'ലീഗും കുഞ്ഞാലി കുട്ടിയും കോണി ചിഹ്നവും ഇല്ലാത്ത കൊതിപ്പിക്കുന്ന മലപ്പുറത്തിന്റെ ഭംഗി'; സുഡാനിയെ പുകഴ്ത്തി സുരാജ് വെഞ്ഞാറമൂട്

''സുഡാനി'യില്‍ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ 'പുത്യാപ്ല'യാണ് കെ .ടി .സി . അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്!'
'ലീഗും കുഞ്ഞാലി കുട്ടിയും കോണി ചിഹ്നവും ഇല്ലാത്ത കൊതിപ്പിക്കുന്ന മലപ്പുറത്തിന്റെ ഭംഗി'; സുഡാനിയെ പുകഴ്ത്തി സുരാജ് വെഞ്ഞാറമൂട്

വാഗതനായ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം ചിത്രത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമയെ പ്രശംസിച്ചുകൊണ്ട് ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. സുഡാനി ഫ്രം നൈജീരിയ കണ്ട് കണ്ണ് നിറഞ്ഞെന്നും രോമം എഴുന്നേറ്റുനിന്നെന്നും അദ്ദേഹം എഴുതി. ഓരോ കഥാപാത്രങ്ങളെയും എടുത്ത് പറഞ്ഞുകൊണ്ടാണ് സുരാജിന്റെ പോസ്റ്റ്. ലീഗും കുഞ്ഞാലി കുട്ടിയും കോണി ചിഹ്നവും ഒന്നും ഇല്ലാത്ത യഥാര്‍ത്ഥ മലപ്പുറത്തിന്റെ ഭംഗിയാണ് സിനിമയിലുള്ളതെന്നും സുരാജ് പറയുന്നു.

സുരാജ് വെഞ്ഞാറമൂടിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട് തോന്നുന്ന അനിര്‍വ്വചനീയമായ ഒരു കരുതലും ബന്ധവും സ്‌നേഹവും അതിലുപരി എന്തൊക്കെയോ ഉണ്ട്. അതിന് ഭാഷയും ദേശവും മതവും നിറവും ഒന്നും തന്നെ ഒരു പ്രശ്‌നമല്ല. പലപ്പോഴും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമ്പോള്‍ ആണ് നമ്മുടെയൊന്നും ഒരു പ്രശ്‌നമേ അല്ല എന്ന് തോന്നിപ്പോവുക. ഒരുപാട് വട്ടം ഇത്രെയും പ്രായത്തിനിടക്ക് അനുഭവിച്ചറിഞ്ഞതാണ് ഇത്, ഈ അടുത്ത് ഒന്നും ഒരു സിനിമ കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞിട്ടില്ല. ഇടക്ക് പറയാറുണ്ട് രോമം എഴുനേറ്റു നിന്ന് എന്ന്. അത് പോലെ ഒന്ന് ഞാന്‍ ഇന്നലെ അനുഭവിച്ചറിഞ്ഞു. ഒരുപാട് യാത്രകളില്‍ ഒരുപാട് സുഡാനികളെ കണ്ടിട്ടുണ്ട് അന്ന് എല്ലാരേം പോലെ ഞാനും വിളിച്ചിട്ടുണ്ട് സുടു എന്ന്. ഒരുപക്ഷെ ഇതേപോലെ ഒരുപാട് വേദനകള്‍ കടിച്ചമര്‍ത്തിയാവും ആ പാവങ്ങള്‍ ജീവിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയ എന്ന അതിമനോഹര സിനിമ അടിവരയിടുന്നത് ഇതിനേയെല്ലാമാണ്. സൗബിന്‍ നീ മജീദ് ആയി ജീവിക്കുക ആയിരുന്നു. ഒരു നാടന്‍ മലപ്പുറം കാരനായി എന്താ കൂടുതല്‍ പറയാ. സ്‌നേഹം ആഘോഷമാക്കുന്ന ഒരു സിനിമ. എല്ലാവരുടേയും മികച്ച പെര്‍ഫോമന്‍സ്. ലീഗും കുഞ്ഞാലി കുട്ടിയും കോണി ചിഹ്നവും ഒന്നും ഇല്ലാത്ത കൊതിപ്പിക്കുന്ന യഥാര്‍ത്ഥ മലപ്പുറത്തിന്റെ ഭംഗി. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ്സ് നിറക്കുന്ന കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമ.

ഇവരെ കുറിച്ച് പറയാതെ ഇരിക്കാന്‍ വയ്യ, ആ രണ്ടു ഉമ്മമാര്‍ ഇത്രയും കാലം എവിടെയായിരുന്നു. ഒരു ശതമാനം പോലും അഭിനയിക്കാതെ ലാളനയും സ്‌നേഹവും ദേഷ്യവും എല്ലാം നിങ്ങളിലൂടെ പ്രേക്ഷകരിലേക്ക് വന്ന്. ഒരുപക്ഷെ ഈ സിനിമയുടെ യഥാര്‍ത്ഥ അവകാശികള്‍ നിങ്ങള്‍ ആണ് ഉമ്മമാരെ. പിന്നെ അബ്ദുള്ളക്കാനെ കുറിച്ച് പറയാതെ വയ്യ. 'ഫാദര്‍ 'എന്ന് പറയുമ്പോള്‍, ആവര്‍ത്തിക്കുമ്പോള്‍ ആ കണ്ണിലെ തിളക്കം.
സുഡുവിനോടുള്ള കൈ വീശി കാട്ടല്‍. മിക്ചര്‍ പെറുക്കി തിന്നുള്ള ചായകുടി. ഒടുക്കം കൊതുക് പാറുന്ന ആ എടിഎം കൗണ്ടറിന് മുന്നിലെ ഇരുത്തം.

'അറബിക്കഥ'യില്‍ കൂടെ അഭിനയിച്ച ആളാണ്. ഇപ്പോഴും 'സുഡാനി'യില്‍ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ 'പുത്യാപ്ല'യാണ് കെ .ടി .സി . അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്!

ഒരുപാട് കൂട്ടുകാരുടെ സഹകരണം ഈ സിനിമക്ക് പിന്നിലുണ്ട്. ഷൈജു ഖാലിദ് താങ്കള്‍ ക്യാമറ കണ്ണിലൂടെ അല്ല ഈ ചിത്രം പകര്‍ത്തിയത് പ്രേക്ഷകരുടെ കണ്ണിലൂടെ ആണ്. സമീര്‍ താഹിര്‍, സക്കറിയ എന്ന സംവിധായക ജീനിയസിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിനു ബിഗ് സല്യൂട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com