ഞാനൊരു മലയാളസിനിമയില്‍ അഭിനയിക്കുന്നെങ്കില്‍ അത് ലാലേട്ടനൊപ്പമായിരിക്കും: വിവേക് ഒബ്‌റോയ്

ഞാനൊരു മലയാളസിനിമയില്‍ അഭിനയിക്കുന്നെങ്കില്‍ അത് ലാലേട്ടനൊപ്പമായിരിക്കും: വിവേക് ഒബ്‌റോയ്

പൃഥിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ 'ലൂസിഫറി'ലൂടെ വില്ലന്‍ വേഷത്തിലെത്തുകയാണ് വിവേക്.

റെ നാളായുള്ള തന്റെ ആഗ്രഹം സഫലമായതിന്റെ ആഹ്ലാദത്തിലാണ് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയെന്ന വിവേകിന്റെ സ്വപ്നം സഫലമാക്കിയിരിക്കുന്നത് നടന്‍ പൃഥിരാജും. പൃഥിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ 'ലൂസിഫറി'ലൂടെ വില്ലന്‍ വേഷത്തിലെത്തുകയാണ് വിവേക്.

'മലയാള സിനിമയില്‍ നിന്ന് നിരവധി ഓഫറുകള്‍ മുന്‍പും വന്നിട്ടുണ്ട്. ആദ്യ മലയാള ചിത്രം ലാലേട്ടനൊപ്പം വേണമെന്ന എന്റെ ആഗ്രഹം ഞാന്‍ തുറന്നു പറഞ്ഞിരുന്നു. 'ലൂസിഫറി'ലേക്ക് എന്നെ വിളിക്കുന്നത് പൃഥിരാജാണ്. ലാലേട്ടന്‍, മഞ്ജുവാര്യര്‍, ടൊവിനോ തുടങ്ങിയ മികച്ച താരനിര. പൃഥിയുടെ ആദ്യ സംവിധാന സംരംഭം. സിനിമയെ കുറിച്ച് കേട്ടപ്പോഴേ എക്‌സൈറ്റ്‌മെന്റ് ആയി'- വിവേക് പറയുന്നു.

തന്റെ ആദ്യ സിനിമയായ 'കമ്പനി' മുതലുള്ളതാണ് വിവേക് ഒബ്‌റോയിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദമെന്നും വിവേക് കൂട്ടിച്ചേര്‍ത്തു. 'ലാലേട്ടനുമായി വല്ലാത്തൊരു ആത്മബന്ധമുണ്ടെനിക്ക്. ഒപ്പം, ഇന്ത്യ കണ്ട മഹാനടന്മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള ആദരവും. 2002 ലാണ് ഞാനദ്ദേഹത്തെ പരിചയപ്പെടുന്നത്. ഇക്കാലത്തിനിടയില്‍ ഞങ്ങള്‍ക്കിടയിലെ സൗഹൃദവും അടുപ്പവും കൂടുതല്‍ ശക്തമായിട്ടുണ്ട്. 

ഞങ്ങള്‍ പരിചയപ്പെട്ട സമയത്ത് അദ്ദേഹമൊരിക്കല്‍ ചോദിച്ചു, 'എല്ലാ വര്‍ഷവും ശബരിമല വരാറുണ്ടല്ലേ?' ഞാന്‍ 'അതെ' എന്നു പറഞ്ഞപ്പോള്‍,? അടുത്ത ട്രിപ്പ് ഞാന്‍ ഓര്‍ഗനൈസ് ചെയ്യാം എന്നായി ലാലേട്ടന്‍. അതിനു ശേഷം എല്ലാ വര്‍ഷവും എന്റെ ശബരിമല ട്രിപ്പ് പ്ലാന്‍ ചെയ്യാന്‍ എന്നെ സഹായിക്കുന്നത് അദ്ദേഹമാണ്. കേരളത്തില്‍ വരുമ്പോഴെല്ലാം ഞാനദ്ദേഹത്തെ കാണാന്‍ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിനൊപ്പം ഇനിയും അഭിനയിക്കാന്‍ എനിക്കാഗ്രഹമുണ്ട്. ഒരു സൂപ്പര്‍താരത്തിന്റെ ഭാവവമൊന്നുമില്ലാതെ വളരെ വിനയത്തോടെയും സ്‌നേഹത്തോടെയുമാണ് ലാലേട്ടന്‍ പെരുമാറുക'- വിവേക്  വെളിപ്പെടുത്തി.

കേരളം പ്രളയമുഖത്ത് നില്‍ക്കുമ്പോഴാണ് ഷൂട്ടിങ്ങിനായി വിവേക് ഒബ്‌റോയ് കേരളത്തിലെത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലേക്ക് സഹായങ്ങളെത്തിക്കാന്‍ എല്ലാവരെയും പോലെ ഞാനും ശ്രമിച്ചിരുന്നുവെന്നും സെലബ്രിറ്റിയെന്നോ സാധാരണക്കാരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് അവരാല്‍ കഴിയുന്ന രീതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത് കാണാന്‍ സാധിച്ചെന്നും അതേറെ പ്രചോദനം പകരുന്ന കാഴ്ചയായിരുന്നെന്നും വിവേക് പറയുന്നു.

ലൂസിഫറിനു വേണ്ടി അല്‍പ്പം മലയാളവും താരം പഠിച്ചെടുത്തിരിക്കുന്നു, ലോക ഭാഷകളില്‍ പഠിച്ചെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളമെന്ന കാര്യവും താരം സമ്മതിക്കുകയാണ്.

'എത്രമാത്രം അക്ഷരങ്ങളും ഉച്ചാരണശൈലികളുമാണ് മലയാളത്തില്‍. കുറച്ചു വാക്കുകളൊക്കെ ഞാനും പഠിച്ചു. വാക്കുകളുടെ അര്‍ത്ഥം, ഉച്ചാരണം, താളം, ഗ്രാമര്‍ ശരിയാണോ എന്നൊക്കെ സംശയം വരുമ്പോള്‍ ഞാന്‍ ലാലേട്ടനോടും പൃഥിയോടും മഞ്ജുവിനോടുമെല്ലാം ചോദിക്കുമായിരുന്നു. അവരൊക്കെ ഒരുപാട് സഹായിച്ചു. അവരാണ് എന്റെ സ്റ്റാര്‍ ട്യൂട്ടര്‍മാര്‍,' - വിവേക് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com