കോട്ടയം: ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം ഇന്ന്. മിമിക്രി ആര്‍ട്ടിസ്റ്റായ പാലാ പുലിയന്നൂര്‍ സ്വദേശി അനൂപാണ് വരന്‍. ഇന്ന് രാവിലെ 10:30നും 11:30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ വൈക്കം മഹാദേവ ക്ഷേത്രത്തിലാണ് വിവാഹം. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് അനൂപ്.
ഈ മാസം പത്തിന് വിജയലക്ഷ്മിയുടെ വസതിയില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നാരായണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകനാണ് അനൂപ്. തന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അനൂപ് പറഞ്ഞെന്ന് വിജയലക്ഷ്മി അഭിമുഖങ്ങളിലൂടെ തുറന്നുപറഞ്ഞിരുന്നു. ഇരുവരും കലാരംഗത്തുള്ളവരായതിനാല്‍ പരസ്പരം പിന്തുണനല്‍കി മുന്നോട്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും വിജയലക്ഷ്മി പറഞ്ഞു.
രണ്ട് വര്‍ഷമായി തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചതോടെ ഈ കാര്യം അച്ഛനേയും അമ്മയേയും അറിയിക്കുകയായിരുന്നെന്നും വജയലക്ഷ്മി പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നതുകൊണ്ട് അധികം അന്വേഷിക്കേണ്ടിവന്നില്ലെന്നാണ് വിജയലക്ഷ്മിയുടെ വാക്കുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