അപ്പനിഷ്ടമില്ലാതിരുന്ന മൂന്നു കാര്യങ്ങളില്‍ ഒന്ന് പ്രണയമായിരുന്നു

എന്താണ് ഈ സ്ത്രീവിരുദ്ധ സിനിമ? സിനിമ, പാട്ട് ഇതൊക്കെ ഒരു കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ്.
അപ്പനിഷ്ടമില്ലാതിരുന്ന മൂന്നു കാര്യങ്ങളില്‍ ഒന്ന് പ്രണയമായിരുന്നു

'ഗപ്പി'യും 'ഗോദ'യും 'മെക്‌സിക്കന്‍ അപാരത'യും നല്‍കിയ വിജയം 'മായാനദി'യില്‍ ആവര്‍ത്തിക്കുന്ന ഈ ചെറുപ്പക്കാരന്‍ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. തനിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന റോളുകള്‍ എന്നു മലയാളികളെക്കൊണ്ടു പറയിപ്പിക്കാനും കഴിഞ്ഞു. ടീനേജ് നായകനാണെങ്കിലും ടൊവിനോയുടെ കഥാപാത്രങ്ങള്‍ എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. ക്ഷോഭിക്കുന്ന യൗവ്വനവും തീക്ഷ്ണമായ യുവത്വവുമൊക്കെ പ്രതിഫലിക്കുന്ന നായകന്മാര്‍. ടൊവിനോ സംസാരിക്കുന്നു.

കുടുംബം, ബാല്യകാലം ഇതൊക്കെ എങ്ങനെയായിരുന്നു?

ഇരിങ്ങാലക്കുടയാണ് എന്റെ സ്വദേശം. അഡ്വ. തോമസ് ഇല്ലിക്കലിന്റേയും ഷീല തോമസിന്റേയും മൂന്നു മക്കളില്‍ ഇളയവന്‍. ചേട്ടന്‍ ടിംഗ്സ്റ്റണ്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, ചേച്ചി ധന്യ അധ്യാപികയും. 2014ല്‍ ലിഡിയ എന്റെ ജീവിതസഖിയായി. ഇപ്പോള്‍ ഇവയുടെ പ്രിയപ്പെട്ട അച്ഛനാണ്.
ചെറുപ്പത്തില്‍ അന്തര്‍മുഖനായിരുന്നു. വളരെ ഒതുങ്ങിയ പ്രകൃതം. ആള്‍ക്കൂട്ടവും ബഹളവും ഒന്നും ഇല്ലാതിരിക്കുന്നതായിരുന്നു ഇഷ്ടം. അധികം സംസാരവുമില്ല. സ്‌കൂള്‍ കാലഘട്ടത്തില്‍ കലയുമായുള്ള ബന്ധം എന്നു പറയുന്നത് എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ ഫാന്‍സിഡ്രസ്സ് കോംപറ്റീഷനു ചേര്‍ന്നതാണ്. സമ്മാനമൊന്നും കിട്ടിയില്ല. അന്നു നന്നായി പഠിക്കുമായിരുന്നു. വീട്ടില്‍ പക്ഷേ, ഞങ്ങള്‍ വികൃതികളായിരുന്നു. ഞാനും ചേട്ടനും ചേച്ചിയും നല്ല ഇടികൂടും. ചെറിയ കസിന്‍സിനെയൊക്കെ വിരട്ടും. വീട്ടിലെ ഷോക്കേസും ടി.വിയുമൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. അതിന്റെ മുറിപ്പാടുകള്‍ ചേട്ടന്റെ ചുണ്ടിലും ചേച്ചിയുടെ ചെവിയിലുമൊക്കെയുണ്ട്. ഒരിക്കല്‍ കസിനെ പേടിപ്പിക്കാന്‍ വടിയെടുക്കാന്‍ പേരമരത്തില്‍ വലിഞ്ഞുകേറി വീണ് എന്റെ ഇടതു കൈ ഒടിഞ്ഞു. അന്ന് എന്റെ പഴയ വീട് പൊളിക്കുന്ന സമയമായിരുന്നു. ഞാനും ഒറ്റക്കൈയില്‍ ചുറ്റികയുമായി വീട് പൊളിക്കാന്‍ പോയി. പണ്ടേ ഞാനൊരു പെര്‍ഫെക്ഷനിസ്റ്റാണ്. എനിക്കിഷ്ടപ്പെടുന്ന ഏതുകാര്യവും അതിന്റെ പൂര്‍ണ്ണതയില്‍ ചെയ്യുന്നതാണിഷ്ടം. 
ചില സമയങ്ങളില്‍ ഒരു ഡിസ്ട്രക്റ്റീവ് മൈന്‍ഡുണ്ട്. ഞാനത് ആസ്വദിക്കാറുമുണ്ട്. വീട്ടിലാരും ഞങ്ങളെ അടിക്കാറോ വഴക്കു പറയാറോ ഇല്ല. അമ്മയുടെ മുഖത്ത് ചെറിയ ഒരിഷ്ടക്കേട് തോന്നിയാല്‍ ഭയങ്കര വിഷമമായിരിക്കും. പക്ഷേ, അപ്പന്‍ ഞങ്ങളെ ഈര്‍ക്കിലിനടിക്കും. അടിയുടെ വേദനയല്ല, മാനസികമായി ഞങ്ങളെ വിഷമിപ്പിക്കുന്ന ഒരേര്‍പ്പാടാണത്. ഏഴാം ക്ലാസ്സ് വരെ അങ്ങനെയൊക്കെ പോയി. ആ വെക്കേഷനാണ് ശരിക്കും എന്നെ മാറ്റിക്കളഞ്ഞത്. 

ജീവിതം മാറ്റിമറിച്ച ആ മഹാസംഭവം എന്തായിരുന്നു?

