ഭദ്രന്റെ സ്ഫടികവുമായി നേരിട്ട് പോരിന്; തോമാച്ചായന്റെ മകന്റെ മുന്നില്‍ തോമാച്ചായന്‍ തോല്‍ക്കാതിരിക്കട്ടെയെന്ന് ബിജു ജെ കട്ടക്കല്‍

ഇത് ഒരു മത്സരമായിട്ടാണ് കാണുന്നതെന്നും തോമാച്ചായനും, തോമാച്ചായന്റെ മകന്‍ ഇരുമ്പന്‍ സണ്ണിയുമായിട്ടാണ് മത്സരമെന്നുമാണ് ബിജു കുറിക്കുന്നത്
ഭദ്രന്റെ സ്ഫടികവുമായി നേരിട്ട് പോരിന്; തോമാച്ചായന്റെ മകന്റെ മുന്നില്‍ തോമാച്ചായന്‍ തോല്‍ക്കാതിരിക്കട്ടെയെന്ന് ബിജു ജെ കട്ടക്കല്‍

സ്ഫടികത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് സംവിധായകന്‍ ബിജു ജെ കട്ടക്കല്‍. സ്ഫടികം സംവിധാനം ചെയ്ത ഭദ്രന്റെ വാക്കുകള്‍ പൂര്‍ണമായി തള്ളിക്കൊണ്ട് ഒരു മത്സരത്തിനൊരുങ്ങുകയാണ് ബിജു. ചിത്രം പുറത്തിറങ്ങി 25 വര്‍ഷം തികയുന്ന 2020 മാര്‍ച്ച് 30 ന് സ്ഫടികം 2 പുറത്തിറക്കാനാണ് തീരുമാനം. 

അന്നേ ദിവസം തന്നെ സ്ഫടികം റീ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് ഭദ്രന്‍. ഒരു വെല്ലുവിളിയായിട്ടാണ് ബിജു റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഒരു മത്സരമായിട്ടാണ് കാണുന്നതെന്നും തോമാച്ചായനും, തോമാച്ചായന്റെ മകന്‍ ഇരുമ്പന്‍ സണ്ണിയുമായിട്ടാണ് മത്സരമെന്നുമാണ് ബിജു കുറിക്കുന്നത്. തോമാച്ചായന്റെ മകന്റെ മുന്നില്‍ തോമാച്ചായന്‍ തോല്‍ക്കാതിരിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് സ്ഫടികം 2 ന്റെ ടീസര്‍ പുറത്തെത്തിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ആരാധകരും സിനിമ പ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിനെതിരേ രംഗത്തെത്തിയത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നും നിയമപരമായി നേരിടുമെന്നാണ് ഭദ്രന്‍ പറഞ്ഞത്. 

ബിജു ജെ. കട്ടക്കലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

2020 മാര്‍ച്ച് 30 മലയാള സിനിമയിലെ, ഒരു പുതിയ നാഴികകല്ലാകും, തോമാച്ചായന്‍ അവതരിച്ച 24വര്‍ഷം പൂര്‍ത്തിയായ അന്നേ ദിവസം, എന്റെ സിനിമ സ്ഫടികം 2 ഇരുമ്പന്‍, ടീസര്‍ പുറത്തു വിട്ടിരുന്നു, അതിന് ശേഷം സ്ഫടികം സിനിമയുടെ സംവിധായകന്‍, ഇരുപത്തിയഞ്ചാം വര്‍ഷം ആ സിനിമ റീ റിലീസ് ചെയ്യുമെന്നു അറിയിച്ചിരിക്കുന്നതില്‍ വളരെ സന്തോഷം ഉണ്ട്, കാരണം അന്നേ ദിവസം തന്നെയാണ്, സ്ഫടികം 2 ഇരുമ്പന്‍ റിലീസ് ചെയുന്നത്, ഇത് ഒരു മത്സരം ആയി കാണുന്നു, സ്ഫടികവും, സ്ഫടികം 2 ഇരുമ്പനും തമ്മിലുള്ള മത്സരം, തോമാച്ചായനും, തോമാച്ചായന്റെ മകന്‍ ഇരുമ്പന്‍ സണ്ണിയും ആയുള്ള മത്സരം,വിവാദങ്ങള്‍ അവസാനിക്കുകയോ, അവസാനിക്കാതിരിക്കുവോ ചെയ്യട്ടെ. ചാക്കോ മാഷ്, തോമായ്ക്കു മുന്നില്‍ തോറ്റു, പക്ഷെ ഈ മത്സരത്തില്‍ തോമാച്ചായന്റെ മകന്റെ മുന്നില്‍ തോമാച്ചായന്‍ തോല്‍ക്കാതിരിക്കട്ടെ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com