'മൂന്ന് വയസില്‍ അച്ഛന്‍ മുഖത്ത് ആസിഡ് ഒഴിച്ച കുഞ്ഞിനെ കണ്ടു'; നാല് മണിക്കൂര്‍ നേരമെടുത്തുള്ള മേക്കപ്പിനേക്കാള്‍ പാര്‍വതിയെ ബുദ്ധിമുട്ടിച്ചത്

ആല്‍ക്കഹോളും അസെറ്റോണും തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ള മേക്കപ്പാണ് ചിത്രത്തിന് വേണ്ടി താരം ചെയ്തിരുന്നത്
'മൂന്ന് വയസില്‍ അച്ഛന്‍ മുഖത്ത് ആസിഡ് ഒഴിച്ച കുഞ്ഞിനെ കണ്ടു'; നാല് മണിക്കൂര്‍ നേരമെടുത്തുള്ള മേക്കപ്പിനേക്കാള്‍ പാര്‍വതിയെ ബുദ്ധിമുട്ടിച്ചത്

പാര്‍വതിയെ പ്രധാന കഥാപാത്രമായി എത്തുന്ന ഉയരെ തീയെറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിനെക്കുറിച്ച് ലഭിക്കുന്നത്. ആസിഡ് അറ്റാക്കിനെ അതിജീവിച്ച പെണ്‍കുട്ടിയായിട്ടാണ് പാര്‍വതി എത്തുന്നത്. ചിത്രത്തിന് വേണ്ടി മൂന്നും നാലും മണിക്കൂറാണ് പാര്‍വതി ചെലവഴിച്ചത്. എന്നാല്‍ മേക്കപ്പിട്ടതിന് ശേഷം ഒരുപാട്  മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോയി എന്നാണ് താരം പറയുന്നത്. ചിത്രത്തിന് വേണ്ടി ആസിഡ് ആക്രമണത്തിന് ഇരയായവരെ നേരിട്ട് പോയി കണ്ടതിനെക്കുറിച്ചും പാര്‍വതി പറയുന്നുണ്ട്. 

ആല്‍ക്കഹോളും അസെറ്റോണും തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ള മേക്കപ്പാണ് ചിത്രത്തിന് വേണ്ടി താരം ചെയ്തിരുന്നത്. പൊള്ളുന്ന രീതിയിലുള്ള മേക്കപ്പുമിട്ട് 19 മണിക്കൂറോളമാണ് അഭിനയിച്ചത്. ആറ് മണിക്കൂറിന്റെ ഇടവേള മാത്രമാണ് കിട്ടിയിരുന്നത്. എന്നാല്‍ ഇതൊന്നുമായിരുന്നില്ല പാര്‍വതിയുടെ പ്രശ്‌നം. മേക്കപ്പിട്ട് കഴിഞ്ഞാല്‍ ചില ശാരീരിക പരിമിതികളുണ്ടായിരുന്നു. അതിനൊപ്പം മറ്റുള്ളവര്‍ തന്നെ കാണുമ്പോള്‍ ഞെട്ടുന്നത് തന്നെ വളരെ അധികം ബാധിച്ചിരുന്നു എന്നാണ് താരം പറയുന്നത്. 

''മേക്കപ്പ് ഇട്ടശേഷം ശാരീരികമായ പരിമിതികളുണ്ട്. അധികം സംസാരിക്കാന്‍ കഴിയില്ല, ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. ഇതിനുമപ്പുറം ആന്തരികമായി കടന്നുപോകേണ്ടിവരുന്ന വെല്ലുവിളികളുണ്ട്. മേക്കപ്പിനെക്കുറിച്ച് സെറ്റില്‍ എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അവര്‍ക്ക് കാണുമ്പോള്‍ ഞെട്ടലുണ്ടാകുന്നു. അതെനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അപ്പോള്‍ ഞാന്‍ ചിന്തിച്ചത്, ആസിഡ് അറ്റാക്കിന് ഇരകളായവര്‍ എങ്ങനെ ജീവിക്കുന്നു എന്നാണ്.'

അഞ്ച് ദിവസം ആ മുഖം കണ്ടുകഴിഞ്ഞപ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ പാര്‍വതിക്കായി. എന്നാല്‍ തന്റെ ചുറ്റുമുള്ളവര്‍ക്ക് അപ്പോഴും അത് അംഗീകരിക്കാന്‍ സാധിച്ചില്ലെന്നാണ് പാര്‍വതിയുടെ വാക്കുകള്‍. സ്വയം ഉള്‍ക്കൊള്ളുക എന്നത് എളുപ്പമാണെന്നും സമൂഹമാണ് പലപ്പോഴും ഇത് അംഗീകരിക്കാത്തത് എന്നുമാണ് താരം പറയുന്നത്. 'സമൂഹമാണ് പ്രശ്‌നം. നമ്മളെ ഉള്‍ക്കൊള്ളാന്‍ സമൂഹം അനുവദിക്കില്ല. എന്നെ കാണുമ്പോള്‍ സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാകുന്നു, അപ്പോള്‍ ഞാന്‍ സമൂഹത്തിന്റെ കാര്യം കൂടി നോക്കണം. ഈ ട്രോമകളെ അതിജീവിച്ചാലും അംഗീകരിക്കണം എന്നില്ല. ഇത്രയൊക്കെ അനുഭവിച്ചിട്ടും ഇവളെന്താണ് സന്തോഷിച്ചിരിക്കുന്നത് എന്നാകും ചിന്തിക്കുക. ശരിക്കും സന്തോഷിക്കുകയല്ലേ വേണ്ടത്? അതുതന്നെയാണ് എന്നെ ഏറ്റവുമധികം ബാധിച്ചത്.'

മൂന്നാം വയസില്‍ അച്ഛന്റെ ആക്രമണമേറ്റ കുഞ്ഞിനെയാണ് പാര്‍വതി കാണാനായി പോയത്. രണ്ട് കുഞ്ഞുങ്ങളെയാണ് അയാള്‍ ആസിഡ് ഒഴിച്ച് ആക്രമിച്ചത്. ഒരു കുഞ്ഞ് മരിക്കുകയും ഒരു കുഞ്ഞിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുകയും ചെയ്തു. അമ്മയുടെ കൈക്കും പൊള്ളലേറ്റിരുന്നു. ഇതുവരെ ആ ഭര്‍ത്താവിനെ വിട്ടുപോകാന്‍ സമൂഹം അവരെ അനുവദിച്ചിട്ടില്ലെന്നാണ് പാര്‍വതി പറയുന്നത്. ഈ വേദന മുഴുവനായി കാണിക്കാന്‍ തനിക്ക് പറ്റില്ലെന്നും എന്നാല്‍ പറ്റുന്നതിന്റെ പരമാവധി ഭംഗിയായി ചെയ്തിട്ടുണ്ടെന്നുമാണ് താരം കൂട്ടിച്ചേര്‍ത്തു. 

നവാഗതനായ മനു അശോകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയാണ് തിരക്കഥ. ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധിഖ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ പൈലറ്റാവാന്‍ പഠിക്കുന്ന പല്ലവി രവീന്ദ്രനായാണ് പാര്‍വതി എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com