ഏഴിലെ വെക്കേഷന്‍ കഴിഞ്ഞ് എട്ടിലെ ഓണപ്പരീക്ഷ എഴുതാനാണ് ഞാന്‍ സ്‌കൂളില്‍ പോയത്. അന്ന് എന്റെ കിഡ്‌നിയില്‍ കുറേ കല്ല് വന്നു. ചെറിയ കല്ലൊന്നുമല്ല, രണ്ട് സെന്റിമീറ്ററോളം വലുത്. കേരളത്തിലെ ആശുപത്രികളൊക്കെ എന്നെ എഴുതിത്തള്ളി. നേരെ വെല്ലൂര്‍ക്ക് വിട്ടു. ഞാനും അപ്പനും അമ്മയും ചേട്ടനും ചേച്ചിയും ഒക്കെ വിശ്വസിച്ചിരുന്നത് എന്റെ അവസാനം ആണെന്നാണ്. അവരുടെ കരഞ്ഞ മുഖങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്. ആ സമയത്താണ് എന്റെ ഫ്രണ്ട്‌സിനെയൊക്കെ തിരിച്ചറിയുന്നത്. വലിയൊരു അനുഭവമായിരുന്നു അത്. അന്നെനിക്ക് ഫ്രൂട്ടിയും ബിസ്‌ക്കറ്റുമൊക്കെ വാങ്ങി തന്നവരൊക്കെ ഇപ്പോഴും എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളാണ്. അവസാനം ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഏതോ ഒരു മരുന്ന് അപ്പന്റെ സമ്മതപത്രം ഒക്കെ ഒപ്പിട്ടു വാങ്ങി എന്നില്‍ കുത്തിവെച്ചു. അങ്ങനെ രക്ഷപ്പെട്ടതുകൊണ്ട് ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നു. അന്നത്തെ ആ സംഭവം ശരിക്കും എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് തന്നെയായിരുന്നു. അതിന്റെ സ്മാരകമായിട്ട് എന്റെ പിന്നില്‍ ഇപ്പോഴും ഒരു ഓട്ടയുണ്ട്. നിങ്ങള്‍ക്ക് എന്റെ സിനിമകളില്‍ ശ്രദ്ധിച്ചാലത് കാണാം. വേണമെങ്കിലത് പ്ലാസ്റ്റിക് സര്‍ജറിയൊക്കെ ചെയ്ത് മാറ്റാം. അതിന് ശ്രമിച്ചിട്ടില്ല. ഒരു നിത്യസ്മാരകമായിട്ട് അവിടെ ഇരിക്കട്ടേന്ന് വെച്ചു. 

എങ്ങനെയാണ് ആ സംഭവം ജീവിതത്തില്‍ മാറ്റം വരുത്തിയത്?

പൊതുവെ ഇന്‍ട്രോവര്‍ട്ടായിരുന്ന ഞാനൊരു എക്‌സ്ട്രാവര്‍ട്ടായി മാറിയത് അതിനു ശേഷമാണ്. ധാരാളം സൗഹൃദങ്ങളുണ്ടായി. എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിയിലൊക്കെ പങ്കെടുക്കാന്‍ തുടങ്ങി. സ്‌കൂളിലും അടിപിടിയൊക്കെ തുടങ്ങി. സൈക്കിളില്‍ സ്‌കൂളില്‍ പൊയ്‌ക്കൊണ്ടിരുന്ന ഞാന്‍ ബസിലേക്ക് യാത്രമാറ്റി. കണ്‍സഷനു വേണ്ടി അടിവെയ്ക്കാന്‍ തുടങ്ങി. സമ്മര്‍ ക്യാമ്പിലൊക്കെ പങ്കെടുത്തു. അവിടെ ബെസ്റ്റ് ക്യാംപറായി. അത് എന്നില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. അന്ന് എന്റെ മനസ്സില്‍ രൂപപ്പെട്ട ഒരു ഹീറോയിസം ഉണ്ട്. എവിടെയും ഒന്നാമനാകുക, നല്ല വൃത്തിയായി ഒരുങ്ങി നടക്കുക. വായ്‌നോട്ടം ഇല്ല, അന്നും ഇല്ല ഇന്നും ഇല്ല. അതില്‍ ഒരു 'കിക്ക്' എനിക്ക് കിട്ടിയിട്ടില്ല. ഒന്നാമനാവുക എന്നത് നിര്‍ബന്ധമായിരുന്നു. അതിനായി എത്ര വേണമെങ്കിലും പരിശ്രമിക്കുമായിരുന്നു. അങ്ങനെ സ്‌കൂളില്‍ ഒരു ഹാന്‍ഡ് ബോള്‍ ടീമുണ്ടാക്കി. സ്‌റ്റേറ്റ് ലെവലിലൊക്കെ പോയി. പിന്നെ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഞാനായിരുന്നു വിന്നര്‍. എന്റെ സ്‌കൂളില്‍ തൊണ്ണൂറു ശതമാനവും ആണ്‍കുട്ടികളായിരുന്നു. ഒരു സിനിമ പേലെയായിരുന്നു അന്നത്തെ ജീവിതം. എന്റെ ജീവിതമാകുന്ന സിനിമയിലെ ഹീറോ ഞാന്‍ തന്നെ. അങ്ങനെ തല്ലും പിടിയുമൊക്കെയായി സ്‌കൂള്‍ ജീവിതം ശരിക്കും ആസ്വദിച്ചു.

സ്‌കൂള്‍ കാലഘട്ടത്തില്‍ പ്രണയങ്ങള്‍ ഒന്നുമില്ലായിരുന്നോ?

അന്നത്തെ പ്രണയം അറിയാമല്ലോ? കൂട്ടുകാര്‍ക്കെല്ലാം ലൈനുണ്ട്, എനിക്കും വേണം. എല്ലാം വണ്‍വേയായിരുന്നു. ഒന്‍പതാം ക്ലാസ്സില്‍വെച്ചാണ് ആദ്യമായി ഒരു കുട്ടിയോട് ഇഷ്ടം തോന്നിയത്. അത് പക്ഷേ, പറഞ്ഞില്ല. പറയാന്‍ പേടിയായിരുന്നു. പത്തില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു കുട്ടിയോട് പറഞ്ഞത്. അത് വളരെ രസകരമായ ഒരു സംഭവമായിരുന്നു. 
എന്റെ കൂട്ടുകാരൊക്കെ പറയും നീ ഭയങ്കര സുന്ദരനല്ലേ, നീയൊക്കെ ഒന്നു പറയേണ്ട താമസം, ഏതു പെണ്ണും ഓ.കെ പറയും എന്നൊക്കെ. സിനിമയിലൊക്കെ കാണുന്നതും അതൊക്കെയല്ലേ. നായകന്‍ നായികയോട് ഇഷ്ടമാണെന്നു പറയും, നായിക എന്താണെങ്കിലും ഓ.കെ പറയും. ഭയങ്കര കോണ്‍ഫിഡന്‍സായിരുന്നു. എന്റെ ബാച്ചില്‍ തന്നെ പഠിച്ച ഒരു കുട്ടിയാണ്. ട്യൂഷനു പോകുന്ന വഴിക്ക് ഞാനെന്റെ സൈക്കിളില്‍ ഫോളോ ചെയ്ത് ഒപ്പം എത്തി. എനിക്കൊരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു. അപ്പോള്‍ തന്നെ ശരീരം വിറക്കാന്‍ തുടങ്ങി. മുഖപേശികളൊക്കെ വലിഞ്ഞുമുറുകി, കണ്ണിലൊക്കെ ഇരുട്ടുകയറി നില്‍ക്കുന്ന അവസ്ഥയാണ്. ആ കുട്ടിയുടെ പേരു പറഞ്ഞിട്ട് 'ഐ ലവ് യു', എന്നു പറഞ്ഞു. എങ്ങനെ അത്രയും പറഞ്ഞൊപ്പിച്ചെന്ന് എനിക്കറിയില്ല. പിന്നെ ഒന്നും ഓര്‍മ്മയില്ല. മറുപടി കിട്ടാനായി പിറ്റേ ദിവസം കുളിച്ച് കുട്ടപ്പനായി പെണ്‍കുട്ടികള്‍ സൈക്കിള്‍ വെക്കുന്ന സ്ഥലത്ത് ചെന്ന് നിന്നു. അനുകൂലമായ മറുപടി പ്രതീക്ഷിച്ചു നിന്ന എനിക്ക് മുഖത്തടിക്കുന്നതു പോലുള്ള മറുപടിയാണ് കിട്ടിയത്. 'ഇഷ്ടമല്ലെന്നു പറഞ്ഞാല്‍ പിന്നേം പുറകെ നടന്ന് ശല്യപ്പെടുത്തണോ?' ശരിക്കും തകര്‍ന്നുപോയി. അപ്പോള്‍ തന്നെ അത് കട്ട് ചെയ്തു. അന്ന് 'ക്രോണിക് ബാച്ചിലര്‍' സിനിമയിറങ്ങിയ സമയമാണ്. അന്നൊരു ദൃഢനിശ്ചയമെടുത്തു, 'ഇനി എന്റെ ജീവിതത്തില്‍ ഒരു പെണ്ണില്ല, ഫുള്‍സ്‌റ്റോപ്പ്.'

