'ആ കോമഡിയൊക്കെ ഞാന്‍ എഴുതിയതാണെന്ന് അച്ഛന്‍ പറഞ്ഞിട്ടു പോലും ആരും വിശ്വസിച്ചില്ല; എനിക്ക് കിട്ടിയത് അവഗണന' 

ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവന്ന കളിയാക്കലുകളാണ് തന്റെയുള്ളില്‍ അഭിനയം എന്ന ആഗ്രഹത്തെ ശക്തമാക്കിയതെന്നും അത് നേടിയെടുക്കാനുള്ള ഊര്‍ജമായതെന്നും ബിബിന്‍ പറയുന്നു
'ആ കോമഡിയൊക്കെ ഞാന്‍ എഴുതിയതാണെന്ന് അച്ഛന്‍ പറഞ്ഞിട്ടു പോലും ആരും വിശ്വസിച്ചില്ല; എനിക്ക് കിട്ടിയത് അവഗണന' 

16-ാം വയസ്സുമുതല്‍ കലാരംഗത്തേക്കിറങ്ങിയെങ്കിലും സുഹൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് തിരക്കഥയെഴുതിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം വന്‍ വിജയമായപ്പോഴാണ് ബിബിന്‍ ജോര്‍ജ് ശ്രദ്ധിക്കപ്പെട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ഈ ചിത്രം സമ്മാനിച്ച പ്രേക്ഷക പ്രീതി തന്നെയാണ് ക്യാമറയ്ക്ക് പിന്നില്‍ നിന്ന് മുന്നിലേക്കുള്ള ചുവടുമാറ്റത്തില്‍ ബിബിന് കരുത്താകുന്നത്. ഒരു പഴയ ബോംബ് കഥ എന്ന ഷാഫി ചിത്രത്തിലൂടെ ആദ്യമായി നായകനായ ബിബിന്‍ തന്റെ ആഗ്രഹങ്ങള്‍ തുറന്നുപറഞ്ഞപ്പോഴൊക്കെ നേരിട്ടണ്ടിവന്ന കളിയാക്കലുകളെകുറിച്ച് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ്.

ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവന്ന കളിയാക്കലുകളാണ് തന്റെയുള്ളില്‍ അഭിനയം എന്ന ആഗ്രഹത്തെ ശക്തമാക്കിയതെന്നും അത് നേടിയെടുക്കാനുള്ള ഊര്‍ജമായതെന്നും ബിബിന്‍ പറയുന്നു. ഒന്നാം വയസ്സില്‍ പോളിയോ ബാധിച്ചെങ്കിലും മൂന്നാം ക്ലാസില്‍ പഠിക്കുന്നതുവരെ മറ്റേതൊരു കുട്ടിയെയും പോലെതന്നെയാണ് ഞാന്‍ എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷെ ഒരു പ്രത്യേക വാക്കുകൊണ്ട് ഒരിക്കല്‍ എന്റെ സുഹൃത്തുക്കളിലൊരാള്‍ കളിയാക്കിയപ്പോഴാണ് എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് ഞാന്‍ മനസിലാക്കിയത്. പിന്നീട് ഓരോ ഘട്ടത്തിലും ഞാന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണെന്ന തോന്നല്‍ ബലപ്പെട്ടുകൊണ്ടിരുന്നു. തുടക്കത്തില്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ക്രമേണ എന്റെ വൈകല്യങ്ങള്‍ ബാധകമാകാത്ത ക്രിയേറ്റീവ് മേഖലയിലേക്ക് ഞാന്‍ ചുവടുമാറി, ബിബിന്‍ പറയുന്നു.

