'റിലീസിന് മുന്‍പേ മോശം റിവ്യൂകളും ട്രോളുകളും ഇറങ്ങി, പിന്നില്‍ സിനിമപ്രവര്‍ത്തകര്‍ തന്നെയെന്ന് സംശയം'; മാമാങ്കം നിര്‍മാതാവ്

തിയതി മാറ്റിയത് അറിയാതെ 21ന് ആദ്യഷോ അവസാനിക്കുന്ന സമയം കണ്ട് ചിത്രത്തെക്കുറിച്ചുള്ള മോശം റിവ്യൂകളും ട്രോളുകളും ഇറങ്ങി
'റിലീസിന് മുന്‍പേ മോശം റിവ്യൂകളും ട്രോളുകളും ഇറങ്ങി, പിന്നില്‍ സിനിമപ്രവര്‍ത്തകര്‍ തന്നെയെന്ന് സംശയം'; മാമാങ്കം നിര്‍മാതാവ്

കൊച്ചി; മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരാണോയെന്ന് സംശയിക്കുന്നതായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ചിത്രത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണ്. അതിന്റെ ഭാഗമായാണ് ചിത്രം റിലീസ് ചെയ്തതിന് മുന്‍പേ മോശം റിവ്യൂകളും ട്രോളുകളും ഇറങ്ങിയത് എന്നാണ് അദ്ദേഹം പറയുന്നത്. 

മൂന്ന് ഭാഷകളില്‍ ഒരേസമയമാണ് ചിത്രം റിലീസിന് എത്തിയത്. എന്നാല്‍ കേരളത്തില്‍ മാത്രമാണ് ഈ തരംതാഴ്ത്തലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം സിനിമ നവംബര്‍ 21ന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കുറച്ചുകൂടി ബാക്കിയുണ്ടായിരുന്നതുകൊണ്ട് തിയതി മാറ്റിയിരുന്നു. തിയതി മാറ്റിയത് അറിയാതെ 21ന് ആദ്യഷോ അവസാനിക്കുന്ന സമയം കണ്ട് ചിത്രത്തെക്കുറിച്ചുള്ള മോശം റിവ്യൂകളും ട്രോളുകളും ഇറങ്ങി. 

പിന്നീട് സിനിമ റിലീസ് ചെയ്തതിന് ശേഷം തീയെറ്ററില്‍ നിന്ന് സീനുകള്‍ പകര്‍ത്തി മോശം പശ്ചാത്ത്‌ല സംഗീതത്തോടൊപ്പം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇതിലൂടെ പ്രേക്ഷകര്‍ക്ക് സിനിമ കാണാനുള്ള താല്‍പ്പര്യമാണ് നഷ്ടമായതെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. ആദ്യ സംവിധായകനെ മാറ്റിയതിന് ശേഷം അയാളില്‍ നിന്ന് നിരവധി മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ് വേണു പറയുന്നത്. 

മൂന്നില്‍ കൂടുതല്‍ പ്രാവശ്യം സിനിമ റിലീസിനുവേണ്ടി കോടതി കയറിയിറങ്ങി. റിലീസ് തിയതി മൂന്നാഴ്ചത്തേയ്ക്കാണ് നീട്ടിയത്. ആദ്യം 800 തീയെറ്ററിലാണ് റിലീസ് ഉദ്ദേശിച്ചിരുന്നത്. പിന്നീട് 2000 തീയെറ്ററുകളിലേക്ക് മാറ്റി. ആയിരത്തോളം വിദേശ തീയെറ്ററുകളിലാണ് ചിത്രം എത്തിയത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ മുടക്കു മുതല്‍ തിരിച്ചുപിടിക്കാനായത് ഇതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com