'എന്റെ അനുഭവത്തില്‍ നിന്നാണ് ഞാന്‍ അത് പറഞ്ഞത്'; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി മംമ്ത

താനും നിരവധി അക്രമണങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ സുഹൃത്തുക്കള്‍ പോലും തന്നെ തന്നെ മനസിലാക്കിയില്ലെന്നാണ് താരം പറയുന്നത്
'എന്റെ അനുഭവത്തില്‍ നിന്നാണ് ഞാന്‍ അത് പറഞ്ഞത്'; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി മംമ്ത

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതില്‍ അവരും ഉത്തരവാദികളാണെന്ന നടി മംമ്താ മോഹന്‍ദാസിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. നടി റിമ കല്ലിങ്കല്‍ഇതിനെതിരേ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. വിമര്‍ശനം ശക്തമാകുന്നതിനിടയില്‍ തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് വീണ്ടും എത്തിയിരിക്കുകയാണ് മംമ്ത. പ്രസ്താവനയില്‍ ഉറച്ചു നിന്നുകൊണ്ടാണ് താരത്തിന്റെ വിശദീകരണം. ആക്രമണത്തിന് ഇരയാകുന്നതില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന നിലപാട് തന്റെ വ്യക്തപരമായ അനുഭവങ്ങളില്‍ നിന്നുണ്ടായതാണെന്നാണ് താരം പറയുന്നത്.

താനും നിരവധി അക്രമണങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ സുഹൃത്തുക്കള്‍ പോലും തന്നെ തന്നെ മനസിലാക്കിയില്ലെന്നാണ് താരം പറയുന്നത്. ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും അക്രമിക്കപ്പെട്ട നടിയുടെ ധീരമായ നീക്കത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും തന്റെ ഫേയ്‌സ്ബുക് പോസ്റ്റില്‍ അവര്‍ കുറിച്ചു. കുറ്റാരോപിതന്‍ എത്ര വലിയവനാണെങ്കിലും തെറ്റുകൊരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും മംമ്ത പറഞ്ഞു. ഡബ്ല്യൂസിസിയ്ക്ക് ആശംസകള്‍ നേരാനും താരം മറന്നില്ല.
 
മംമ്തയുടെ ഫേയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത്

ഈ കുറിച്ച് തന്റെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചാണ. അതില്‍ നിന്ന് എനിക്കെതിരേ ചോദ്യങ്ങളും പ്രതികരണങ്ങളും ചിലര്‍ ഉയര്‍ത്തിയിരുന്നു. അവരില്‍ ചിലര്‍ എന്റെ സുഹൃത്തുക്കളാണ്.  അവരോട് പറയാനുള്ളത് ഞാന്‍ അതൊരു സംവാദത്തിന് തുടക്കമിട്ടതല്ല. കാരണം ആക്രമിക്കപ്പെട്ട ആളും കുറ്റാരോപിതനായ വ്യക്തിയും എന്റെ സഹപ്രവര്‍ത്തകര്‍ എന്നതിനേക്കാളുപരി അടുത്ത സുഹൃത്തുക്കളാണ്.

തലയ്ക്ക് സ്ഥിരതയുള്ള ഒരു മനുഷ്യന് ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കാനാകില്ല. അതുകൊണ്ട് നിങ്ങള്‍ എന്നെക്കുറിച്ച് പുലര്‍ത്തുന്ന ധാരണ തെറ്റാണ്. ഒരു സ്ത്രീയെന്ന നിലയില്‍ വൈകാരികമായ ഒരുപാട് ആക്രമണങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് ഞാന്‍. പക്ഷേ ഒരിക്കലും ഇരയാകാന്‍ തയ്യാറല്ല. ചുരുക്കത്തില്‍, ഈ അസന്തുലിതമായ സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതയില്‍ ഞാന്‍ പൊട്ടിത്തെറിക്കുന്നതിന്റെ വക്കിലാണ്. എനിക്ക് വളരെ ശക്തവും ആക്രമണപരവുമായ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉണ്ട്. പക്ഷേ പ്രതികരിക്കേണ്ട സമയങ്ങളില്‍ മാത്രമേ അതിനു മുതിരൂ. അതിനര്‍ത്ഥം എനിക്ക് മനുഷ്യത്വമില്ലെന്നും സഹാനുഭൂതി ഇല്ലെന്നുമല്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഞാന്‍ അഭിപ്രായം പറഞ്ഞ സാഹചര്യം മനസ്സിലാക്കാതെ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിടാം. എന്റെ ചില വനിതാ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആരും അത് മനസ്സിലാക്കിയിട്ടില്ല എന്ന് തിരിച്ചറിയുന്നു.

അതുകൊണ്ട് ഞാന്‍ ഇവിടെ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നു. സമൂഹത്തില്‍ ക്രൂര കൃത്യം ചെയ്യുന്നവരോട് എനിക്ക് ക്ഷമിക്കാന്‍ സാധിക്കുകയില്ല. എന്റെ കണ്ണില്‍ അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല. അവര്‍ക്ക് രണ്ടാമതൊരു അവസരവുമില്ല. അത് സാധാരണ ജനങ്ങളോ രാഷ്ട്രീയക്കാരോ നടന്‍മാരോ ആരും ആകട്ടെ. ഞാനും വ്യക്തിപരമായി ഒരുപാട് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ധീരയായ എന്റെ സുഹൃത്തിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. അവരുടെ ധീരമായ നീക്കം അപരാധിയെ വെറുതെ വിടാതിരിക്കട്ടെ. പക്ഷേ കുറ്റാരോപിതന്‍ തെറ്റുകാരന്‍ ആണെങ്കില്‍ മാത്രം.

പാപികളോട് പൊറുക്കുന്ന ഒരു നിയമവ്യവസ്ഥയുടെ ഭാഗമാണ് എന്നോര്‍ക്കുമ്പോള്‍ ദുഖമുണ്ട്. ഫെയ്‌സ്ബുക്കിലൂടെ പ്രചരണം നല്‍കേണ്ടത് ശക്തമായ നിയമവ്യവസ്ഥയുള്ള ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള സന്ദേശമാണ്. ഗള്‍ഫില്‍ വളര്‍ന്ന ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാം. നമുക്കും അതുപോലെ ആകേണ്ടേ?

ഡബ്ലൂ.സി.സിയ്ക്ക് സ്ത്രീകളുടെ നന്‍മയ്ക്കും പുരോഗമനത്തിനും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കമ്മിറ്റിയിലെ എല്ലാവര്‍ക്കും ആശംസകള്‍. ഞാന്‍ ഡബ്ലൂ.സി.സിയുടെ ഭാഗമല്ല. അതിനു കാരണം ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സമയത്തും സംഘടന രൂപം കൊള്ളുന്ന സമയത്തും ഞാന്‍ നാട്ടില്‍ ഇല്ലായിരുന്നു എന്നതാണ്. അതുകൊണ്ടു തന്നെ ഞാന്‍ വ്യക്തിപരമായി ഉള്‍പ്പെടാത്ത കാര്യങ്ങളില്‍ ഞാന്‍ സംസാരിക്കാന്‍ സാധിക്കുകയില്ല.

ആക്രമിക്കപ്പെടുന്നതില്‍ സ്ത്രീയും ഭാഗീകമായി ഉത്തരവാദിയാണ് എന്ന എന്റെ പ്രസ്താവന ഉരുത്തിരഞ്ഞത് എന്റെ വ്യക്തി ജീവിതത്തില്‍ നിന്നാണ് മംമ്ത കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com