"ഐ ലവ്‌ യു" എന്ന് മോഹന്‍ലാല്‍ ; "പോ മോനേ ദിനേശാ" എന്ന് ആരാധിക ; പൊട്ടിച്ചിരിച്ച് താരം, സദസ്സ്

ലാൽ അടുത്തെത്തിയപ്പോൾ ."സവാരി ഗിരിഗിരി" എന്ന ഡയലോ​ഗുകൊണ്ടാണ് നാദിയ വരവേറ്റത്
 "ഐ ലവ്‌ യു" എന്ന് മോഹന്‍ലാല്‍ ; "പോ മോനേ ദിനേശാ" എന്ന് ആരാധിക ; പൊട്ടിച്ചിരിച്ച് താരം, സദസ്സ്

മോഹൻലാൽ തൊട്ടുമുന്നിൽ എത്തിയപ്പോൾ നാദിയയ്ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. സൂപ്പർ താരം മുട്ടുകുത്തി നിന്നപ്പോൾ കള്ളച്ചിരിയോടെ നാദിയ ആവശ്യപ്പെട്ടു. "എന്നാ എന്നോടു പറ ഐ ലവ്‌ യു എന്ന്‌", "ഐ ലവ്‌ യു" എന്നു മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ഉടന്‍ വന്നു അടുത്ത മറുപടി "പോ മോനേ ദിനേശാ". കുവൈത്തിലെ സ്‌റ്റേജ്‌ ഷോയ്‌ക്കിടെയാണ്‌ മോഹന്‍ലാലും കുവൈത്തുകാരിയായ കടുത്ത ആരാധികയും തമ്മിലുള്ള അസാധാരണ സംഗമം. 

ജന്മനാ വൈകല്യമുള്ള, വീല്‍ചെയറില്‍ ജീവിക്കുന്ന നാദിയയ്‌ക്ക്‌ കൈകാലുകള്‍ ചെറിയ തോതില്‍ അനക്കാൻ മാത്രമേ കഴിയൂ. 36 കാരിയായ നാദിയയ്‌ക്കു പരസഹായമില്ലാതെ  പ്രാഥമികകൃത്യങ്ങള്‍ പോലും നടത്താനാകില്ല. കുവൈത്ത്‌ ഓയില്‍ കമ്പനിയുടെ കീഴിലുള്ള അഹമദി ആശുപത്രിയിലാണ്‌ നാദിയ ജനിച്ചത്‌. മാതാപിതാക്കള്‍ ആരെന്നറിയില്ല. നഴ്‌സുമാരുടെ പരിചരണത്തിലാണു വളര്‍ന്നത്‌. മലയാളി നഴ്സുമാരുമായുള്ള സമ്പർക്കം മൂലമാണ് നാദിയ മലയാളസിനിമകള്‍ കാണുന്നതും മോഹന്‍ലാലിന്റെ ആരാധികയാകുന്നതും.

മോഹന്‍ലാല്‍ കുവൈത്തില്‍ സ്‌റ്റേജ്‌ ഷോയ്‌ക്ക്‌ എത്തുന്നതറിഞ്ഞ്‌ താരത്തെ കാണാനുള്ള ആഗ്രഹം നാദിയ പ്രകടിപ്പിച്ചു.  വാര്‍ത്ത വൈറലായതോടെ, നാദിയയെ പരിപാടിക്കിടെ കാണാമെന്ന് മോഹൻലാൽ സം​ഘാടകരെ അറിയിക്കുകയായിരുന്നു. സ്‌റ്റേജിലേക്കു കയറിയാല്‍ വീല്‍ചെയറിന്റെ അലൈന്‍മെന്റ്‌ മാറുമെന്ന്‌ അവതാരകന്‍ പറഞ്ഞതോടെ ലാല്‍ സ്‌റ്റേജില്‍ നിന്നിറങ്ങി നാദിയയുടെ അടുത്തേക്ക് എത്തി. 

ലാൽ അടുത്തെത്തിയപ്പോൾ ."സവാരി ഗിരിഗിരി" എന്ന ഡയലോ​ഗുകൊണ്ടാണ് നാദിയ വരവേറ്റത്. അത് വേദിയിൽ പൊട്ടിച്ചിരിയായി മാറി. അതിനിടെയാണ് വന്ദനം സിനിമയിലെ ഐ ലവ് യൂ ഡയലോ​ഗ് പറയാൻ നാദിയ ആവശ്യപ്പെട്ടത്. കൈയില്‍ കരുതിയ സമ്മാനവും നാദിയയുടെ  നെറുകയില്‍ ചുംബനവും നല്‍കിയാണ്‌ മോഹൻലാൽ മടങ്ങിയത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com