'രാമചന്ദ്രബാബുവിനെ കാണാന്‍ ഒരു നടനോ നടിയോ എത്തിയില്ല, ഇത്രയും നന്ദികേട് സിനിമയില്‍ മാത്രമേയുള്ളൂ'; ആരോപണവുമായി സംവിധായകന്‍

'രാമചന്ദ്രബാബുവിനെ കാണാന്‍ ഒരു നടനോ നടിയോ എത്തിയില്ല, ഇത്രയും നന്ദികേട് സിനിമയില്‍ മാത്രമേയുള്ളൂ'; ആരോപണവുമായി സംവിധായകന്‍

125ല്‍ പരം സിനിമകള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിച്ച കലാകാരനോട് കണിച്ച ക്രൂരതയോര്‍ത്ത് ലജ്ജിക്കുന്നുണ്ടെന്നും  അദ്ദേഹം വ്യക്തമാക്കി

ലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. മരിച്ചതിന് ശേഷം മലയാള സിനിമ അദ്ദേഹത്തിന് അര്‍ഹിച്ച പരിഗണന നല്‍കിയില്ലെന്ന ആരോപണവുമായി സംവിധായകന്‍ രംഗത്ത്. രാമചന്ദ്രബാബുവിന്റെ മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ മലയാളത്തിലെ ഒരു നടനോ നടിയോ എത്തിയില്ല എന്നാണ് ആര്‍ സുകുമാരന്‍ പറയുന്നത്. 125ല്‍ പരം സിനിമകള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിച്ച കലാകാരനോട് കണിച്ച ക്രൂരതയോര്‍ത്ത് ലജ്ജിക്കുന്നുണ്ടെന്നും  അദ്ദേഹം വ്യക്തമാക്കി.

പേട്ടയിലെ വീട്ടിലും കലാഭവനിലുമാണ് രാമചന്ദ്രബാബുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. എന്നാല്‍ മലയാള സിനിമയിലെ ഒരു നടനോ നടിയോ എത്തിയില്ല. തിരുവനന്തപുരത്തുള്ളവര്‍ പോലും വന്നു കണ്ടില്ല. മാത്രമല്ല അനുശോചനയോഗം പോലും നടത്തിയില്ല. ഇത്രയും നന്ദികേട് സിനിമയില്‍ മാത്രമേയൊള്ളൂ എന്നാണ് സുകുമാരന്‍ പറയുന്നത്. കൊമേഴ്‌സ്യല്‍ പടമെന്നോ അവാര്‍ഡ് പടമെന്നോ വേര്‍തിരിവ് കൂടാതെ എല്ലാത്തരം പടങ്ങള്‍ക്കും അദ്ദേഹം ഒരുമയോടെ സഹകരിച്ചിട്ടുണ്ട്. തന്നോടൊപ്പം യുഗപുരുഷന്‍ എന്ന സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ലൊക്കേഷന്‍ തേടി മാസങ്ങളോളം കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തന്നോടൊപ്പം ബാബുസാര്‍ ഉണ്ടായിരുന്നെന്നും വ്യക്തമാക്കി.

പ്രതിസന്ധികളുണ്ടാകുമ്പോഴെല്ലാം മുന്നിട്ടുനിന്ന് പരിഹരിക്കുകയും പോംവഴികള്‍ പറഞ്ഞുതരികയും ചെയ്തിട്ടുള്ള വ്യക്തിയാണ് രാമചന്ദ്രബാബു. ആര്‍ക്കും കുതികാല്‍ വെട്ടാതെ സൗമ്യനായി എല്ലാവരോടും സഹകരിച്ച് അറിവ് പകര്‍ന്നു നല്‍കി എല്ലാവരേയും സഹായിക്കുകയും ചെയ്ത അദ്ദേഹം അമ്പത് വര്‍ഷത്തോളമായി സിനിമ മേഖലയിലുണ്ട്. അദ്ദേഹത്തോടാണ് ക്രൂരത ചെയ്തതെന്നും സുകുമാരന്‍ ആരോപിച്ചു.

ഡിസംബര്‍ 21നാണ് രാമചന്ദ്രബാബു അന്തരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, നിര്‍മാല്യം, പടയോട്ടം, യവനിക, ഗസല്‍, രതിനിര്‍വേദം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി ശ്രദ്ധനേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com