ബിജെപി എംപി സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്ത് മകനും നടനുമായ ഗോകുല്‍ സുരേഷ് രംഗത്ത്. തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ സുരേഷ് ഗോപിയുടെ എംപി വികസന ഫണ്ടില്‍ നിന്ന് പ്ലാസ്റ്റിക് റീസൈക്ലിങ് മെഷീന് സ്ഥാപിച്ചതിനെ അഭിനന്ദിച്ചാണ് ഗോകുല്‍ രംഗത്തെത്തിയത്. അച്ഛന്റെ കഴിവുകളെ ആരൊക്കെ തടയാന്‍ ശ്രമിച്ചാലും അദ്ദേഹം അഭിമാനമാണ് എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റില്‍ ഗോകുല്‍ കുറിച്ചത്.
'മാധ്യമങ്ങളും നിയമനിര്‍മാതാക്കളും സര്‍ക്കാരുമെല്ലാം അച്ഛന്റെ യോഗ്യതകളെ എത്രത്തോളം തടഞ്ഞുവച്ചാലും, പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോവുന്ന നിങ്ങള്‍ അഭിമാനമാണ് അച്ഛാ' ഗോകുല്‍ സുരേഷ് കുറിച്ചു.
സുരേഷ് ഗോപി എംപിയുടെ വികസന ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് റീസൈക്ലിങ് മെഷീന് സ്ഥാപിച്ചത്. ഒരു മണിക്കൂറില്‍ 400 മുതല്‍ 500 വരെ കുപ്പികള്‍ നിക്ഷേപിച്ച് പൊടിക്കാന്‍ സാധിക്കുന്നതാണ് മെഷീന്. ഒ രാജഗോപാല്‍ എംഎല്‍എയാണ് മെഷീന് ഉദ്ഘാടനം ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