ഇനി മത്സരിക്കാനില്ലെന്ന് ഇന്നസെന്റ്; അധികാരവും സൗകര്യവും നിയന്ത്രണം തെറ്റിക്കും

ഇനി മത്സരിക്കാനില്ലെന്ന് ഇന്നസെന്റ്; അധികാരവും സൗകര്യവും നിയന്ത്രണം തെറ്റിക്കും
ഇനി മത്സരിക്കാനില്ലെന്ന് ഇന്നസെന്റ്; അധികാരവും സൗകര്യവും നിയന്ത്രണം തെറ്റിക്കും


കൊച്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ്. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും ഒരു ബ്രേക്ക് നല്ലതാണ്. അതുകൊണ്ട് അടുത്ത തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. എംപിയായിരിക്കുക എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. നമ്മള്‍ റോഡിലൂടെ പോകുമ്പോള്‍ പൊലീസുകാര്‍ സല്യൂട്ട് അടിക്കും. അത് കാണുമ്പോള്‍ നല്ല സുഖമുണ്ട്. പക്ഷെ ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് ശമ്പളം കൊടുത്തിട്ടാണ് പൊലീസുകാരനെ സല്യൂട്ടടിക്കാന്‍ റോഡില്‍ നിര്‍ത്തിയിട്ടുള്ളത്. അധികാരവും സൗകര്യങ്ങളും പലപ്പോഴും നിയന്ത്രണം തെറ്റിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.

എംപിയായതുകൊണ്ട് മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ സിനിമകള്‍ കുറവായിരുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ പ്രിയദര്‍ശന്‍ വിളിച്ചിരുന്നു. ഇപ്പോള്‍ പടമൊന്നുമില്ലേ എന്നു ചോദിച്ചു. കഴിഞ്ഞ ആഴ്ച മുതല്‍ പടങ്ങള്‍ ഒത്തിരിയുണ്ട്. മിനിഞ്ഞാന്ന് ഒരു പടം. ഇന്നലെ രണ്ടു പടം. ഇന്ന് മൂന്നു പടം. നാളെ നാലു പടം.... ഞാന്‍ ചാനലില്‍ വരുന്ന പടങ്ങള്‍ കാണുന്ന കാര്യമാണു പ്രിയാ പറയുന്നത്. വേറെ പണിയൊന്നുമില്ലാതെ പിന്നെ, എന്തുചെയ്യാനാ എന്നായിരുന്നു മറുപടിയെന്ന് ഇന്നസെന്റ് പറഞ്ഞു.

സിനിമ മാറുകയല്ലേ? കഥാപാത്രങ്ങളും മാറുന്നു. നമ്മുടെ പ്രായത്തിനും രൂപത്തിനും അനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ഇല്ല. കഴിഞ്ഞ ദിവസം ഒരു സംവിധായകന്‍ വിളിച്ചു. 'ചേട്ടാ പുതിയ സിനിമയില്‍ ഒരു റോളുണ്ട്. മുഴുനീള കഥാപാത്രമാണ്.' ഞാന്‍ പറഞ്ഞു; 'വളരെ സന്തോഷം. ഒത്തിരി നാളായി സിനിമയില്‍ അഭിനയിച്ചിട്ട്. മാത്രമല്ല എം.പി. സ്ഥാനമൊക്കെ തീരാന്‍ പോകുകയാണ്. ജീവിക്കാന്‍ വേറെ വഴിയില്ല.' അപ്പോഴാണ് അദ്ദേഹം പറയുന്നത്,' ചേട്ടനാണു കഥാപാത്രമെങ്കിലും ഷൂട്ടിങ്ങിനൊന്നും വരണ്ട. ചേട്ടന്റെ ഒരു പടം മതി. അതില്‍ ഒരു മാലയിട്ട് വയ്ക്കും.' ഇന്നസെന്റ് പറഞ്ഞു.

നെടുമുടി വേണു, മാമുക്കോയ, ഞാന്‍. ഞങ്ങള്‍ മൂന്നുപേരില്‍ ആരെങ്കിലും ഒരാളില്ലാതെ സത്യന്‍ അന്തിക്കാട് സിനിമ എടുത്തിട്ടില്ല. പക്ഷേ, പുതിയ സിനിമയില്‍ ഞങ്ങള്‍ മൂന്നുപേരും ഇല്ല. സത്യനോടു ഞാന്‍ പറഞ്ഞു. 'ഞങ്ങള്‍ മൂന്നു പേരുടെയും ഫോട്ടോ സിനിമയുടെ തുടക്കത്തില്‍ കാണിക്കണം. എന്നിട്ട് എഴുതി കാണിക്കണം, 'ഇവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. പക്ഷേ, ഈ സിനിമയില്‍ ഇല്ലാത്തതാണ്' എന്ന് തമാശരൂപേണെയായിരുന്നു ഇന്നച്ചന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com