96 കിലോയില്‍ നിന്ന് സീറോ സൈസിലേക്ക്; സാറ അലി ഖാനെ മാതൃകയാക്കാന്‍ ആരാധകര്‍

വിദേശത്ത് പഠിക്കുന്ന സമയത്ത് 96 കിലോ ആയിരുന്ന സാറയുടെ ഭാരം. ഇതില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ ഒരു വര്‍ഷം കൊണ്ടാണ് സാറ മെലിഞ്ഞത്
96 കിലോയില്‍ നിന്ന് സീറോ സൈസിലേക്ക്; സാറ അലി ഖാനെ മാതൃകയാക്കാന്‍ ആരാധകര്‍

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ബോളിവുഡ്. ഇതിനോടകം സാറ ആരാധകരുടെ മനം കവര്‍ന്നു കഴിഞ്ഞു. എന്നാല്‍ താരപുത്രി എന്ന രീതിയില്‍ മാത്രമല്ല സാറ ഇപ്പോള്‍ ആരാധകരുടെ മനസില്‍ ഇടം പിടിച്ചിരിക്കുന്നത്. വണ്ണംകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്നതാണ് ഈ താരപുത്രിയെ. 96 കിലോയില്‍ നിന്ന് ഇപ്പോഴത്തെ സീറോ സൈസിലേക്ക് എത്തി ആരാധകര്‍ക്ക് അത്ഭുതമായിരിക്കുകയാണ് സാറ. 

വിദേശത്ത് പഠിക്കുന്ന സമയത്ത് 96 കിലോ ആയിരുന്ന സാറയുടെ ഭാരം. ഇതില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ ഒരു വര്‍ഷം കൊണ്ടാണ് സാറ മെലിഞ്ഞത്. ഭക്ഷണത്തില്‍ യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയാണ് സാറ വളര്‍ന്നത്. കൊളംബോയില്‍ പഠിക്കുന്ന സമയത്ത് ജങ്ക് ഫുഡുകള്‍ കൂടുതല്‍ കഴിച്ചതാണ് സാറയുടെ ശരീര ഭാരം കുറച്ചത്. കൂടാതെ ഇപ്പോള്‍ പെണ്‍കുട്ടികളുടെ തലവേദനയായ പിസിഒഡിയും താരത്തെ അലട്ടിയിരുന്നു. അമ്മ പോലും തന്നെ തിരിച്ചറിയാത്ത അവസ്ഥയിലേക്ക് എത്തിയതോടെയാണ് സാറ വണ്ണം കുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. 

പഠനത്തിന്റെ അവധിക്ക് നാട്ടിലേക്ക് എത്തിയപ്പോഴാണ് അമ്മ അമൃത സിങ് സാറയെ തിരിച്ചറിയാതിരുന്നത്. വിമാനത്താവളത്തില്‍ കാത്തിരുന്ന അമൃതയ്ക്ക് മകളെ മനസിലായില്ല. ആ സമയത്ത് അമ്മയോട് വീഡിയോകോളില്‍ സംസാരിക്കാന്‍ പോലും സാറയ്ക്ക് ബുദ്ധിമുട്ടായിരുന്നു. പഠനം പൂര്‍ത്തിയാക്കി സിനിമയിലേക്ക് വരാന്‍ തീരുമാനിച്ചതോടെയാണ് സാറ ശരീരത്തെ ശ്രദ്ധിക്കുന്നത്. 

ഇതിന് ആദ്യം ജങ്ക് ഫുഡുകള്‍ ഒഴിവാക്കി പകരം സലാഡുകളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. പിന്നീടുള്ള മാസങ്ങള്‍ കഠിനാധ്വാനത്തിന്റേത് ആയിരുന്നു. കരീന കപൂര്‍, മലൈക അറോറ എന്നിവരുടെ ട്രെയിനറായ നമ്രിത പുരോഹിതിന്റെ കീഴില്‍ ട്രെയ്‌നിങ് നടത്തിയാണ് ശരീര ഭാരം കുറക്കുന്നത്. തന്റെ അനുഭവം തുറന്നു പറഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് സാറ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com