ആറാം ക്ലാസുമുതല്‍ മിമിക്രികള്‍ ചെയ്യാന്‍ ആരംഭിച്ച ബിബിന്‍ തന്റെ വൈകല്യങ്ങളെ നര്‍മ്മമാക്കി അവതരിപ്പിച്ചായിരുന്നു ആദ്യ സമയങ്ങളില്‍ വേദികളില്‍ എത്തിയിരുന്നത്. വേദികള്‍ കീഴടക്കിതുടങ്ങിയതോടെ മിമിക്രിക്കാരുടെ തട്ടകമായ കലാഭവനിലേക്കെത്തി. 'കലാഭവനില്‍ നിന്നാണ് തിരകഥയെഴുത്ത് വശത്താക്കുന്നത്. എഴുതുമ്പോള്‍ ആളുകള്‍ എന്റെ വൈകല്യത്തേക്കാള്‍ കൂടുതല്‍ എന്റെ സൃഷ്ടിയെകുറിച്ച് ചര്‍ച്ചചെയ്യുമല്ലോ എന്ന തോന്നല്‍ തന്നെയാണ് എഴുത്തിനെ ഇഷ്ടപ്പെടാന്‍ കാരണം', ബിബിന്‍ പറഞ്ഞു. 

കോമഡി കസിന്‍സ് എന്ന പരിപാടിയുടെ തിരകഥയെഴുതി തുടങ്ങിയത് പിന്നീട് ബഡായി ബംഗ്ലാവിന്റെ 130-ാം എപ്പീസോഡ് വരെ തുടര്‍ന്നു. തലേന്ന് മതിമറിഞ്ഞാസ്വദിച്ച കോമഡി സീനുകള്‍ ഞാന്‍ എഴുതിയാതാണെന്ന് അച്ഛന്‍ ആദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് പറഞ്ഞാല്‍ പോലും ആരും വിശ്വസിച്ചിരുന്നില്ല. എന്റെ കഴിവുകളെ അംഗീകരിക്കുന്നതിനേക്കാള്‍  സഹതാപം പ്രകടിപ്പിക്കുകയായിരുന്നു എല്ലാവരുടെയും പതിവ്. 

തിരകഥയെഴുത്തില്‍ തിരക്കായപ്പോഴും ചെറുപ്പം മുതലുള്ള അഭിനയമോഹം ബിബിന്‍ കൈവിട്ടിരുന്നില്ല. 'ഒരിക്കല്‍ ഞാനത് തുറന്നുപറഞ്ഞപ്പോള്‍ കേട്ടിരുന്ന സുഹൃത്ത് ചിരിച്ച് കളിയാക്കുകയാണുണ്ടായത്. അതുപക്ഷെ എന്നെ വിഷമിപ്പിച്ചില്ല മറിച്ച് എനിക്കതില്‍ നിന്ന് കൂടുതല്‍ കരുത്തുനേടാനാണ് കഴിഞ്ഞത്. അങ്ങനെയാണ് അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കാമെന്ന് ഉറപ്പിച്ചത്. അതുപക്ഷെ സിനിമപോലും നടക്കാതാവുന്ന അവസ്ഥയിലേക്കാണ് എത്തിച്ചത്. ആ ചിത്രം യാഥാര്‍ത്ഥ്യമാകാന്‍ കാരണം നാദിര്‍ഷിക്കയാണ്. അതിനുശേഷം അഭിനയം എന്ന ആഗ്രഹം അവസാനിപ്പിക്കാമെന്ന് കരുതുകയായിരുന്നു, ബിബിന്‍ പറഞ്ഞു. 

ഒരു പഴയ ബോംബ് കഥയുടെ ഓഫര്‍ വന്നപ്പോള്‍ അതുകൊണ്ടുതന്നെയാണ് താത്പര്യമില്ലെന്ന് പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് നിര്‍ബന്ധിച്ചത്. അങ്ങനെ അഭിനയത്തിലേക്കെത്തി, ബിബിന്‍ പറഞ്ഞു. ' എനിക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടുമോ എന്നൊന്നും ഉറപ്പില്ല പക്ഷെ ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ട്, ബിബിന്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com