'ഞാനും ഒരു സെലിബ്രിറ്റിയാണ്, പക്ഷേ താങ്കള്‍ക്ക് എന്നെ മനസിലായില്ല'; സച്ചിന്‍ തന്നെ തിരിച്ചറിയാത്തതിന്റെ ദുഃഖത്തില്‍ വിക്രം പറഞ്ഞു

'തന്റെ അടുത്ത് വന്നിരുന്ന സച്ചിനെ കണ്ട് 'എന്റെ ദൈവമേ സച്ചിന്‍' എന്ന് അറിയാതെ പറഞ്ഞുപോയി'
'ഞാനും ഒരു സെലിബ്രിറ്റിയാണ്, പക്ഷേ താങ്കള്‍ക്ക് എന്നെ മനസിലായില്ല'; സച്ചിന്‍ തന്നെ തിരിച്ചറിയാത്തതിന്റെ ദുഃഖത്തില്‍ വിക്രം പറഞ്ഞു

മ്മള്‍ ആരാധിക്കുന്ന ഒരാള്‍ മുന്നിലെത്തിയാല്‍ നമ്മുടെ പ്രതികരണമെങ്ങനെ ആയിരിക്കും. സെല്‍ഫി എടുക്കാനും സംസാരിക്കാനും തൊടാനുമെല്ലാം നമുക്ക് ആഗ്രഹമുണ്ടാകും. എന്നാല്‍ ആരാധകനും ഒരു സെലിബ്രിറ്റിയാണെങ്കിലോ? ആരാധനാ പുരുഷനെ കണ്ടുമുട്ടിയ തെന്നിന്ത്യന്‍ താരം ചിയാന്‍ വിക്രമിന് പറയാനുള്ളത് ഇത്തരത്തിലുള്ള ഒരു അനുഭവമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോഴുണ്ടായ രസകരമായ അനുഭവമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. 

മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിവരുമ്പോള്‍ വിമാനത്തില്‍ വെച്ചാണ് വിക്രം സച്ചിനെ കണ്ടുമുട്ടിയത്. തന്റെ അടുത്ത് വന്നിരുന്ന സച്ചിനെ കണ്ട് 'എന്റെ ദൈവമേ സച്ചിന്‍' എന്ന് അറിയാതെ പറഞ്ഞുപോയി. എന്നാല്‍ തന്നെ കണ്ടിട്ടും വലിയ ഭാവ വ്യത്യാസമൊന്നുമില്ലാതെ അദ്ദേഹം 'ഹായ്' പറഞ്ഞ് സീറ്റില്‍ വന്നിരുന്നു. അദ്ദേഹത്തിന് തന്നെ അറിയാം എന്നാണ് വിക്രം വിചാരിച്ചിരുന്നത്. 

എന്നാല്‍ തന്നെ അറിയില്ലെന്ന സത്യം വളരെ ദുഃഖത്തോടെയാണ് മനസിലാക്കിയത്. ഇത് തന്നെ വളരെ അസ്വസ്ഥനാക്കി. തന്നെ പരിചയപ്പെടാനും ചിത്രമെടുക്കാനും ആരെങ്കില്‍ വന്നാല്‍ അദ്ദേഹം തന്നോട് താങ്കള്‍ ആരാണ് എന്ന് ചോദിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അങ്ങനെ ആരും വന്നില്ല. വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ 'ഹായ് സാര്‍ ഞാന്‍ താങ്കളുടെ ഒരു ആരാധകനാണ്' എന്ന് പറഞ്ഞ് പോകാമെന്നാണ് വിക്രം ആദ്യം വിചാരിച്ചത്. 

എന്നാല്‍ അദ്ദേഹം പറഞ്ഞത് ഇതാണ്; ഞാനും ഒരു സെലിബ്രിറ്റിയാണ്. അമിതാഭ് ബച്ചന്‍, രജനികാന്ത്, ഷാരുഖ് ഖാന്‍, അഭിഷേക് ബച്ചന്‍, ആമീര്‍ ഖാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവര്‍ക്കെല്ലാം എന്നെ അറിയാം. ഇന്ത്യയിലെ ഭൂരിഭാഗം പേര്‍ക്കും എന്നെ അറിയാം. പക്ഷേ താങ്കള്‍ക്ക് എന്നെ അറിയില്ല.' 

അറിയാതെ വായില്‍ നിന്നു വീണു പോയ വാക്കുകള്‍ ഓര്‍ത്ത് അസ്വസ്ഥത തോന്നിയെങ്കിലും സച്ചിന്‍ തന്നോട് വളരെ സ്വീറ്റായാണ് പെരുമാറിയതെന്നും വിക്രം പറഞ്ഞു. വിദേശ സിനിമകളാണ് കൂടുതല്‍ കാണുന്നതെന്നും അതിനാലാണ് മനസിലാകാതിരുന്നതെന്നും സച്ചിന്‍ പറഞ്ഞു. പിന്നീടുള്ള രണ്ട് മണിക്കൂര്‍ നേരം കുടുംബത്തെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഫാന്‍ ബോയ് മൊമെന്റ് ആയിരുന്നെ ഇതെന്നും ഒരിക്കലും മറക്കില്ലെന്നും വിക്രം പറഞ്ഞു. അത്തരത്തിലുള്ള അനുഭവം കൊണ്ട് തന്റെ അടുത്ത് വന്നിരിക്കുന്ന സാധാരണക്കാരനായ ആരാധകന്റെ മാനസികാവസ്ഥ മനസിലാക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഫാന്‍ ബോയ് മൊമെന്റ് പങ്കുവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com