മമ്മൂട്ടിക്ക് എന്നെ മനസിലായതില്‍ സന്തോഷം: പാര്‍വതി

കസബയെകുറിച്ചുള്ള തന്റെ അഭിപ്രായപ്രകടനം  മമ്മൂട്ടികെതിരായ ആക്രമണമായിരുന്നില്ലെന്നും മമ്മൂട്ടിയോടുള്ള തികഞ്ഞ ബഹുമാനം മനസ്സില്‍ സൂക്ഷിച്ചാണ് തന്റെ അഭിപ്രായം വേദിയില്‍ തുറന്നുപറഞ്ഞതെന്നും പാര്‍വതി
മമ്മൂട്ടിക്ക് എന്നെ മനസിലായതില്‍ സന്തോഷം: പാര്‍വതി

കസബയെകുറിച്ചുള്ള തന്റെ അഭിപ്രായപ്രകടനം ഒരിക്കലും മമ്മൂട്ടികെതിരായ ആക്രമണമായിരുന്നില്ലെന്നും മമ്മൂട്ടിയോടുള്ള തികഞ്ഞ ബഹുമാനം മനസ്സില്‍ സൂക്ഷിച്ചാണ് തന്റെ അഭിപ്രായം വേദിയില്‍ തുറന്നുപറഞ്ഞതെന്നും പാര്‍വതി. ഇത് മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും അതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. 

തന്റെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് മാറ്റം വരണമെന്ന ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയാതിരിക്കാന്‍ ആകില്ലെന്നും അത് പറയാനുള്ള അവകാശം ഉണ്ടെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും പാര്‍വതി പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ സിനിമകള്‍ വിജയിക്കാന്‍ തുടങ്ങിയതും അവാര്‍ഡുകള്‍ ലഭിച്ചതുടങ്ങിയതുമെല്ലാം അടുത്തകാലത്താണെന്നും കരിയറില്‍ ഇങ്ങനെയുള്ള മാറ്റങ്ങള്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ കൂടി അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ പിന്നോട്ടുപോകില്ലായിരുന്നെന്നും പാര്‍വതി പറഞ്ഞു. 

കസബയെകുറിച്ചുള്ള പരാമര്‍ശം നേരത്തെ തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ലെന്നും കുറേ നാളായി സിനിമകള്‍  വിലയിരുത്തുന്നതില്‍ നിന്ന് തന്റെ മനസ്സില്‍ രൂപപ്പെട്ട അഭിപ്രായമാണതെന്നും കസബ പോലെ മറ്റ് പല ഉദ്ദാഹരണങ്ങളും ചൂണ്ടികാട്ടാനാകുമെന്നും പാര്‍വതി പറഞ്ഞു. ഐഎഫ്എഫ്‌കെ വേദിയില്‍ അല്ലെങ്കില്‍ മറ്റൊരിടത്ത് തന്റെ കാഴ്ചപാടുകള്‍ വ്യക്തമാക്കുകതന്നെ ചെയ്‌തേനെയെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ക്ക് മനസിലാകുന്നവരെ തന്റെ കാഴ്ചപാട് ആവര്‍ത്തിക്കുമെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയും അതിക്രമങ്ങളും സിനിമയില്‍ പ്രതിഫലിക്കുകതന്നെ വേണമെന്നും എന്നാല്‍ അതിനെ മഹത്വവത്കരിക്കരുതെന്നാണ് താന്‍ മുന്നോട്ടുവയ്ക്കുന്ന അഭിപ്രായമെന്ന് പാര്‍വതി ആവര്‍ത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com