'ലോകത്തിലെ ഏറ്റവും വൃത്തികെട്ട പേരുകളിലൊന്നാണ്, ആസിഫിന് അറിയില്ല, ഞാനും ബൈജുവും അനുഭവിച്ചിട്ടുണ്ട്'; വിഷമം തുറന്നു പറഞ്ഞു ബിജു മേനോന്‍

മലയാള സിനിമ അധികം ഉപയോഗിക്കാത്ത നടനാണ് ബൈജു എന്നാണ് ബിജു മേനോനും ആസിഫ് അലിയും പറയുന്നത്
'ലോകത്തിലെ ഏറ്റവും വൃത്തികെട്ട പേരുകളിലൊന്നാണ്, ആസിഫിന് അറിയില്ല, ഞാനും ബൈജുവും അനുഭവിച്ചിട്ടുണ്ട്'; വിഷമം തുറന്നു പറഞ്ഞു ബിജു മേനോന്‍

നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി തീയെറ്ററിലെക്ക് എത്തുകയാണ്. ചിത്രത്തില്‍ ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഷാജി എന്ന പേരാണ് ചിത്രത്തിലെ ഏറ്റവും പ്രാധാന്യം. പേരുകൊണ്ട് വിഷമം അനുഭവിച്ചിട്ടുള്ള എല്ലാ ഷാജിമാര്‍ക്കുമായി ചിത്രം സമര്‍പ്പിക്കുന്നത് എന്നാണ് ബിജു മേനോനും ആസിഫ് അലിയും പറയുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോയിലാണ് പേരിന്റെ വിഷമത്തെക്കുറിച്ച് ബിജു മേനോന്‍ മനസു തുറന്നത്. 

'ആസിഫ് അലി അത്ര അനുഭവിച്ചുണ്ടാകില്ല, പക്ഷേ ഞാനും ബൈജുവും അനുഭവിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പേരുകളിലൊന്നാണ് ബിജു, ബൈജു, സജി ഷാജി. ശശി പിന്നെ സ്‌കോര്‍ ചെയ്തുപോയി. ഈ പേരുവച്ചൊരു സിനിമ കൂടി കിട്ടിയപ്പോള്‍ അതിന്റെ ബാധ്യത ഞങ്ങള്‍ക്കുണ്ട്. എനിക്കും ബൈജുവിനുമാകും ഈ ഷാജിയെ കൂടുതല്‍ ഫീല്‍ ചെയ്തിട്ടുണ്ടാകുക. ഷാജിയെന്നു പേരുള്ള ആളുകള്‍ അനുഭവിക്കുന്ന വേദന ഞങ്ങള്‍ക്കും അറിയാം' ബിജു മേനോന്‍ പറഞ്ഞു. 

മലയാള സിനിമ അധികം ഉപയോഗിക്കാത്ത നടനാണ് ബൈജു എന്നാണ് ബിജു മേനോനും ആസിഫ് അലിയും പറയുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബൈജു സിനിമയിലേക്ക് തിരികെ എത്തുന്നത്. മടങ്ങിവരവിന് ശേഷം മികച്ച കഥാപാത്രങ്ങളെയാണ് ബൈജുവിന് ലഭിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 

കാഴ്ചക്കാരുടെ പള്‍സറിയുന്ന ആളാണ് നാദിര്‍ഷ. ചിത്രം മികച്ച എന്റര്‍ടെയ്‌നറാണെന്നുമാണ് നടന്മാര്‍ പറയുന്നത്. നാദിര്‍ഷയുടെ കൂടെ സിനിമ ചെയ്യുന്നത് ഒരു പ്രത്യേക അനുഭവമാണ്. കാഴ്ച്ചക്കാരുടെ പള്‍സറിയുന്ന ആളാണ് അദ്ദേഹം. സ്‌റ്റേജ് പ്രോഗ്രാമിലൂടെയും മറ്റും നാദിര്‍ഷ പ്രേക്ഷകരെ അടുത്തറിഞ്ഞിട്ടുണ്ട്. അത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്യാറുണ്ട്. മുമ്പിറങ്ങിയ സിനിമകളില്‍ നിന്ന് അത് പ്രകടമാണ്.

സിനിമയില്‍ കൊച്ചി ഷാജിയായി ആസിഫ് അലിയും തിരുവനന്തപുരം ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനുമാണ് എത്തുന്നത്. യാതൊരു ബന്ധവുമില്ലാത്ത ഇവരെ സാഹചര്യങ്ങളാണ് ഒന്നിപ്പിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ നിഖില വിമലാണ് നായികയായി എത്തുന്നത്. ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. ഏപ്രില്‍ അഞ്ചിനാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com