വീണ്ടും പ്രണയിച്ചില്ലേ?

പിന്നേ... പത്താം ക്ലാസ്സില്‍ ഞാന്‍ ഹൈ ഡിസ്റ്റിംഗ്ഷനോടെ പാസ്സായി. പിന്നെ സ്‌കൂള്‍ മാറി. വീടിന്റെ കുറച്ചുകൂടി അടുത്തായിരുന്നു അത്. പക്ഷേ, അവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യമായിരുന്നു. ഒരു ഇരുപത്തഞ്ചു ആണും അത്രതന്നെ പെണ്ണും. പക്ഷേ, ഞങ്ങളൊന്നും പെണ്‍കുട്ടികളെ ഫേയ്‌സ് ചെയ്യാന്‍ പഠിച്ചിട്ടുണ്ടായിരുന്നില്ല. 'അയ്യേ, പെണ്ണുങ്ങളോട് സംസാരിക്കാനോ? വേറെ പണിയില്ലേ' ആ ഒരു സ്‌റ്റൈലാണ്. പ്ലസ്റ്റുവില്‍ മലയാളം ക്ലാസ്സും ഹിന്ദിക്ലാസ്സും വേറെ വേറെയാണ് ഇരുത്തുന്നത്. അങ്ങനെ ആദ്യത്തെ മലയാളം ക്ലാസ്സില്‍ ടീച്ചര്‍ എല്ലാവരോടും അക്ഷരമാല എഴുതാന്‍ പറഞ്ഞു. അക്ഷരമാല എഴുതിത്തീര്‍ന്നപ്പോള്‍ എനിക്കൊരു കണ്‍ഫ്യൂഷന്‍. 'യരലവശഷസഹ' ആണോ 'ക്ഷ,ത്ര,ങ്ങ' ആണോന്ന്. ഹിന്ദിയും മലയാളവും തമ്മിലുള്ള കണ്‍ഫ്യൂഷന്‍. അങ്ങനെ നോക്കുമ്പോള്‍ അടുത്ത ബഞ്ചില്‍ ഒരു പെണ്‍കുട്ടി മാത്രം എഴുതിക്കഴിഞ്ഞ് പേനയും അടച്ച് എന്തോ ആലോചിച്ചിരിക്കുന്നു. എനിക്ക് തോന്നി, 'കൊള്ളാലോ കുട്ടി'. കാണാനും കൊള്ളാം. 
പതുക്കെ അവളുടെ കൈയില്‍നിന്നും കോപ്പിയടിക്കാന്‍ ബുക്കു വാങ്ങി. എനിക്കിഷ്ടപ്പെട്ടു, നേരിട്ട് പ്രൊപ്പോസു ചെയ്യാന്‍ ഒരു മടി. ഒരുത്തനെ ഹംസം ആക്കി കാര്യം അവതരിപ്പിച്ചു. റെഡ് സിഗ്‌നല്, വീട്ടില് പറയും എന്നൊരു ഭീഷണിയും. നേരെ യൂ ടേണെടുത്ത് ഫ്രണ്ടാക്കി. അന്ന് ബസില്‍ കണ്‍സഷനു വേണ്ടി അടിയുണ്ടാക്കുന്നതൊക്കെ ബോറടിച്ചിരിക്കുന്ന സമയമാണ്. അങ്ങനെ അവളുടെ കൂടെ നടപ്പാരംഭിച്ചു. പ്ലസ്ടു അവസാനം ഒക്കെയായപ്പോഴേക്കും റൂട്ട് ക്ലിയറായി. വീട്ടിലൊന്നുമറിയാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

ആ പ്രണയം എന്തായി? പിന്നീടുള്ള ലൈഫ് എങ്ങനെ?

പ്രണയം അവിടെ നില്‍ക്കട്ടെ. ആദ്യം കോളേജ് അനുഭവങ്ങള് പറയാം. പ്ലസ്ടുവിന് പ്രേമിച്ചു നടന്നതുകൊണ്ട് എന്‍ട്രന്‍സ് എക്‌സാമില്‍ ഞാന്‍ ഡിസ്‌ക്വാളിഫൈഡ് ആയി. അന്ന് അച്യുതാനന്ദന്‍ സര്‍ക്കാര്‍ വന്ന് അങ്ങനെയുള്ളവരെയൊന്നും എന്‍ജിനീയറിംഗിന് എടുക്കേണ്ടെന്ന് പറഞ്ഞു. നേരെ കോയമ്പത്തൂരിലുള്ള തമിഴ്‌നാട് കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനു ചേര്‍ന്നു. ചേട്ടന്‍ എന്‍ജിനീയറിംഗായിരുന്നു, ഞാനും എന്‍ജിനീയറിംഗ്, ചേട്ടന്‍ ഇലക്ട്രോണിക്‌സ് എടുത്തു ഞാനും അതെടുത്തു. അന്ന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലൊക്കെ പോയി സിനിമ പഠിക്കണമെന്ന് പറയാന്‍ പറ്റില്ലായിരുന്നു. പറഞ്ഞായിരുന്നെങ്കില്‍ എനിക്ക് ഭ്രാന്താണെന്ന് നാട്ടുകാര്‍ പറഞ്ഞേനെ. 

എങ്ങനെയായിരുന്നു കോളേജ് ? റാഗിംഗ് ഒക്കെ എങ്ങനെ?

ജീവിതം പഠിപ്പിച്ചത് ശരിക്കും ആ കോളേജാണ്. കോളേജ് ഹോസ്റ്റലിലായിരുന്നില്ല താമസം. സുഹൃത്തുക്കളുമൊത്ത് വീടെടുത്തു. റാഗിംഗ് അനുഭവിച്ചിട്ടില്ല. ചേട്ടന്‍ കുറച്ച് ടിപ്‌സ് ഒക്കെ തന്നിരുന്നു. പേര് ചോദിച്ചാല്‍ പിന്‍കോഡ് സഹിതം പറയുക. പാട്ട് പാടാന്‍ പറഞ്ഞാല്‍ പാടുക. അവര്‍ക്ക് അപ്പോള്‍ തോന്നും ഇവന്‍ കുറേ റാഗിംഗ് കിട്ടിയതാണെന്ന്, വിട്ടേക്കാം എന്ന്. അങ്ങനെ രക്ഷപ്പെട്ടു. പിന്നെ സീനിയേഴ്‌സുമായി ഭയങ്കര കമ്പനിയായിരുന്നു.

