തന്റെ അടുത്ത മലയാള ചലച്ചിത്രം 'കുഞ്ഞാലി മരയ്ക്കാര്‍' ജൂലൈയില്‍ പ്രഖ്യാപിക്കാനൊരുങ്ങി നില്‍ക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മോഹന്‍ലാലിനെയാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അതേസമയം നേരത്തേ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലി മരയ്ക്കാര്‍' അനൗണ്‍സ് ചെയ്തിരുന്നു. ജൂണിനുള്ളില്‍ ഇതിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ തന്റെ പ്രോജക്ട് ജൂലൈയില്‍ അനൗണ്‍സ് ചെയ്യുമെന്നാണ് പ്രിയന്‍ പറയുന്നത്.
'ഈ സിനിമ ചെയ്യാന്‍ ചരിത്രം ആഴത്തില്‍ അറിയേണ്ടതുണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു. യഥാര്‍ഥ സംഭവങ്ങളും ഭാവനയും കലര്‍ത്തിയായിരിക്കും സിനിമ ഒരുക്കുക. ആ കാലഘട്ടത്തിന്റെ പല വിവരങ്ങളും ലഭ്യമല്ല. അതുകൊണ്ടുതന്നെ വളരെ വെല്ലുവിളി നിറഞ്ഞ ഒരു സിനിമയാണിത്.' പ്രിയദര്‍ശന്‍ പറയുന്നു.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'കുഞ്ഞാലി മരയ്ക്കാറി'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്. ഓഗസ്റ്റ് സിനിമാസാണ് ബിഗ് ബജറ്റില്‍ സിനിമ ഒരുക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് പ്രിയന്‍ തന്റെ പ്രോജക്ടുമായി മുന്നോട്ടു പോകുന്നത്. ജൂലൈക്ക് മുന്‍പ് മമ്മൂട്ടിയുടെ ചിത്രം തുടങ്ങിയാല്‍ തന്റെ പ്രോജക്ട് ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