen Berny യുടെ സംഗീതത്തിൽ ഒരീണംകൂടി ആലപിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ! 
നന്മയും സ്നേഹവും പരക്കട്ടെ !- സിതാര കയ്യൊപ്പിനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com