'ഛേ, ഇതിങ്ങനെയല്ല എടുക്കേണ്ടത്', സുഡാനി കണ്ടിട്ട് മലപ്പുറത്തുകാര്‍ പറയേണ്ടത് ഇങ്ങനെയാണ് 

'ഞങ്ങളെ പോലെ ഒരുപാട് മലപ്പുറത്തുകാര്‍ സെവന്‍സ് സിനിമയാക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നുണ്ട്'
'ഛേ, ഇതിങ്ങനെയല്ല എടുക്കേണ്ടത്', സുഡാനി കണ്ടിട്ട് മലപ്പുറത്തുകാര്‍ പറയേണ്ടത് ഇങ്ങനെയാണ് 

മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ. എന്നാല്‍ ഈ സിനിമ കണ്ട് മലപ്പുറത്തുകാര്‍ 'ഛേ, ഇതിങ്ങനെ അല്ല എടുക്കേണ്ടത്' എന്ന് പറയണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് സിനിമയുടെ തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരി പറയുന്നത്. സെവന്‍സ് ഫുട്‌ബോളിനെക്കുറിച്ച് സിനിമയില്‍ ഇനിയും പറയാനുണ്ടെന്നാണ് യുവ തിരക്കഥാകൃത്ത് പറയുന്നത്. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മലപ്പുറം സെവന്‍സിന് ഒരുപാട് ലെയേഴ്‌സ് ഇനിയുമുണ്ട്. അതില്‍ നിന്നും ഞങ്ങള്‍ ഒരു ടീസ്പൂണ്‍ പോലും എടുത്തിട്ടില്ല. ഇനിയും സെവന്‍സ് ഫുട്‌ബോളിന് ഒരുപാട് സാധ്യതകളുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഞങ്ങളെ പോലെ ഒരുപാട് മലപ്പുറത്തുകാര്‍ സെവന്‍സ് സിനിമയാക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നുണ്ട്. അവര്‍ ഈ സിനിമ കണ്ടിട്ട് ഉറപ്പായും പറഞ്ഞിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, 'ഛേ, ഇതിങ്ങനെയല്ല എടുക്കേണ്ടത്' എന്ന്. അത്രയുമേറെ ഡയമെന്‍ഷന്‍സ് സെവന്‍സിനുണ്ട്' മുഹ്‌സിന്‍ പറഞ്ഞു.

സംവിധായകന്‍ സക്കരിയയും മുഹ്‌സിനും ചേര്‍ന്നാണ് സുഡാനിയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. മലപ്പുറത്തെ ഫുട്‌ബോളിനെ പശ്ചാത്തലമാക്കിയെടുത്ത കെഎല്‍ 10 ആണ് മുഹ്‌സിന്റെ ആദ്യ ചിത്രം. രചന, സംവിധാനവും മുഹ്‌സിനായിരുന്നു. എന്നാല്‍ തന്റെ രണ്ടാമത്തെ ചിത്രവും സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലമാവുമെന്ന് വിചാരിച്ചിരുന്നില്ലെന്നും സക്കരിയയുടെ ആദ്യ ചിത്രത്തിലെ ആശയം ഇതായതുകൊണ്ട് സംഭവിച്ചുപോയതാണെന്നും മുഹ്‌സിന്‍ വ്യക്തമാക്കി. സംവിധായകന്‍ സക്കരിയ, നടന്‍ സാമുവല്‍ റോബിന്‍സണ്‍, നിര്‍മാതാവ് ഷൈജു ഖാലിദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com