'മണ്ണുകൊണ്ട് ശരീരം മൂടി 14 ഡിഗ്രിയിലും പിന്നീട് 30 ഡിഗ്രിയിലും ഇരുത്തി'; ഒടിയനാവാന്‍ മോഹന്‍ലാല്‍ സഹിച്ച വേദനയെക്കുറിച്ച് സംവിധായകന്‍

'രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ഒന്നര മണിക്കൂര്‍ വീതം നീളുന്ന കഠിന വ്യായാമമായിരുന്നു ആദ്യം നല്‍കിയത്'
'മണ്ണുകൊണ്ട് ശരീരം മൂടി 14 ഡിഗ്രിയിലും പിന്നീട് 30 ഡിഗ്രിയിലും ഇരുത്തി'; ഒടിയനാവാന്‍ മോഹന്‍ലാല്‍ സഹിച്ച വേദനയെക്കുറിച്ച് സംവിധായകന്‍

ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ച കാണാനായി കാത്തിരിക്കുകയാണ് മലയാള സിനിമലോകം. മാണിക്യന്‍ എന്ന കഥാപാത്രത്തിനായി മോഹന്‍ലാല്‍ ഏറ്റെടുത്ത വെല്ലുവിളികള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 18 കിലോയോളം ഭാരമാണ് ഈ ചിത്രത്തിനായി മോഹന്‍ലാല്‍ കുറച്ചത്. എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല ഈ മാറ്റം. ഒടിയനുവേണ്ടി മോഹന്‍ലാല്‍ സഹിച്ച ത്യാഗത്തെക്കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 

ഒടിയനില്‍ 30 കാരനായും മധ്യവയസ്‌കനായും അറുപതുകാരനായും മോഹന്‍ലാല്‍ എത്തുന്നുണ്ട്. ചെറുപ്പം ചെയ്യാനായാണ് അദ്ദേഹത്തിന് ശരീരഭാരം കുറക്കേണ്ടിയിരുന്നു. എന്നാല്‍ അത്തരമൊരു മാറ്റത്തിന് അദ്ദേഹത്തിന്റെ ശരീരം അനുവദിക്കുന്നുണ്ടോയെന്നാണ് ആദ്യം അറിയേണ്ടിയിരുന്നത്. വിശദമായ ചെക്കപ്പുകള്‍ നടത്തിയതിന് ശേഷമാണ് ഭാരം കുറയ്ക്കാനുള്ള പരിശീലനം ആരംഭിച്ചത്. 

പല വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട ഫ്രാന്‍സില്‍ നിന്നെത്തിയ 22 ആംഗ സംഘമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. പരിശീലനം തുടങ്ങി കഴിഞ്ഞാല്‍ ഇടയ്ക്ക് വച്ച് നിര്‍ത്താനാകില്ലെന്ന് ലാലേട്ടനോട് പറഞ്ഞിരുന്നു. കാരണം അത്രയും വേദന നിറഞ്ഞ അവസ്ഥയിലൂടെയാകും അത് കടന്ന് പോകുക. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ഒന്നര മണിക്കൂര്‍ വീതം നീളുന്ന കഠിന വ്യായാമമായിരുന്നു ആദ്യം നല്‍കിയത്. ഇതില്‍ റോപ്പ് ക്‌ളൈമ്പിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ഓട്ടം, നീന്തല്‍, ഹര്‍ഡില്‍സ് എന്നിവയുണ്ടായിരുന്നു. 

പിന്നീട് മണ്ണു കൊണ്ട് ശരീരം മുഴുവന്‍ മൂടും. രാജസ്ഥാനില്‍ നിന്നെത്തിച്ച പ്രത്യേക ക്‌ളേയാണ് ഇതിനായി ഉപയോഗിച്ചത്. അതിന് ശേഷം 14 ഡിഗ്രി തണുപ്പുള്ള ചേംബറിലേക്കും അവിടെ നിന്നും 30 ഡിഗ്രി താപനിലയുള്ള ചേംബറിലേക്കും ലാലേട്ടനെ മാറ്റും. പിന്നീട് 96,000 ലിറ്റര്‍ ഓക്‌സിജന്‍ അടങ്ങുന്ന മറ്റൊരു ചേംബറില്‍ എത്തിച്ച് ശരീരം പൂര്‍വ സ്ഥിതിയിലെത്തിക്കും.

50 മുതല്‍ 60 കിലോ വരെ ഭാരമുള്ള പാക്കാണ് ലാലിന്റെ ശരീരത്തില്‍ ഇട്ടിരുന്നത്. പലപ്പോഴും വെട്ടിപ്പൊളിച്ചാണ് ഇത് നീക്കം ചെയ്യുക. ഇതിന്റെയെല്ലാം ഫലം സിനിമയില്‍ കാണാന്‍ കഴിയുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ അതിഗംഭീരമായാണ് ലാല്‍ ചെയ്തതെന്നും പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com