കണ്ണീര്‍ കായലില്‍ കടലാസിന്റെ തോണിയിറക്കിയ പാട്ടിന്റെ ഏകാന്ത ചന്ദ്രിക

കണ്ണീര്‍ കായലില്‍ കടലാസിന്റെ തോണിയിറക്കിയ പാട്ടിന്റെ ഏകാന്ത ചന്ദ്രിക

കണ്ണീര്‍ കായലില്‍ കടലാസിന്റെ തോണിയിറക്കിയ പാട്ടിന്റെ ഏകാന്ത ചന്ദ്രിക

ചെയ്ത ചിത്രങ്ങളുടെ എണ്ണത്തിലല്ല ചിട്ടപ്പെടുത്തിയ പാട്ടുകളിലൂടെയാണ് എസ് ബാലകൃഷ്ണന്‍ എന്ന സംവിധായകന്‍ മലയാളികളുടെ പ്രിയ സംഗീതകാരനായത്. റാംജി റാവ് സ്പീക്കിങ് എന്ന ചിത്രത്തിലെ കണ്ണീര്‍ കായലിലേതോ കടലാസ്സിന്റെ തോണി എന്ന ഗാനമാണ് ചലചിത്രത്തിനായി അദ്യമൊരുക്കിയ ഗാനം. സിന്ധു ഭൈരവി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ആ ഗാനം 90 കളില്‍ മലയാളിയുടെ ചുണ്ടത്ത് നിറഞ്ഞുനിന്നവയായിരുന്നു. തുടര്‍ന്ന് സിദ്ദിഖ്- ലാല്‍ സംവിധാനം ചെയ്ത ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി എന്ന ചിത്രങ്ങള്‍ക്കായി ഒരുക്കിയ ഗാനങ്ങളെല്ലാം സംഗീതലോകത്ത് പുതുവസന്തം തീര്‍ത്തു.

പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയില്‍ മലയാള ബ്രാഹ്മണ കുടുംബത്തിലാണ് എസ് ബാലകൃഷ്ണന്‍ ജനിച്ചത്. എക്കോണമിക്‌സ് ഹിസ്റ്ററിയില്‍ ബിരുദ പഠനത്തിനായി കോയമ്പത്തൂര്‍ എത്തിയതോടെയാണ് അദ്ദേഹം സംഗീതത്തിലേക്ക് ആകൃഷ്ടനാകുന്നത്. അവിടെവച്ച് പ്രഗത്ഭരുടെ സംഗീതകച്ചേരികള്‍ കേള്‍ക്കല്‍ പതിവായി. ഇതാണ് തന്നെ സംഗീതലോകത്തെക്ക് എത്തിച്ചതെന്ന് ബാലകൃഷ്ണന്‍ തന്നെ പറയാറുണ്ടായിരുന്നു. 

ഏറെക്കാലം സംഗീത സംവിധായകന്‍ ഗുണ സിംഗിന്റെ സഹായിയായി പ്രവര്‍ത്തിച്ചു. പിന്നീട് കന്നഡ സംഗീത സംവിധായകര്‍ രാജന്‍  നാഗേന്ദ്രയുടെ പ്രധാന സഹായിയായി ഏഴു വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. കുറച്ചുകാലം  ഇളയരാജക്കൊപ്പവും പ്രവര്‍ത്തിച്ചു.  ഗുണ സിംഗിനൊപ്പം ഫാസിലിന്റെ  മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനും പടയോട്ടത്തിനും പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് എം ബി ശ്രീനിവാസന്റെ അസിസ്റ്റന്റാകുന്നത്. ഫാസിലിന്റെ തന്നെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ ആയിരുന്നു ആ ചിത്രം. 

റാംജിറാവ് സ്പീക്കീങ് എന്ന ചിത്രത്തിലെ കളിക്കളം ഇത് കളിക്കളം എന്ന ഗാനത്തിന് കീ ബോര്‍ഡ് വായിപ്പിച്ചത് ഏആര്‍ റഹ്മാനെക്കൊണ്ടായിരുന്നു. അതിനെ പറ്റി ബാലകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെ.' കുട്ടിക്കാലത്ത്  തന്നെ റഹ്മാന്‍ കീബോര്‍ഡ് വായിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ തീരുമാനിച്ചതാണ് ഒരു ചിത്രത്തിനായി സംഗീതമൊരുക്കുന്നുണ്ടെങ്കില്‍ റഹ്മാന് അവസരം നല്‍കണമെന്ന്. അങ്ങനെയാണ് കളിക്കളം എന്ന പാട്ടില്‍ റഹ്മാനെയും ശിവമണിയെയും ഉള്‍പപെടുത്തയത്. 

തുടര്‍ച്ചയായി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയിട്ടും മലയാള സിനിമാ രംഗം ബാലകൃഷ്ണനെ വേണ്ടത്ര പരിഗണിച്ചില്ല. അവസരം ലഭിക്കാത്തതില്‍ ആരോടും ബാലകൃഷ്ണന്‍ പരിഭവം പറഞ്ഞതുമില്ല. എങ്കിലും ബാലകൃഷ്ണന്‍ ഒരുക്കിയ ഗാനങ്ങളെല്ലാം ഇനിയും ഏറെക്കാലും മലയാളികള്‍ മൂളിനടക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com