സുഡാനിയിലേക്ക് സൗബിന്റെ പേര് ആലോചനയിലേ ഇല്ലായിരുന്നു: സക്കരിയ

സുഡാനിയുടെ സംവിധായകനെന്ന നിലയില്‍ തന്റെ ആദ്യ ചിത്രം തന്നെ അംഗീകരിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് സംവിധായകന്‍ സക്കരിയ.
സുഡാനിയിലേക്ക് സൗബിന്റെ പേര് ആലോചനയിലേ ഇല്ലായിരുന്നു: സക്കരിയ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം. ജനപ്രിയ ചിത്രമടക്കം അഞ്ചു പുരസ്‌കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. ഫുട്‌ബോളിന്റെ  പശ്ചാത്തലത്തില്‍ ശക്തമായ മനുഷ്യബന്ധങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. 

സുഡാനിയുടെ സംവിധായകനെന്ന നിലയില്‍ തന്റെ ആദ്യ ചിത്രം തന്നെ അംഗീകരിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് സംവിധായകന്‍ സക്കരിയ. ആദ്യ ചിത്രം തന്നെ മികച്ച നടന്‍ ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. നടന്‍ സൗബിനെ അവാര്‍ഡിന് അര്‍ഹനാക്കിയത് സുഡാനിയിലെ മാനേജര്‍ മജീദിന്റെ വേഷമാണ്.

സുഡാനി എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ഓപ്ഷനില്‍ ഇല്ലാത്ത പേരായിരുന്നു സൗബിന്‍ ഷാഹിറിന്റേത് എന്നാണ് സക്കരിയ പറയുന്നത്. തീര്‍ത്തും പുതിയ ആളുകളെ വച്ച് ചെയ്യാന്‍ തീരുമാനിച്ച സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. പിന്നീട് കഥ ഒരു പ്രൊഡക്ഷന്‍ കമ്പനിയുടെ മുന്നിലെത്തിയപ്പോള്‍ പോപ്പുലര്‍ നടന്‍ വേണമെന്ന് പറയുകയും എന്നാല്‍ ക്യാരക്ടറിന് ചേരുന്നയാള്‍ ആവണമെന്നുമുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ഡിസ്ട്രിബ്യൂട്ടര്‍ സൗബിനെ സജസ്റ്റ് ചെയ്യുകയായിരുന്നുവത്രേ.

അങ്ങനെ സൗബിന്‍ എല്ലാവര്‍ക്കും സ്വീകാര്യമാവുകയും ഉടനെ തന്നെ സൗബിനെ അറിയിക്കുകയും ചെയ്തുവെന്ന് സക്കരിയ പറയുന്നു. ഇങ്ങനെയാണെങ്കിലും സൗബിന് വേണ്ടി തിരക്കഥയില്‍ മാറ്റമൊന്നും വരുത്തേണ്ടി വന്നില്ല. 'സൗബിന്റെ സൗഹൃദത്തിലുള്ള ആളുകള്‍ നിര്‍മിക്കുന്ന സിനിമ എന്ന കംഫര്‍ട്ട് സോണിലേക്കാണ് അദ്ദേഹം വരുന്നത്. അതുകൊണ്ട് തന്നെ ഷൂട്ടിന്റെ തലേന്നാണ് പൂര്‍ണമായും സ്‌ക്രിപ്റ്റ് അദ്ദേഹം വായിച്ചു കേള്‍ക്കുന്നത്. അതുക്കൊണ്ടു തന്നെ നമ്മള്‍ എഴുതിവച്ച ക്യാരക്ടറിലേക്ക് സൗബിന്‍ എന്ന നടന്‍ എത്തുകയാണുണ്ടായത്'- സക്കരിയ പറഞ്ഞു. 

ഇതിനിടെ ചിത്രത്തില്‍ ഉമ്മമാരായെത്തിയ സരസ ബാലുശേരിക്കും സാവിത്രി ശ്രീധരനും അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സക്കരിയ പറഞ്ഞു. 

ജനപ്രിയ ചിത്രം, മികച്ച നവാഗത സംവിധായകന്‍ (സക്കരിയ), മികച്ച നടന്‍ (സൗബിന്‍), മികച്ച സ്വഭാവ നടി (സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി), മികച്ച തിരക്കഥ (സക്കരിയ, മുഹ്‌സിന്‍ പെരാരി) എന്നീ പുരസ്‌കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയയെ തേടിയെത്തിയത്. തിയ്യറ്ററുകളില്‍ വന്‍ വിജയമായ ചിത്രം നിരവധി അവാര്‍ഡുകള്‍ നേരത്തെ തന്നെ സ്വന്താക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com