ദുല്‍ഖറിനെ ഡ്രൈവിങ് നിയമം പഠിപ്പിക്കാന്‍ മുംബൈ പൊലീസിന്റെ ശ്രമം; ചുട്ട മറുപടി നല്‍കി സോനം കപൂറും ഡിക്യുവും 

മൊബൈലിൽ ശ്രദ്ധിച്ചും കാറിൽ ഒപ്പമിരുന്ന ആളോട് സംസാരിച്ചും അലസമായി ഡ്രൈവിങ് സീറ്റിലിരിക്കുന്ന ദുൽഖറിനെയാണ് വിഡിയോയിൽ കാണാനാവുക
ദുല്‍ഖറിനെ ഡ്രൈവിങ് നിയമം പഠിപ്പിക്കാന്‍ മുംബൈ പൊലീസിന്റെ ശ്രമം; ചുട്ട മറുപടി നല്‍കി സോനം കപൂറും ഡിക്യുവും 

ഡ്രൈവിങിനിടെ മൊബൈൽ ഉപയോ​ഗിക്കുന്ന ​ദുൽഖർ സൽമാന്റെ വീഡിയോയാണ് ട്വിറ്റർ ലോകത്തെ ചർച്ചാവിഷയം. മൊബൈലിൽ ശ്രദ്ധിച്ചും കാറിൽ ഒപ്പമിരുന്ന ആളോട് സംസാരിച്ചും അലസമായി ഡ്രൈവിങ് സീറ്റിലിരിക്കുന്ന ദുൽഖറിനെയാണ് വിഡിയോയിൽ കാണാനാവുക. നടി സോനം കപൂറാണ് ഈ വിഡിയോ ആദ്യം പങ്കുവച്ചത്. ‌ദുൽഖറിനൊപ്പം കാറിലുണ്ടായിരുന്നതും സോനമാണ്. താരത്തിന്റെ വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പട്ടതോടെ മുംബൈ പൊലീസ് സംഭവത്തിൽ ഇടപെട്ടു. 

വളരെ വിചിത്രമായി തോന്നുന്നെന്ന് വിഡിയോയിൽ സോനം കപൂർ ദുൽഖറിനോട് പറയുന്നത് കേൾക്കാം. ഈ സംഭാഷണം ഏറ്റുപിടിച്ചാണ് മുംബൈ പൊലിസ് താരങ്ങൾക്ക് താക്കീതുമായെത്തിയത്. ഇത് വളരെ വിചിത്രമായി തോന്നുന്നുവെന്ന സോനത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്നും ഡ്രൈവിങിനിടയിലെ ഇത്തരം സാഹസികതകൾ മറ്റുളളവരുടെ ജീവൻ കൂടി അപകടത്തിൽ ആക്കുന്നെന്നാണ് വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് പൊലീസ് കുറിച്ചത്.  തിരശീലയിലായാലും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ അറിയാതെ താരങ്ങൾക്കെതിരെ പ്രതികരിച്ച അവസാനം പൊലീസിന് തിരച്ചടിയായി. നിയമപാഠങ്ങൾ പഠിപ്പിച്ചു നൽകിയ പൊലീസിന്റെ ട്വീറ്റിന് സോനം നൽകിയ മറുപടിയാണ് സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കിയത്. ഞങ്ങൾ ഡ്രൈവ് ചെയ്യുകയായിരുന്നില്ല. ഞങ്ങളൊരു ട്രക്കിന് മുകളിലായിരുന്നു. നിങ്ങൾ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാധാരണക്കാരുടെ ജീവിതത്തിലും നിങ്ങൾ ഇതേ ആത്മാർത്ഥത കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കരുതലിന് നന്ദി. സോനം ട്വീറ്റ് ചെയ്തു.

ഈ വിഷയത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് വാസ്തവം അറിയാൻ ‌ശ്രമിച്ചിരുന്നെങ്കിൽ അഭിനന്ദിക്കാമായിരുന്നെന്നാണ് ദുൽഖർ നൽകിയ മറുപടി. മുംബൈ പൊലീസിന്‍റെ അനുമതി വാങ്ങിയായിരുന്നു ഷൂട്ടിങ്ങെന്നും അവർ എപ്പോഴും കൂടെയുണ്ടായിരുന്നെന്നും ദുൽഖർ വിശദീകരിച്ചു.

ദുൽഖറും സോനവും സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കുമായി യോജിപ്പിച്ചിരിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്ന വിഡിയോയും താരം പുറത്തുവിട്ടു. ഇതിന് പിന്നാലെ താരങ്ങളും പൊലീസും തമ്മിൽ നടന്ന ട്വീറ്റ് സിരീസ് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സംഭവത്തിൽ മുംബൈ പൊലീസിനെ ട്രോൾ ചെയ്തുള്ള കമന്റുകളാണ് ഏറെയും. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ സൽമാൻ വേഷമിടുന്ന ദി സോയ ഫാക്ടർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രംഗമായിരുന്നു വിഡിയോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com