മോശം അനുഭവം വല്ലതും ഉണ്ടായോ ?

അതൊരു ഭീകരകഥയാണ്. ആദ്യത്തെ വെക്കേഷന്‍ ഞാനും ഫ്രണ്ട്‌സും കൂടി നാട്ടിലേക്ക് പോന്നു. വാടക കൊടുക്കുന്ന കാര്യം അന്നത്തെ ആവേശത്തില്‍ മറന്നുപോയിരുന്നു. തിരിച്ച് ചെല്ലുമ്പോള്‍ പെട്ടിയും കിടക്കയുമെല്ലാം ഹൗസ് ഓണര്‍ എടുത്ത് മുറ്റത്ത് ചെളിയില്‍ ഇട്ടിരുന്നു. എന്റെ കാമുകി എനിക്ക് തന്ന പ്രണയലേഖനങ്ങളുള്‍പ്പെടെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം ചെളിയില്‍. എന്റെ പതിനേഴാമത്തെയോ പതിനെട്ടാമത്തെയോ വയസ്സില്‍ കോയമ്പത്തൂര്‍ പോലൊരു സിറ്റിയില്‍ രാത്രി കിടക്കാനൊരിടമില്ലാത്ത അവസ്ഥ. എനിക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. അന്ന് രാത്രി കൂട്ടുകാരുടെയൊക്കെ റൂമില്‍ ചെന്ന് തട്ടിയിട്ട് 'പ്ലീസ് എന്നെക്കൂടെ കൂട്ടുമോ' എന്ന് ചോദിക്കും. അങ്ങനൊക്കെ സാഹചര്യങ്ങള്‍ നേരിട്ടിട്ടുള്ളതുകൊണ്ട് ജീവിതത്തില്‍ പിന്നീട് ഒരുപാട് ഗുണം ചെയ്തു.
കോളേജിലുണ്ടായിരുന്ന ഗാംഗ് വാറുകള്, യാത്രകള്‍ എല്ലാം ആസ്വദിച്ചു. അടി അന്നും കൊടുത്തു തന്നെയാണ് ശീലം. പിന്നെ ആകെ പ്രശ്‌നം വരുന്നത് പൊലീസ് വരുമ്പോഴാണ്. പൊലീസ് ഓടിച്ച് ഞാന്‍ താമസിക്കുന്ന സ്ഥലത്തെ ഇടവഴികളൊക്കെ മനഃപാഠമായി. ഇടയ്ക്ക് ഊട്ടിയിലൊക്കെ പോയി കറങ്ങി വരാറുണ്ട്. കോളേജിലും ഹാന്‍ഡ് ബോള്‍ ടീമൊക്കെ ഉണ്ടാക്കി സ്‌റ്റേറ്റ് വിന്നേഴ്‌സ് ആയിട്ടുണ്ട്. 

കോളേജില്‍ പ്രണയമൊന്നുമില്ലായിരുന്നോ?

അതൊരു സംഭവമാണ്. എന്റെ പ്ലസ്ടു കാമുകി ഒരു വര്‍ഷം റിപ്പീറ്റ് ഒക്കെയടിച്ച് നേരെ കോയമ്പത്തൂര്‍ക്ക് വണ്ടി കയറി. കോയമ്പത്തൂര്‍ എനിക്ക് അന്ന് പാരീസായിരുന്നു. ആരും നിയന്ത്രിക്കാനില്ലാതെ ഞങ്ങള്‍ നന്നായി പ്രണയിച്ചു. എനിക്കന്ന് ബാലന്‍സ് ചെയ്യണമായിരുന്നു, കൂട്ടുകാരേയും കാമുകിയേയും. ഫ്രണ്ട്‌സിന്റെ സൗഹൃദവും യാത്രകളും കളയാതെ ഞാന്‍ പ്രണയിച്ചു. പ്രണയത്തിനിടയ്ക്കു ഫ്രണ്ട്‌സിനോടൊപ്പമുള്ള ചില യാത്രകള്‍ മിസ് ചെയ്തു. പക്ഷേ, രണ്ടും ഞാനാസ്വദിച്ചു.

വീട്ടിലറിഞ്ഞില്ലേ?

അപ്പനിഷ്ടമില്ലാതിരുന്ന മൂന്നു കാര്യങ്ങളില്‍ ഒന്ന് പ്രണയമായിരുന്നു. ചേട്ടനും ചേച്ചിക്കും എല്ലാമറിയാമായിരുന്നു. മൂന്നാം വര്‍ഷം പഠിക്കുമ്പോഴാണ് വീട്ടില്‍ അറിയുന്നത്. അപ്പന്‍ വക്കീലായതുകൊണ്ട് ഒരു കോടതിമുറി വിചാരണയായിരുന്നു. എല്ലാവരേയും നിരത്തി നിര്‍ത്തി. ചേട്ടനും ചേച്ചിയും അമ്മയും കാഴ്ചക്കാര്‍. അന്ന് അപ്പന്‍ പറഞ്ഞു: 'നിനക്കിപ്പോള്‍ കല്യാണപ്രായമൊന്നും ആയിട്ടില്ല. പ്രായമാകുന്ന സമയത്ത് അങ്ങനെയൊരു ഇഷ്ടമുണ്ടെങ്കില്‍ അന്നു നോക്കാം. കല്യാണം കഴിച്ച് ആരെ കൊണ്ടുവന്നാലും അവളെന്റെ മകളാണ്. പിന്നെ പ്രേമിച്ച് കല്യാണം കഴിച്ചാല്‍ സ്വത്തിന്റെ പാതി തരില്ലെന്നു പറയുന്ന ഒരു വില്ലന്‍ തന്തയൊന്നുമല്ല ഈ അപ്പന്‍.' അപ്പന്‍ നിലപാട് വ്യക്തമാക്കി. പിന്നെ അതിന്മേല്‍ ചര്‍ച്ചയില്ല. എനിക്ക് പ്രേമിച്ച് കെട്ടണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, കേരളത്തില്‍ ഇന്നും പ്രണയവിവാഹം എന്നു പറഞ്ഞാല്‍ പത്തില്‍ പത്തു പൊരുത്തമുണ്ടെന്നു പറഞ്ഞാലും സമ്മതിക്കില്ല. ഞങ്ങള്‍ക്കു ശരിക്കും കല്യാണം കഴിക്കാന്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പ്രണയമായിപ്പോയി എന്നത് മാത്രമായിരുന്നു പ്രശ്‌നം. എന്റെ വീട്ടിലെക്കാള്‍ പ്രശ്‌നം കാമുകിയുടെ വീട്ടിലായിരുന്നു.

