തന്നെ ഞെട്ടിച്ച ആരാധകനില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി വിജയ് സേതുപതി; വീഡിയോ വൈറല്‍

മക്കള്‍ സെല്‍വന്റെ രൂപത്തില്‍ എത്തിയ അജിത് ചെങ്ങറ എന്ന മിമിക്രി കലാകാരനാണ് ഷൂട്ടിങ് സെറ്റില്‍ അത്ഭുതമായി മാറിയത്
തന്നെ ഞെട്ടിച്ച ആരാധകനില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി വിജയ് സേതുപതി; വീഡിയോ വൈറല്‍

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയ തമിഴ് നടന്‍ വിജയ് സേതുപതിയെ കാണാനും ഒരു സെല്‍ഫി എടുക്കാനും ആരാധകരുടെ തിരക്കാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വിജയ് സേതുപതിയെപ്പോലും ഞെട്ടിച്ചുകൊണ്ട് ഒരാള്‍ ഷൂട്ടിങ് സെറ്റില്‍ എത്തി. അയാളെ കണ്ട് താരത്തെ കാണാന്‍ എത്തിയവര്‍ ചുറ്റും കൂടി. ചിലര്‍ സെല്‍ഫി എടുത്തു. മക്കള്‍ സെല്‍വന്റെ രൂപത്തില്‍ എത്തിയ അജിത് ചെങ്ങറ എന്ന മിമിക്രി കലാകാരനാണ് ഷൂട്ടിങ് സെറ്റില്‍ അത്ഭുതമായി മാറിയത്. 

തന്റെ ആരാധനപുരുഷനെ കാണാന്‍ അദ്ദേഹത്തിന്റെ വേഷത്തിലാണ് അജിത്ത് എത്തിയത്. സെറ്റില്‍ അജിത്ത് വൈറലായതോടെ പ്രൊഡക്ഷനിലുള്ളവരാണ് അദ്ദേഹത്തെ താരത്തിന്റെ മുന്നില്‍ എത്തിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയെത്തിയ വിജയ് സേതുപതി തന്റെ രൂപത്തില്‍ നില്‍ക്കുന്നയാളെ കണ്ട് കൗതുകത്തോടെ നോക്കി. ഒരു ഓട്ടോഗ്രാഫ് ചോദിച്ച അജിത്തിനെ ഞെട്ടിച്ചത് സേതുപതിയുടെ മറുചോദ്യമാണ്, ഒരു ഓട്ടോഗ്രാഫ് തരുമോ!. തന്റെയും വിജയ് സേതുപതിയുടേ ഫോട്ടോയും ചേര്‍ത്തുവെച്ച കൊളാഷുമായിട്ടാണ് അജിത്ത് എത്തിയത്. അതില്‍ ഒരു ഫോട്ടോയില്‍ സേതുപതി ഓട്ടോഗ്രാഫ് നല്‍കിയപ്പോള്‍ മറ്റൊരു ഫോട്ടോയില്‍ താരം അജിത്തില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി. സേതുപതിയോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുത്താണ് അജിത്ത് മടങ്ങിയത്. വിജയ് സോതുപതിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

അജിത്തിനുള്ളില്‍ ഒരു വിജയ് സേതുപതിയുണ്ടെന്ന് കണ്ടെത്തിയത് അനുജന്‍ വിനോദായിരുന്നു. തുടര്‍ന്ന് സ്‌റ്റേജില്‍ വിജയ് സേതുപതിയായി എത്താന്‍ തുടങ്ങി. അതിനിടെ താരത്തെക്കുറിച്ച് കൂടുതല്‍ വായിച്ചതോടെ സേതുപതിയുടെ കട്ട ഫാനായി അജിത്ത്. ഷൂട്ടിങ്ങിന് എത്തിയത് അറിഞ്ഞ് താരത്തെ കാണാന്‍ അജിത്ത് എത്തിയിരുന്നു. സെല്‍ഫി എടുത്താണ് മടങ്ങിയത്. എന്നാല്‍ അപ്പോള്‍ മമിക്രിയുടെ കാര്യമൊന്നും പറഞ്ഞിരുന്നില്ല. പിന്നീട് സഹോദരന്റേയും സുഹൃത്തുക്കളുടേയും നിര്‍ബന്ധത്തിലാണ് വീണ്ടും പോകുന്നത്. വിജയ് സേതുപതിയുടേതുപോലെ മുണ്ടും ഷര്‍ട്ടും ധരിച്ച് ഹെയര്‍സ്‌റ്റൈലും സെറ്റ് ചെയ്തായിരുന്നു പോക്ക്. എന്തായാലും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഇതിനെ കാണുന്നത് എന്നാണ് അജിത്ത് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com