'രാം കേ നാമ്' ഇനി അഡല്‍ട്ട്‌സ് ഒണ്‍ലി ; സര്‍ട്ടിഫിക്കറ്റ് തിരുത്തിയത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം

'രാം കേ നാമ്' ഇനി അഡല്‍ട്ട്‌സ് ഒണ്‍ലി ; സര്‍ട്ടിഫിക്കറ്റ് തിരുത്തിയത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം

സെന്‍സര്‍ ബോര്‍ഡിനെക്കാള്‍ കഷ്ടമായോ യൂട്യൂബിന്റെ അവസ്ഥയെന്ന അദ്ദേഹത്തിന്റെ കത്തിന്‌ 'ജയ് ഭീം' എന്ന ചിത്രത്തിന് നേരത്തേ എ സര്‍ട്ടിഫിക്കറ്റ് ആക്കിയിരുന്നുവല്ലോ എന്നായിരുന്നു

മുംബൈ: പ്രശസ്ത സംവിധായകനും ആക്ടിവിസ്റ്റുമായ ആനന്ദ് പട്വര്‍ധന്റെ ഡോക്യുമെന്ററിക്ക് 28 വര്‍ഷങ്ങള്‍ക്ക് ശേഷം 'എ' സര്‍ട്ടിഫിക്കറ്റ്. 1992 ല്‍ പുറത്തിറങ്ങിയ 'രാം കേ നാമ്' എന്ന പേരിലുള്ള ഡോക്യുമെന്ററിയാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. ബാബറി മസ്ജിദ് പ്രമേയമാക്കിയ ഡോക്യുമെന്ററി ദേശീയ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. 

തന്റെ ഡോക്യുമെന്ററിക്ക് പ്രായനിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ത്ത അദ്ദേഹം തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മതേതര നിലപാടുകളെ തകര്‍ക്കുന്ന ഹിന്ദു ഗുണ്ടകള്‍ക്ക് യൂട്യൂബും പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിനായി വിഎച്ച്പി നടത്തിയ പ്രവര്‍ത്തനങ്ങളും, രാമ ക്ഷേത്രം നിര്‍മ്മിക്കാനുള്ള അജണ്ടയും അതിനെത്തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപവുമാണ് ഡോക്യുമെന്ററി പറയുന്നത്.

1996 ല്‍ കോടതിവിധിയുടെ പിന്തുണയോടെ ദൂരദര്‍ശനില്‍ പ്രൈം ടൈമിലാണ് 'യു ' സര്‍ട്ടിഫിക്കറ്റോട് കൂടിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. റിലീസ് ചെയ്ത് 28 വര്‍ഷം കഴിയുമ്പോള്‍ ഒരു ചിത്രം ' അഡല്‍ട്ട്‌സ് ഒണ്‍ലി'യാവുന്നതിന്റെ രാഷ്ട്രീയം ഊഹിക്കാനാവുമെന്നും അത് സംഭ്രമം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡിനെക്കാള്‍ കഷ്ടമായോ യൂട്യൂബിന്റെ അവസ്ഥയെന്ന അദ്ദേഹത്തിന്റെ കത്തിന്‌ 'ജയ് ഭീം' എന്ന ചിത്രത്തിന് നേരത്തേ എ സര്‍ട്ടിഫിക്കറ്റ് ആക്കിയിരുന്നുവല്ലോ എന്നായിരുന്നു കമ്പനിയുടെ മറുപടി. ചില ഉപയോക്താക്കള്‍ക്ക് ഡോക്യുമെന്ററിയുടെ ഉള്ളടക്കം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്ന റിവ്യൂകള്‍ കിട്ടിയത് കൊണ്ടാണ് പ്രായ നിയന്ത്രണം വയ്ക്കുന്നതെന്നും യൂട്യൂബ് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com