പിന്നീടെന്തു സംഭവിച്ചു?


അത്രേം മതി (ചിരി)

സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

സിനിമ ശരിക്കും ഒരു പാഷനായിരുന്നു. അപ്പനും അമ്മയും ഒരു സിനിമപോലും വിടാതെ തീയേറ്ററില്‍ പോയി കാണുമായിരുന്നു. ഞങ്ങള്‍ കുട്ടികളായതിനു ശേഷമാണ് അതിന് ഇടവേളകള്‍ ഉണ്ടായത്. എങ്കിലും വി.സി.ആര്‍ കാലഘട്ടത്തിലൊക്കെ കാസറ്റ് വാടകയ്ക്ക് കൊണ്ടുവരും. ഞാനും ചേട്ടനുമൊക്കെ റിപ്പീറ്റടിച്ച് കാണും. സി.ഡി. ആയതിനുശേഷം സി.ഡി വാങ്ങാന്‍ തുടങ്ങി. അങ്ങനെ സിനിമ ശരിക്കും എന്നോടൊപ്പമുണ്ടായിരുന്നു. പഠിച്ചിറങ്ങിയ ഉടനെ സി.ടി.എസില്‍ ജോലി കിട്ടി. ജാവ സെലക്ടര്‍ ആയിട്ട്. അവിടെ ഒരു വര്‍ഷം തികഞ്ഞപ്പോള്‍ സിനിമ ജീവിത ലക്ഷ്യമായെടുത്തു രാജിവെച്ചു. അപ്പന്‍ രണ്ടാമത് വിലക്കിയിരുന്ന കാര്യമാണ് സിനിമ.

മോഡലിംഗിലൂടെയാണോ സിനിമയിലെത്തിയത്?

അല്ല. മോഡലിംഗ് ഒക്കെ ചില്ലറയ്ക്ക് വേണ്ടി ചെയ്ത പൊടിക്കൈകളാണ്. ചാന്‍സ് പലരോടും ചോദിച്ചിട്ടുണ്ട്. പിന്നീട് സിനിമ അങ്ങനെയല്ല എന്ന് മനസ്സിലായപ്പോള്‍ നിര്‍ത്തി. സിനിമ എന്നതു ശരിയായ സ്ഥലത്ത് ശരിയായ ആള്‍ക്കാര്‍ ഒത്തുകൂടുമ്പോള്‍ സംഭവിക്കുന്ന ഒന്നാണ്. 'പ്രഭുവിന്റെ മക്കള്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. 'തീവ്രം' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി. പിന്നെ കുറേയേറെ സിനിമകള്‍ ചെയ്തു. 'എ.ബി.സി.ഡി', 'എന്ന് നിന്റെ മൊയ്തീന്‍', 'ഒരു മെക്‌സിക്കന്‍ അപാരത', 'ഗോദ', ഇപ്പോള്‍ 'മായാനദി'. തമിഴിലും കുറേയുണ്ട്. ധനുഷിന്റെ വില്ലനായി 'മാരി2'ല്‍ അഭിനയിക്കാന്‍ പോകുന്നു. 

സിനിമ സംവിധാനം ചെയ്യുമോ?

അതിപ്പോള്‍ പറയാന്‍ പറ്റില്ല. പക്ഷേ, ഒരു കാര്യം ഉറപ്പു പറയാം. ഞാനൊരു സിനിമ സംവിധാനം  ചെയ്യുകയാണെങ്കില്‍ അതൊരു കൂതറ സിനിമ ആയിരിക്കുകയില്ല.

നായകനായി തിളങ്ങുമ്പോള്‍ വില്ലന്‍ വേഷങ്ങളിലേക്കു പോകുമ്പോള്‍ പ്രശ്‌നമില്ലേ?

ഒരു നടന് അഭിനയിക്കാന്‍ സാധ്യതയുള്ള എല്ലാ വേഷങ്ങളും ഞാന്‍ ചെയ്യും. ചിലപ്പോള്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്കായിരിക്കും അഭിനയസാധ്യത കൂടുതല്‍. ഞനൊന്നും സംവിധായകന്റെ കയ്യിലെ കളിപ്പാവയാണ്. സംവിധായകന് എന്നെ അടിയറ വെക്കാറാണ് പതിവ്. മികച്ച സംവിധായകന്‍ മികച്ച രീതിയില്‍ എന്നെ ഉപയോഗപ്പെടുത്തും. അത്ര തന്നെ. എല്ലാ സെറ്റുകളിലും എനിക്ക് ലഭിച്ചിരുന്നത് മികച്ച ക്രൂവാണ്. അതിനാല്‍ ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. വളരെ ആസ്വദിച്ചാണ് ഞാന്‍ സിനിമകള്‍  ചെയ്യാറുള്ളത്.

സിനിമയ്ക്കു വേണ്ടിയാണോ 'ബോഡി ബില്‍ഡിംഗ്' തുടങ്ങിയത് ?

അല്ല, അപ്പന്‍ നിരോധിച്ച മൂന്നാമത്തെ കാര്യമാണ് ബോഡി ബില്‍ഡിംഗ്. അപ്പന്റെ കൂട്ടുകാരൊക്കെ പറഞ്ഞിരുന്നു, അതിനു പോയാല്‍ ഉയരം വെക്കില്ല, ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നൊക്കെ. ഞാന്‍ നിരാഹാരം കിടന്നിട്ടാണ് അവസാനം സമ്മതിപ്പിച്ചത്. പിന്നെ ഞാന്‍ മിസ്റ്റര്‍ തൃശൂര്‍ മത്സരത്തിലൊക്കെ പങ്കെടുക്കുമ്പോള്‍ അപ്പന്‍ വളരെ ആവേശത്തോടെ അറുപത് മുട്ടയൊക്കെ ലേലം പിടിച്ച് കൊണ്ടുവന്നിട്ടുണ്ട്. പിന്നീട് മിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു.

മറ്റെന്തൊക്കെയാണ് ഹോബികള്‍?

