വിജയിന്റെ സര്‍ക്കാരിന് സെന്‍ഗോളിന്റെ തിരക്കഥയുമായി സാമ്യമുണ്ടെന്ന് കണ്ടെത്തല്‍; കൊപ്പിയടി വിവാദം മുറുകുന്നു

തന്റെ തിരക്കഥ മോഷ്ടിച്ചെന്ന ആരോപണവുമായി സഹസംവിധായകന്‍ വരുണ്‍ രാജേന്ദ്രനാണ് സംവിധായകന്‍ മുരുകദോസിനെതിരേ രംഗത്തെത്തിയത്
വിജയിന്റെ സര്‍ക്കാരിന് സെന്‍ഗോളിന്റെ തിരക്കഥയുമായി സാമ്യമുണ്ടെന്ന് കണ്ടെത്തല്‍; കൊപ്പിയടി വിവാദം മുറുകുന്നു

മിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്നായകനാകുന്ന സര്‍ക്കാര്‍ വിവാദങ്ങളോടെയാണ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ വിവാദങ്ങള്‍ കൂട്ടിനുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് ചിത്രം തീയെറ്ററില്‍ എത്താനിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരേ ഉയര്‍ന്നു വന്നിരിക്കുന്ന കോപ്പിയടി വിവാദം അണിയറ പ്രവര്‍ത്തകര്‍ക്ക് തലവേദനയാവുകയാണ്. തന്റെ തിരക്കഥ മോഷ്ടിച്ചെന്ന ആരോപണവുമായി സഹസംവിധായകന്‍ വരുണ്‍ രാജേന്ദ്രനാണ് സംവിധായകന്‍ മുരുകദോസിനെതിരേ രംഗത്തെത്തിയത്. ഇപ്പോള്‍ ചിത്രത്തിന് വരുണിന്റെ സിനിമയുടെ തിരക്കഥയുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്‍. 

വരുണിന്റെ സെന്‍ഗോളിന്റെ തിരക്കഥ മുരുകദോസ് മോഷ്ടിക്കുകയായിരുന്നു എന്നാണ് ആരോപണം. 2007ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ തന്റെ തിരക്കഥ വരുണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മുരുകദോസിനെതിരേ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വരുണ്‍. സിനിമ ദിപാവലിക്ക് പുറത്തിറങ്ങാനാണ് ഒരുങ്ങുന്നത്. വിവാദം കത്തിനില്‍ക്കുന്നത് സിനിമയ്ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. റൈറ്റേഴ്‌സ് യൂണിയന്റെ പ്രസിഡന്റും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആദ്യമായിട്ടല്ല മുരുകദോസ് കോപ്പിയടി വിവാദത്തില്‍ കുരുങ്ങുന്നത്. ഇതിന് മുമ്പ് വിജയ് നായകനായെത്തിയ കത്തിയ്‌ക്കെതിരേ സമാന ആരോപണം ഉയര്‍ന്നിരുന്നു. ആരം ഫെയിം സംവിധായകന്‍ ഗോപി നൈനാറാണ് കത്തി തന്റെ കഥയാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയത്. അതിന് പിന്നാലെയാണ് സര്‍ക്കാരും കോപ്പിയടി വിവാദത്തില്‍ കുടുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com