കിണ്ടി, കിണ്ടി എന്നായിരുന്നു ഇത്രയും കാലം; ഇപ്പോൾ അമ്മാവാ, അമ്മാവാ എന്നാണ്- വിശേഷങ്ങൾ പങ്കുവച്ച് സുധീഷ് 

ടൊവിനോ തോമസ് നായകനായ തീവണ്ടിയിൽ പുതിയ ​ഗെറ്റപ്പിൽ നിറ സാന്നിധ്യമാണ് സുധീഷ്
കിണ്ടി, കിണ്ടി എന്നായിരുന്നു ഇത്രയും കാലം; ഇപ്പോൾ അമ്മാവാ, അമ്മാവാ എന്നാണ്- വിശേഷങ്ങൾ പങ്കുവച്ച് സുധീഷ് 

കുട്ടിക്കാലം മുതൽ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് സുധീഷ്. പല പ്രായത്തിലുള്ള കഥാപാത്രങ്ങളായി മലയാള പ്രേഷകരെ വിസ്മയിപ്പിച്ച സുധീഷിനെ ഇടക്കാലത്ത് സ്ക്രീനിൽ കാണാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ തീവണ്ടി എന്ന സിനിമയിലൂടെ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് സുധീഷ്. 

ടൊവിനോ തോമസ് നായകനായ തീവണ്ടിയിൽ പുതിയ ​ഗെറ്റപ്പിൽ നിറ സാന്നിധ്യമാണ് സുധീഷ്. ടൊവിനോയുടെ അമ്മാവന്റെ വേഷത്തിലാണ് സുധീഷ്. ആഭാസനായ ഒരു അമ്മാവൻ എന്നാണ് സംവിധായകൻ ടി.പി ഫെല്ലിനിയും തിരക്കഥാകൃത്ത് വിനി വിശ്വലാലും പറഞ്ഞതെന്ന് സുധീഷ് പറയുന്നു. എന്തായാലും അമ്മാവൻ കഥാപാത്രം ഹിറ്റായതിന്റെ സന്തോഷത്തിലാണ് സുധീഷ്. 

ഓർമയിൽ നീ മാത്രം എന്ന സിനിമയിലൂടെ ബാല താരമായി സിനിമയിലേക്കെത്തിയ സുധീഷ് പിന്നീട് മമ്മൂട്ടി നായകനായ മുദ്രയിൽ കൗമാരക്കാരനായി. മോഹൻലാലിനൊപ്പം മണിച്ചിത്രത്താഴിൽ കുറച്ചുകൂടി മുതിർന്ന പ്രായത്തിലുള്ള വേഷമായിരുന്നു. ഇപ്പോൾ ടൊവിനോയ്ക്കൊപ്പം മധ്യവയസ്കന്റെ വേഷവും. ഒരുപക്ഷേ മലയാള സിനിമയിൽ പല പ്രായത്തിലുള്ള വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടാൻ സാധിച്ച അപൂർവം നടൻമാരിൽ ഒരാൾക്കൂടിയാണ് സുധീഷ്. 

മണിച്ചിത്രത്താഴ് ഇറങ്ങിയ കാലം മുതൽ ഈയടുത്ത് വരെ ആളുകൾ തന്നെ കാണുമ്പോൾ കിണ്ടി കിണ്ടി എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അമ്മാവാ എന്നാണ് ആളുകൾ വിളിക്കുന്നത് എന്ന് സുധീഷ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുധീഷ് വിശേഷങ്ങൾ പങ്കുവച്ചത്. 

കാക്കയ്ക്കും പൂച്ചയ്ക്കും കല്ല്യാണം എന്ന ചിത്രം ഹിറ്റായപ്പോൾ പിന്നീടുള്ള ചിത്രങ്ങളിലെല്ലാം അത്തരം കഥാപത്രങ്ങളാണ് വന്നത്. അനിയത്തിപ്രാവ് ഹിറ്റായപ്പോൾ അതേപോലുള്ള കഥാപാത്രങ്ങളായി പിന്നീട്. ഏതെങ്കിലും സിനിമ ഹിറ്റായാൽ അതേപോലെയുള്ള കഥാപത്രങ്ങൾ തന്നെത്തേടി വരും. അങ്ങനെ മടുത്തപ്പോഴാണ് സിനിമയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതെന്ന് സുധീഷ്. 

ന്യൂജനറേഷൻ സിനിമയുടെ ഭാ​ഗമാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. കാര്യമായ വേഷങ്ങളൊന്നും ലഭിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് തീവണ്ടിയിലേക്കെത്തുന്നത്. മലയാള സിനിമ ഒരുപാട് മാറിയിട്ടുണ്ട്. പുതിയ സംവിധായകരുടെ അവതരണ രീതി അത്ഭുതപ്പെടുത്തുന്നതാണ്. താരങ്ങളും മികച്ച സമീപനമാണ്. ടൊവിനോയൊക്കെ വളരെ അടുത്ത ആളായിട്ടാണ് പെരുമാറുന്നത്. ഇനിയും ടൈപ്പ് ചെയ്യപ്പെടാതെ നോക്കണം. നല്ല സിനിമയുടെ ഭാ​ഗമാകാനാണല്ലോ എല്ലാ താരങ്ങളും ആ​ഗ്രഹിക്കും.- സുധീഷ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com