പ്രധാന ഹോബി സിനിമ തന്നെ. വായന, ഫോട്ടോഗ്രാഫിയൊക്കെ ഇഷ്ടമാണ്. ഫോണില്‍ ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള വിനോദമാണ് ഫോട്ടോഗ്രാഫി. എന്‍ജിനീയറിംഗ് സമയത്താണ് ഞാന്‍ ഗൗരവമായി വായിച്ചു തുടങ്ങുന്നത്. മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'മാണ്. ഖാലിദ് ഹൊസൈനിയുടെ മൂന്നു നോവലുകള്‍ 'ദി കൈറ്റ് റണ്ണര്‍', 'എ തൗസന്റ് സ്പ്ലന്‍ഡിഡ് സണ്‍സ്', 'ആന്റ് ദി മൗണ്ടന്‍സ് എക്കോ'. ഇതു മൂന്നുമാണ് ഫേവറൈറ്റുകള്‍. വായിക്കുമ്പോള്‍ ഞാനാണതിലെ നായകന്‍. അമീഷിന്റെ ശിവ ട്രയോളജിയിലെ ഒന്നും രണ്ടും ബുക്കുകള്‍ വായിച്ചു തീര്‍ന്നതിനു ശേഷമാണ് ഞാന്‍ ഹരിദ്വാര്‍, ഋഷികേശ്, കൈലാസം ട്രിപ്പ് പോയത്. െ്രെഡവിംഗ് എനിക്കൊരു ക്രേസ് അല്ലാത്തതിനാല്‍ ഞാന്‍ കൂടുതലും യാത്രകള്‍ക്കു പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ആണ് ഉപയോഗിക്കുന്നത്. അങ്ങനെ ട്രെയിനില്‍ ഇരിക്കുമ്പോളാണ് അതിലെ മൂന്നാമത്തെ പുസ്തകമായ 'ദി ഓത്ത് ഓഫ് ദി വായുപുത്രാസ്' വായിക്കുന്നത്. അതില്‍ നായിക കൊല്ലപ്പെടുന്ന സമയത്ത് എനിക്ക് സഹിക്കാന്‍ പറ്റാഞ്ഞിട്ട് പുസ്തകം മടക്കിവെച്ച് എ.സി. കംപാര്‍ട്ട്‌മെന്റിന് ഇടയ്ക്കുള്ള ഗ്യാപ്പില്‍ പോയി തല പുറത്തേക്കിട്ട് അലറി കരഞ്ഞിട്ടുണ്ട്. പുസ്തകങ്ങള്‍ അത്രമാത്രം എന്നെ സ്വാധീനിക്കാറുണ്ട്. 
മലയാള സിനിമകളില്‍ ഏതെങ്കിലും എടുത്തു പറഞ്ഞാല്‍ അതു മറ്റു സിനിമകളോട് ചെയ്യുന്ന നീതികേടായിരിക്കും. സിനിമയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഷോണ്‍ പെന്‍ സംവിധാനം ചെയ്ത 'ഇന്‍ടു ദി വൈല്‍ഡ്' ആണ്. അതും പുസ്തകങ്ങള്‍ വായിക്കുന്നതു പോലെ കണക്ട് ചെയ്യാന്‍ പറ്റിയ സിനിമയാണ്. മോള്‍ ജനിച്ചതിനു ശേഷം വായന കുറഞ്ഞു. രാത്രി ലൈറ്റിട്ടിരുന്നാല്‍ അവള്‍ക്കു ബുദ്ധിമുട്ടല്ലേ. കിട്ടുന്ന ഇടവേളയിലൊക്കെ വായിക്കാറുണ്ട്.

എങ്ങനെയാണ് ഇത്ര സ്‌റ്റൈലിഷ് ആകുന്നത്? 

എന്റെ ഏറ്റവും നല്ല സൗന്ദര്യസംരക്ഷണം എന്നത് ഉറക്കമാണ്. ഉറക്കമൊഴിവാക്കി ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കില്ല. വര്‍ക്കിനു വേണ്ടിയൊക്കെ ഉറക്കമിളക്കാറുണ്ട്. പക്ഷേ, അത് കോമ്പന്‍സേറ്റ് ചെയ്യാന്‍ കിട്ടുന്ന ഗ്യാപ്പിലെല്ലാം ഉറങ്ങും. പെട്ടെന്നുറങ്ങുന്ന സ്വഭാവമായതിനാല്‍ എവിടെ കിടന്നും ഉറങ്ങും. പിന്നെ കുളിക്കും. പിന്നെന്താ പാരമ്പര്യമായി കഷണ്ടിയുണ്ട്. അതുള്ള മുടിയൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യും. 

എന്തൊക്കെയാണ് സൗന്ദര്യ സംരക്ഷണത്തിന് ചെയ്യുന്നത്?

ആഴ്ചയിലൊരിക്കല്‍ തലയില്‍ ഓയില്‍ മസാജ് ചെയ്യാറുണ്ട്. വര്‍ക്കൗട്ട് ചെയ്യുന്നതിനാല്‍ സ്‌കിന്നിന് പ്രത്യകിച്ചൊന്നും ചെയ്യാനില്ല. വസ്ത്രധാരണത്തില്‍ ജീന്‍സും ടീഷര്‍ട്ടുമാണ് എനിക്കിഷ്ടം. വീട്ടിലാണെങ്കില്‍ ത്രീഫോര്‍ത്തും ടീഷര്‍ട്ടും. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഡ്രസ്സിംഗ്. ബ്രാന്‍ഡഡ് വസ്ത്രങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇന്ന ബ്രാന്‍ഡ് എന്നൊന്നുമില്ല, എനിക്ക് കംഫര്‍ട്ടബിളായ എന്ത് ഡ്രസ്സും ഞാനുപയോഗിക്കും. ആക്‌സസറീസിനോട് പ്രത്യേകിച്ച് കമ്പമൊന്നുമില്ല. ഫോണ്‍ ഐഫോണ്‍ എക്‌സ് ആണ്. എന്റെ എല്ലാ കാര്യങ്ങളും അതില്‍ നടക്കും, ഫോട്ടോഗ്രാഫി ഉള്‍പ്പെടെ.

യാത്രകള്‍, ഫുഡ്, ഡെസ്റ്റിനേഷന്‍സ്?

തിരിഞ്ഞു കടിക്കാത്ത എന്തും കഴിക്കും. ചിക്കനാണ് ഇഷ്ടവിഭവം. പണ്ടുമുതലേ ചിക്കന്‍ ഒരു വീക്കനെസ് ആണ്. പുതിയ രുചികളും പുതിയ വെറൈറ്റികളും പരീക്ഷിക്കാന്‍ ഇഷ്ടമാണ്. യാത്രയും വളരെയേറെ ഇഷ്ടമാണ്. ലോകം മുഴുവന്‍ ചുറ്റിനടന്നു കാണാനാണിഷ്ടം. ഒരു സ്ഥലത്തു പോയാല്‍ ആ സംസ്‌കാരവുമായി ഇടകലര്‍ന്ന് അവിടുത്തെ ഭക്ഷണമൊക്കെ ടേസ്റ്റ് ചെയ്ത് അങ്ങനെ ജീവിച്ച് തിരിച്ചുപോരും. പുതിയ സ്ഥലങ്ങള്‍, പുതിയ രുചികള്‍, പുതിയ സംസ്‌കാരങ്ങള്‍... അതാണെന്റെ ക്രേസ്.

ഈശ്വരവിശ്വാസിയാണോ?

എനിക്ക് കിഡ്‌നി സ്‌റ്റോണ്‍ വന്നപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. അസുഖം മാറിയില്ല. പ്രാര്‍ത്ഥിക്കുക എന്നതിനെക്കാള്‍ പോസിറ്റീവായിരിക്കുക എന്നതാണ്. നല്ലതു ചിന്തിക്കുക, നല്ലത് പ്രവര്‍ത്തിക്കുക, നല്ലത് ആഗ്രഹിക്കുക. ആള്‍ക്കാരോട് നന്നായിട്ട് പെരുമാറുന്നതാണ് ഏറ്റവും നല്ല പ്രാര്‍ത്ഥന എന്നാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. പക്ഷേ, അതുമാത്രം ചെയ്യാതെ ബാക്കി കുറേ അമ്പലങ്ങളിലും പള്ളികളിലും പോയി പ്രാര്‍ത്ഥിച്ചിട്ട് വലിയ കാര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.  

