യുവനടിയുടെ പരാതി; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരായ നടപടി തുടരുമെന്ന് ഫെഫ്ക, ജോലിയില്‍ തുടരാന്‍ അനുവദിക്കില്ല

വാര്‍ത്താ സമ്മേളനത്തിനിടെ അര്‍ച്ചന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇയാള്‍ക്കെതിരായ സംഘടനാ നടപടി തുടരുമെന്ന് ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്
യുവനടിയുടെ പരാതി; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരായ നടപടി തുടരുമെന്ന് ഫെഫ്ക, ജോലിയില്‍ തുടരാന്‍ അനുവദിക്കില്ല

കൊച്ചി: നടി അര്‍ച്ചന പദ്മിനിക്ക് നേരെ അപമര്യാദയായി പെരുമാറിയ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെയുള്ള നടപടി തുടരുമെന്ന് വ്യക്തമാക്കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തിനിടെ അര്‍ച്ചന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇയാള്‍ക്കെതിരായ സംഘടനാ നടപടി തുടരുമെന്ന് ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. 

സ്റ്റാന്‍ലിയെ അനിശ്ചിത കാലത്തേക്ക് ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീസ് യുണിയന്‍ പ്രസിഡന്റിനേയും സെക്രട്ടറിയേയും വിളിച്ചു വരുത്തി ഫെഫ്ക വിശദീകരണം ചോദിച്ചിട്ടുമുണ്ട്. അര്‍ച്ചനയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഫെഫ്ക നടപടി എടുത്തിരുന്നു. എന്നാല്‍ ഇയാള്‍ ഇപ്പോഴും സിനിമയില്‍ തുടരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ അര്‍ച്ചന പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അര്‍ച്ചന ഉന്നയിച്ച ആരോപണം സത്യമാണോ എന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

ഷെറിന്‍ സ്റ്റാന്‍ലിക്കെതിരായ നടപടി ഇപ്പോഴും നിലനില്‍ക്കുകയാണ്. അയാള്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ടോ എന്ന് വ്യക്തമല്ല. ജോലിയില്‍ തുടരുന്നുണ്ട് എങ്കില്‍ അത് അനുവദിക്കില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റാന്‍ലി തന്നോട് മോശമായി പെരുമാറി എന്നായിരുന്നു അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com