'ഇരുപത് വര്‍ഷം മുന്‍പത്തെ ആള്‍ അല്ല ഞാന്‍, പ്രേക്ഷകര്‍ക്കും അത് കാണാനാകും'; മനസു തുറന്ന് മമ്മൂട്ടി

മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന സിനിമ വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്
'ഇരുപത് വര്‍ഷം മുന്‍പത്തെ ആള്‍ അല്ല ഞാന്‍, പ്രേക്ഷകര്‍ക്കും അത് കാണാനാകും'; മനസു തുറന്ന് മമ്മൂട്ടി

പേരന്‍പിലൂടെ തെന്നിന്ത്യന്‍ സിനിമ ലോകത്തിന് അത്ഭുതമായി മാറിയിരിക്കുകയാണ് മമ്മൂട്ടി. റിലീസ് ചെയ്ത ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. പഴയ മമ്മൂട്ടിയെ തിരികെ കിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ താന്‍ പണ്ടത്തെ ആള്‍ അല്ലെന്നാണ് മമ്മൂട്ടി പറയുന്നത്. താന്‍ ഇരുപതു വര്‍ഷം മുന്‍പ് കണ്ട ആള്‍ അല്ലെന്നും അത് പ്രേക്ഷകര്‍ക്ക് മനസിലാകുമെന്നാണ് വിചാരിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു. 

'ഞാന്‍ ഇപ്പോള്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ആള്‍ അല്ല. പ്രക്ഷകര്‍ക്കും അത് കാണാനാകുമെന്നാണ് വിചാരിക്കുന്നത്. എങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് നോക്കാം. ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുന്നത് യാത്ര എങ്ങനെയായിരിക്കും എന്ന് അറിയാനായാണ്. പേരന്‍പിന് പിന്നാലെ മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ യാത്രയും റിലീസിന് എത്തുകയാണ്. 

മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന സിനിമ വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്. 27 വര്‍ഷത്തിന് ശേഷമാണ് തെലുങ്ക് സിനിമയിലേക്ക് മമ്മൂട്ടി മടങ്ങിയെത്തുന്നത്. 1992 ല്‍ പുറത്തിറങ്ങിയ സ്വാദി കിരണം എന്ന സിനിമയാണ് മമ്മൂട്ടിയുടെ അവസാനത്തെ തെലുങ്ക് ചിത്രം. അതിന് ശേഷം നടന്‍ എന്ന നിലയില്‍ തന്നെ പ്രചോദിപ്പിക്കുന്ന ഒരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്.

അങ്ങനെയൊരു കഥ കിട്ടാന്‍ രണ്ട് പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. വൈഎസ്ആറിനെ അധികാരത്തില്‍ എത്തിച്ച പദയാത്രയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഹി വി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായി നടത്തിയ യാത്രകളും അനുഭവങ്ങളും തന്നെ വേദനിപ്പിച്ചു എന്നാണ് മമ്മൂട്ടി പറയുന്നത്.

കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും ആന്ധ്രയിലായാലും വികാരങ്ങളെല്ലാം ഒന്നാണ്. ദാരിദ്രത്തിന് ഒരേ നിറമാണ്. ചിത്രത്തിലെ ചില രംഗങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ചിലസമയങ്ങളില്‍ എന്നെ തന്നെ നിയന്ത്രിക്കേണ്ടതായിവന്നു. ഞാന്‍ അഭിനയിക്കുകയാണ് എന്ന് എന്നോട് തന്നെ പറയേണ്ടി വന്നു. സാധാരണ ചെയ്യുന്ന കഥാപാത്രങ്ങളുമായി ഞാന്‍ വൈകാരികമായി അടുക്കാറില്ല. സംവിധായകന്‍ കട്ട് പറഞ്ഞാല്‍ കഥാപാത്രത്തില്‍ നിന്ന് പുറത്തുകടക്കും' മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. 

വൈഎസ്ആറിന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നതും മമ്മൂട്ടി തന്നെയാണ്. അടുത്തിടെ പുറത്തുവന്ന യാത്രയിലെ ട്രെയ്‌ലറിലെ മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷന്‍ മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാഷകള്‍ ഉപയോഗിക്കാന്‍ തനിക്ക് നല്ല കഴിവുണ്ടെന്നും അതിനാല്‍ തനിക്ക് കഴിയുന്ന പോലെ എല്ലാ ഭാഷകളും സംസാരിക്കാന്‍ ഇഷ്ടമാണെന്നും താരം വ്യക്തമാക്കി. മലയാളവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഭാഷയായിട്ടാണ് തെലുങ്കിനെ തോന്നിയത്. ഉച്ഛാരണം പഠിച്ചെടുക്കാന്‍ കുറച്ചു സമയമെടുത്തു. എന്നാല്‍ റിസല്‍റ്റില്‍ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്. പേരന്‍പിലും മമ്മൂട്ടി തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com