ആരാധികമാരുടെ പ്രണയലേഖനങ്ങള്‍ സോഷ്യല്‍മീഡിയ വഴിയോ അല്ലാതെയോ വരാറുണ്ടോ?

ഇപ്പോള്‍ പഴയ കാലമല്ലല്ലോ. ഞാനൊരു നടന്‍ മാത്രമാണെന്നും സിനിമയില്‍ കാണുന്നതല്ല എന്റെ ക്യാരക്ടര്‍ എന്നും മനസ്സിലാക്കാന്‍ കഴിവുള്ള പെണ്‍കുട്ടികളാണ് ഇപ്പോഴുള്ളത്. നല്ല സിനിമയാണ്, ആ ക്യാരക്ടര്‍ ഇഷ്ടപ്പെട്ടു എന്നതു പോലുള്ള മെസ്സേജുകളൊക്കെ വരാറുണ്ട്. സോഷ്യല്‍ മീഡിയയിലും ഞാന്‍ വളരെ ഒതുങ്ങി എന്റെ സര്‍ക്കിളില്‍ മാത്രം ജീവിക്കുന്ന ഒരാളാണ്. ഇന്‍സ്റ്റാഗ്രാം ആണ് കൂടുതലിഷ്ടം. അതില്‍ കാഴ്ചകളൊക്കെ കണ്ടിരിക്കാമല്ലോ.

അപ്പന്‍ സ്ട്രിക്റ്റ് ചെയ്ത മൂന്നു കാര്യങ്ങള്‍ എങ്ങനെ മറികടന്നു?

അപ്പന്‍ സ്ട്രിക്റ്റ് ചെയ്ത കാര്യങ്ങള്‍ ഞാന്‍ ചെയ്‌തെങ്കിലും അത് അപ്പനെക്കൊണ്ട് തിരുത്തിപ്പറയിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്തു. എന്‍ഗേജ്‌മെന്റിന്റെ തലേന്ന് സ്‌റ്റേജില്‍വച്ച് എല്ലാവരോടുമായി ഇക്കാര്യം പറഞ്ഞു. ബോഡി ബില്‍ഡിംഗില്‍ ഞാന്‍ മിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയായി. വേറെ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ഞാനത് തെളിയിച്ചു. രണ്ടാമത്തെ കാര്യം സിനിമ. എന്റെ കല്യാണം നടക്കുമ്പോള്‍ 'എന്നു നിന്റെ മൊയ്തീന്‍' ഷൂട്ട് നടക്കുകയാണ്. സിനിമയിലും എന്റേതായ സ്ഥാനം ഞാന്‍ കണ്ടെത്തിയിരുന്നു.

മൂന്നാമത്തെ കാര്യം പ്രണയമായിരുന്നല്ലോ. അതെങ്ങനെ സാധിച്ചു. വീണ്ടും പ്രണയിച്ചോ?

ഞാന്‍ പ്രേമിച്ച പ്ലസ്ടുക്കാരി പെണ്ണില്ലേ, അവളാണെന്റെ മോളുടെ അമ്മ. എന്റെ പ്രണയ സഖി, എന്റെ ജീവിതപങ്കാളി, ലിഡിയ. 


കേരളത്തില്‍ സദാചാരം ഒരു പ്രശ്‌നമാണല്ലോ, സ്ത്രീകളുടെ വസ്ത്രധാരണം ഉള്‍പ്പെടെ, ലെഗിന്‍സ് ഒക്കെ വളരെയധികം വിമര്‍ശിക്കപ്പെട്ട വസ്ത്രമാണ്. എന്താണ് അഭിപ്രായം ?

നമ്മുടെ മുന്‍പുണ്ടായിരുന്ന, നമ്മുടെ അതേ ബ്രെയിന്‍ കപ്പാസിറ്റികള്‍ ഒക്കെയുണ്ടായിരുന്ന, ഹോമോസാപ്പിയന്‍സ് എന്നു വിളിക്കുന്ന അവരൊക്കെ തന്നെയാണല്ലോ ഈ സൊസൈറ്റി ഉണ്ടാക്കിവെച്ചിരിക്കുന്നത്. അപ്പോള്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ മനുഷ്യരാശിയുടെ ഉല്‍ഭവം. ഒന്നും അത്ര പഴക്കമില്ല. ആറായിരം വര്‍ഷം പഴക്കമേയുള്ളൂ ഏറ്റവും പുരാതന മതത്തിന്. അതിനും മുന്‍പുള്ള ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ മനുഷ്യന്‍ എന്തു ചെയ്തു? അപ്പോള്‍ അങ്ങോട്ടമിങ്ങോട്ടും സ്‌നേഹിച്ച്, റെസ്‌പെക്ട് ചെയ്ത്, മറ്റൊരുത്തന്റെ മൂക്കിന്റെ തുമ്പത്ത് നമ്മുടെ സ്വാതന്ത്ര്യം തീരുകയാണെന്ന് മനസ്സിലാക്കി, എല്ലാവര്‍ക്കും അവനവന്റേതായ വ്യക്തിത്വം ഉണ്ടെന്നും അവരവര്‍ക്കു സ്വയം ചിന്തിക്കുവാനുള്ള ശേഷി ഉണ്ടെന്നും അവര്‍ക്കൊക്കെ അവരു ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നും ഇനിയും അവരു ചെയ്യുന്നത് തെറ്റാണെന്ന് നമുക്ക് തോന്നിയാല്‍ അവര്‍ക്കു വേദനിക്കാത്ത രീതിയില്‍ അത് പറയുകയും ചെയ്യുക. അല്ലാതെ ഒരാളെ ഒന്നിനും ഫോഴ്‌സ് ചെയ്യാതെ അവരവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ. ഈ പറയുന്നതുപോലെ ലെഗിന്‍സ് എന്നു പറഞ്ഞാല്‍ നമ്മുടെ ആദിമ മനുഷ്യന്‍ ഇവിടെ പച്ചിലയാണ് ഉടുത്തോണ്ടു നടന്നിരുന്നത്. അന്ന് ഈ സദാചാര പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ. അവരും മനുഷ്യരായിരുന്നില്ലേ. വളരെ സിംപിളായിട്ടുള്ള ലൈഫിനെ എല്ലാവരും കൂടെ വല്ലവന്റേം കാര്യം നോക്കി നടന്ന് കോംപ്ലിക്കേറ്റഡ് ആക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. അത് ആരും റെസ്ട്രിക്റ്റ് ചെയ്യേണ്ട. നമ്മള്‍ ഇല്ലാത്ത കാര്യങ്ങള്‍, എഴുതിവെച്ചിട്ടില്ലാത്ത കാര്യങ്ങള്‍ പോലും അല്ലെങ്കില്‍ എഴുതിവെച്ചിട്ടുള്ള പല കാര്യങ്ങളേയും തെറ്റിദ്ധരിപ്പിച്ചു ആള്‍ക്കാരെ റെസ്ട്രിക്റ്റ് ചെയ്ത്... അതൊക്കെ ഭയങ്കര മോശമാണ്. ഇവിടെ എല്ലാവര്‍ക്കും ഒരു ജീവിതമേയുള്ളൂ. അത് അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.

