'ഉറുമി'യിലെ നൃത്തരംഗങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ അതീവ ഭയത്തിലായിരുന്നു: എട്ട് വര്‍ഷങ്ങള്‍ക്കപ്പുറമുള്ള സംഭവം വെളിപ്പെടുത്തി വിദ്യാ ബാലന്‍

മലയാള ചലച്ചിത്രം 'ഉറുമി'യിലെ നൃത്തരംഗങ്ങള്‍ക്കിടയില്‍ ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് വിദ്യാ ബാലന്‍.
'ഉറുമി'യിലെ നൃത്തരംഗങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ അതീവ ഭയത്തിലായിരുന്നു: എട്ട് വര്‍ഷങ്ങള്‍ക്കപ്പുറമുള്ള സംഭവം വെളിപ്പെടുത്തി വിദ്യാ ബാലന്‍

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് വിദ്യാ ബാലന്‍. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനാലും സ്വന്തം നിലപാടുകളാലും എന്നും താരം വിവാദങ്ങള്‍ക്ക് വഴി തെളിക്കാറുണ്ട്. ഇപ്പോള്‍ താന്‍ എട്ടു വര്‍ഷം മുന്‍പ് അഭിനയിച്ച മലയാള ചലച്ചിത്രം 'ഉറുമി'യിലെ നൃത്തരംഗങ്ങള്‍ക്കിടയില്‍ ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിദ്യ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. ഉറുമിയിലെ ഗാനരംഗത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

സന്തോ് ശിവന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ഉറുമിയില്‍ പൃഥ്വിരാജ്, പ്രഭു ദേവ, ജെനീലിയ ഡിസൂസ, നിത്യാ മേനോന്‍, ആര്യ ജഗതി ശ്രീകുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഈ ചിത്രത്തില്‍ വിദ്യ ഒരു ഐറ്റം ഡാന്‍സ് ആണ് അവതരിപ്പിച്ചിരുന്നത്. 'ചലനം ചലനം' എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ വിദ്യയ്‌ക്കൊപ്പം എത്തിയത് പൃഥ്വിരാജും പ്രഭുദേവയുമായിരുന്നു.

നൃത്തം ചെയ്യാന്‍ തന്നെ തനിക്കു ഭയമാണ് എന്നിരിക്കെ നൃത്തത്തില്‍ പ്രഗത്ഭനായ പ്രഭു ദേവയെപ്പോലെ ഒരാളുടെ മുന്നില്‍ വല്ലാത്ത പേടിയായിരുന്നു എന്നും ചിത്രീകരണത്തിന്റെ ആദ്യാവസാനം താന്‍ 'നെര്‍വസ്' ആയിപ്പോയി എന്നുമാണ് വിദ്യ പറഞ്ഞിരിക്കുന്നത്. 'ചലനം ചലനം' എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ വിദ്യയ്‌ക്കൊപ്പം എത്തിയത് പൃഥ്വിരാജും പ്രഭുദേവയുമായിരുന്നു.  

'2010ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ഉറുമി' എന്ന ചിത്രത്തില്‍ 'ചലനം ചലനം' എന്ന ഗാനരംഗത്തില്‍ ഞാന്‍ ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ചെയ്തിരുന്നു. (മുംബൈയ്ക്കടുത്ത്) മാല്‍ഷജ് ഘാട്ടില്‍ അതും കനത്ത മഴയത്തായിരുന്നു ചിത്രീകരണം. മുഴുവന്‍ ചളിയുമായിരുന്നു. ചിത്രീകരണ സമയത്ത് മുഴുവന്‍ ഞാന്‍ അനുഭവിച്ച പേടിയും 'നെര്‍വസ്‌നെസും' ആണ് അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓര്‍ വരുന്നത്.  

എന്റെ നൃത്തത്തെ കുറിച്ച് എനിക്ക് തന്നെ വലിയ മതിപ്പില്ലാതെയിരിക്കുന്ന സാഹചര്യത്തില്‍ പ്രഭുദേവയുടെ മുന്നില്‍ നൃത്തം ചെയ്യേണ്ടി വരുന്നതിനെക്കുറിച്ച് ടെന്‍ഷന്‍ ആയിരുന്നു. അത് മാത്രമല്ല, നൃത്തം ചെയ്യാനും ഞാന്‍ നൃത്തം ചെയ്തത് കാണാനും എനിക്ക് തന്നെ ഇഷ്ടമല്ല. പക്ഷേ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനം കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ആവുന്നുണ്ട്. 

'ഞാന്‍ നൃത്തം ചെയ്തത് മോശമല്ലല്ലോ' എന്ന തോന്നലും പുഞ്ചിരിയുമാണ് ഈ നൃത്ത രംഗം ഇപ്പോള്‍ കാണുമ്പോള്‍ തോന്നുന്നത്. നമുക്ക് നമ്മളെക്കുറിച്ച് തന്നെയുള്ള മോശം അഭിപ്രായങ്ങളെ കരുണയോടെയും സ്‌നേഹത്തോടെയും ഭേദമാക്കാനുള്ള കഴിവ് കാലത്തിനുണ്ട്. പക്ഷേ അതോടൊപ്പം തന്നെ ഞാന്‍ എന്നോട് ചോദിക്കുന്നുണ്ട്, ഇന്നത്തെ എന്നെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായം ഉണ്ടാകാന്‍ അടുത്ത എട്ടു വര്‍ഷം കാത്തിരിക്കണോ എന്ന്. വേണ്ട എന്നാണ് ഉത്തരം. എന്നെ ഞാനായിത്തന്നെ സ്‌നേഹിക്കാന്‍, സ്വീകരിക്കാന്‍ ഞാന്‍ ഇന്ന്, ഇപ്പോള്‍, ഈ നിമിഷം തന്നെ തയ്യാറാണ്'- വിദ്യാ ബാലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com