എന്നെ റെക്കമെന്റ് ചെയ്തത് മോഹന്‍ലാലല്ല ; ലാല്‍ വാദിച്ചത് വേറൊരു നടിക്കുവേണ്ടി ; തുറന്ന് പറഞ്ഞ് രേവതി

ഭാനുമതിയായി അഭിനയിക്കാന്‍ മൂന്ന് നായികനടിമാരെയാണ് അവസാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്
എന്നെ റെക്കമെന്റ് ചെയ്തത് മോഹന്‍ലാലല്ല ; ലാല്‍ വാദിച്ചത് വേറൊരു നടിക്കുവേണ്ടി ; തുറന്ന് പറഞ്ഞ് രേവതി


ഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ ഒരു മടിയും കാണിക്കാത്ത നടിയാണ് രേവതി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരസംഘടനയുമായി നേരിട്ട് ഏറ്റുമുട്ടിയ നടിമാരില്‍ പ്രമുഖയായിരുന്നു രേവതി. കിലുക്കവും ദേവാസുരവും അടക്കം മലയാളികള്‍ എന്നും ഓര്‍ക്കുന്ന നിരവധി സിനിമകളിലാണ് രേവതി വേഷമിട്ടത്. രേവതിയുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഐ വി ശശി-രഞ്ജിത്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദേവാസുരം. 

ദേവാസുരത്തില്‍ ഞാന്‍ നായികയായി അഭിനയിച്ചത് മോഹന്‍ലാല്‍ റെക്കമെന്റ് ചെയ്തിട്ടല്ലെന്ന് രേവതി പറഞ്ഞു. ഭാനുമതിയായി അഭിനയിക്കാന്‍ മൂന്ന് നായികനടിമാരെയാണ് അവസാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ശോഭനയും ഭാനുപ്രിയയും ഞാനും. ശോഭനക്കും ഭാനുപ്രിയക്കും വേണ്ടി വാദിച്ചത് മോഹന്‍ലാലും രഞ്ജിത്തുമായിരുന്നു. എന്റെ പേര് പറഞ്ഞത് സംവിധായകന്‍ ഐ വി ശശി സാറാണ്. നര്‍ത്തകിമാര്‍ എന്ന പ്ലസ് പോയിന്റായിരുന്നു ശോഭനക്കും ഭാനുപ്രിയക്കും. അതേസമയം നെടുമുടി വേണുവിന്റെ മകളായും നീലകണ്ഠന്റെ തോല്‍വിക്ക് കാരണക്കാരിയായും അഭിനയിക്കാന്‍ പറ്റിയ രൂപം എന്റേതാണെന്നായിരുന്നു ഐ വി ശശി സാറിന്റെ വിലയിരുത്തല്‍. അങ്ങനെയാണ് എനിക്ക് ദേവാസുരത്തിലെ ഭാനുമതിയാകാന്‍ കഴിഞ്ഞത്.

'നീലകണ്ഠന്‍ എന്ന ആഭാസന്റെ മുന്നില്‍ ചിലങ്കയണിഞ്ഞ് നൃത്തം ചെയ്യേണ്ടി വന്നാലത്തെ ചിന്ത മനസിലുദിച്ചപ്പോള്‍ ഞാന്‍ രേവതി അല്ലാതായി. ഒരു പെണ്ണിനോട് എന്ത് ക്രൂരതയും കാണിക്കാമെന്നു കരുതി, പവിത്രമായ നൃത്തം കളങ്കപ്പെടുത്തിയ നീലകണ്ഠന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് ചിലങ്ക അഴിച്ച് ഞാനിനി നൃത്തം ചെയ്യില്ലെന്നു പറഞ്ഞ രംഗം. അപ്പോള്‍ എനിക്കു അതുവരെ ഇല്ലാതിരുന്ന ആവേശം അമിതാഭിനയത്തിലേക്ക് വഴുതിപ്പോകാതെ ശ്രദ്ധിച്ചുവെന്നും രേവതി പറഞ്ഞു.

അഭിനയിച്ച സിനിമകളില്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച, നല്ല നടിക്കുള്ള അവാര്‍ഡ് ലഭിക്കുമെന്ന് വിചാരിച്ച സിനിമയാണ് മണിരത്‌നത്തിന്റെ അഞ്ജലി.ആ സിനിമ എന്റെ മനസില്‍ എന്തൊക്കെയോ ചലനങ്ങള്‍ ഉണ്ടാക്കി. ബുദ്ധിയുറക്കാത്ത കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് ഏതൊരാളെയും വേദനിപ്പിക്കും. ഇത്തരമൊരു രോഗത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും എനിക്കറിയാമായിരുന്നു. 'അഞ്ജലി' ചെയ്യുന്ന സമയം എനിക്കതെല്ലാം ഗുണകരമായി.'

നന്ദനത്തില്‍ പൃഥ്വിരാജിന്റെ അമ്മയായി അഭിനയിച്ചതിനെക്കുറിച്ചും രേവതി തുറന്നു പറഞ്ഞു. നന്ദനത്തില്‍ ഞാന്‍ പൃഥ്വിരാജിന്റെ അമ്മയായിട്ടല്ല അഭിനയിച്ചത്. തങ്കം എന്ന കഥാപാത്രത്തെയാണ്. ഇഷ്ടപ്പെട്ട കഥാപാത്രമായതുകൊണ്ട് മാത്രമാണ് അഭിനയിച്ചത്. ഇഷ്ടമില്ലാത്ത ഒരു കാര്യവും ഞാന്‍ ചെയ്യില്ല.

പല നടികളും അമ്മ വേഷത്തില്‍ അഭിനയിക്കാന്‍ മടി കാണിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, എന്നോട് എന്നെക്കുറിച്ച് മാത്രം ചോദിച്ചാല്‍ മതി. മറ്റു നടികള്‍ അമ്മയായി അഭിനയിക്കുന്നതും അഭിനയിക്കാതിരിക്കുന്നതും അവരുടെ ഇഷ്ടമാണെന്നായിരുന്നു മറുപടി. മിത്ര് മൈ ഫ്രണ്ട്, മകള്‍ എന്നീ സിനിമകള്‍ക്ക് ശേഷം, പുതിയൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും രേവതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com