മോളുമായിട്ടുള്ള ഇടപെടലുകള്‍ എങ്ങനെയാണ്?

ഷൂട്ടിംഗിന്റെ ഇടവേളകളിലാണ് മോളുമായിട്ട് ഇടപഴകാന്‍ പറ്റുന്നത്. അവളെ കാണുമ്പോള്‍ എന്റെ കുട്ടിക്കാലത്തൊക്കെ ഇത്രയും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന അസൂയ തോന്നാറുണ്ട്. അവള്‍ക്ക് ടി.വി.യും മൊബൈലും ഒന്നും വേണ്ട. ചേട്ടന്റേയും ചേച്ചിയുടേയും കുട്ടികളുമായി പറമ്പിലൊക്കെ കളിച്ചു നടക്കുകയാണ്. ഞങ്ങള്‍ അവളുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താറില്ല. അവള്‍ വീഴും, മുറിവു പറ്റും, നമുക്ക് വേദനിക്കും. പക്ഷേ, അവളെ പൂട്ടിയിടാന്‍ ഞാന്‍ തയ്യാറല്ല. അവള്‍ അവളുടേതായ ലോകത്ത് സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ.

സ്ത്രീ വിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ല എന്ന തീരുമാനം വല്ലതും എടുത്തിട്ടുണ്ടോ?

എന്താണ് ഈ സ്ത്രീവിരുദ്ധ സിനിമ? സിനിമ, പാട്ട് ഇതൊക്കെ ഒരു കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ്. ഒരു സിനിമ, അതൊരു സിനിമ എന്ന നിലയില്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ചാല്‍ ഞാനത് ചെയ്യും. സ്ത്രീവിരുദ്ധത ഒരു കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്ന്‍മെന്റായിട്ട്  'ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്നു പറയുന്നതുപോലെ' സ്ത്രീ വിരുദ്ധത കുത്തിക്കേറ്റുന്നതിനോട് എനിക്ക് യോജിപ്പില്ല. നേരെമറിച്ച് ഒരു സിനിമയ്ക്കാവശ്യമുള്ള സ്ത്രീവിരുദ്ധമായ ഒരു സീനുണ്ടെങ്കില്‍ ആ സ്‌ക്രിപ്റ്റ് ആവശ്യമുണ്ടെന്നു തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. 
പക്ഷേ, അങ്ങനെ വരുന്ന സിനിമകളില്‍ സ്വാഭാവികമായും അത് പൊളിറ്റിക്കലി കറക്ട് ചെയ്യുന്ന ഒരു സീന്‍കൂടി അതിനുണ്ടാകും. ഉദാഹരണത്തിന്, മംഗലശ്ശേരി നീലകണ്ഠന്‍ ഭാനുവിനോട് ചെയ്തതിന് അയാള്‍ തിരിച്ചും ചെയ്യുന്നില്ലേ. അപ്പോള്‍ അത് കറക്ടായില്ലേ? സ്ത്രീവിരുദ്ധ സിനിമ എന്നുപറഞ്ഞ് മലയാളത്തില്‍ ആരും ഉണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നമുക്കെല്ലാവര്‍ക്കും അമ്മയുണ്ട്, പെങ്ങളുണ്ട്, ഭാര്യയുണ്ട്, മകളുണ്ട്. എല്ലാവര്‍ക്കും സ്ത്രീകളോട് സ്‌നേഹവുമുണ്ട്. എന്തുവന്നാലും അമ്മയില്ലാത്ത ആള്‍ക്കാര്‍ ഇല്ലല്ലോ. 
എന്റെ ഒരു സര്‍ക്കിളില്‍ സ്ത്രീവിരുദ്ധ സിനിമകള്‍ ചെയ്യുന്നതോ സ്ത്രീകളെ ഉപദ്രവിക്കുന്നതോ ഞാന്‍ കാണുന്നില്ല. അങ്ങനെ കാണുകയാണെങ്കില്‍ ആരാണോ ഉപദ്രവിക്കപ്പെടുന്നത് അവരോടൊപ്പമായിരിക്കും ഞാനും. ആണുങ്ങളാണ് ഉപദ്രവിക്കപ്പെടുന്നതെങ്കില്‍ അവരോടൊപ്പവും നില്‍ക്കണ്ടേ. അത്രേയുള്ളു. എനിക്കീ സിമ്മട്രി ഭയങ്കര പ്രധാനമാണ്. ഞാനൊരു പെയിന്റിംഗ് കണ്ടാല്‍ പോലും, ആ പെയിന്റിന്റെ വലതുവശത്തൊരു പച്ചപെയിന്റാണെങ്കില്‍ അത് ഇടതു വശത്തു കൂടി വന്നാല്‍ അതെന്നെ കൂടുതല്‍ സാറ്റിസ്‌ഫൈ ചെയ്യിച്ചിരിക്കും. എനിക്ക് എല്ലാ കാര്യത്തിനും ലോജിക്ക് വേണം, ബാലന്‍സിംഗ് വേണം. ജനുവരി 21ന് ജനിച്ചതിനാല്‍ അക്വേറിയനാണ്. ഇതൊക്കെ അക്വേറിയന്‍സിന്റെ സ്വഭാവ രീതികളാണെന്ന് പറയപ്പെടുന്നു. ഇത്തരക്കാര്‍ യുക്തി ഉപയോഗിക്കാറുണ്ട്. നല്ല സിനിമകള്‍ക്കു വേണ്ടി ഞാനെന്തും ചെയ്യും. എനിക്ക് സംതൃപ്തി മതി, പണം വേണ്ട. ഞാനെന്റെ സിനിമയെ കളക്ഷന്‍ വച്ച് നോക്കാറില്ല. നല്ല സിനിമ എന്ന് പ്രേക്ഷകര്‍ പറഞ്ഞാല്‍ സന്തോഷം. മാറി ചിന്തിക്കുന്നത് നല്ലതെന്ന് പറയിപ്പിക്കുമ്പോള്‍ ഒരു ശതമാനമെങ്കിലും മലയാള സിനിമയ്ക്ക് സംഭാവന ചെയ്താല്‍ അതിലാണെനിക്കു സംതൃപ്തി. ഞാന്‍ മരിച്ചാലും ഞാന്‍ ചെയ്ത സിനിമകള്‍ ഇവിടെ നിലനില്‍ക്കും.

(ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരണമായ പ്രിയസഖിയില്‍ പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com