ലളിതമായ ആഖ്യാനരീതി കൊണ്ട് നിരൂപണ പ്രശംസ നേടിയെടുത്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. നടന് ഫഹദ് ഫാസിലിന്റെ അഭിയനമികവിന് ഒപ്പം സംവിധാനവൈദഗ്ധ്യവും ഈ ചിത്രവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ചിത്രത്തിലെ സൂക്ഷ്മാംശങ്ങള്‍ ഇന്നും ഇഴകീറി പഠിക്കുന്നവരുണ്ട്. ആസ്വാദകരും കാഴ്ചക്കാരും ആ മികവിനെ പോത്തേട്ടന്‍സ് ബ്രില്യന്‍സ് എന്നു വിളിച്ചു. പിന്നീടെത്തിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലും പ്രേക്ഷകര്‍ ആ സംവിധായക മികവ് കണ്ടു. ഇപ്പോള്‍ ബോളിവുഡും ആ മികവിനെ വാഴ്ത്തുകയാണ്.
'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡ് സംവിധായകന് സുരേഷ് ത്രിവേണിയും മലയാളിയായ ബോളിവുഡ് സംവിധായകന് ബിജോയ് നമ്പ്യാരുമാണ്.
''ഇതിനേക്കാള്‍ മികച്ച ഒരു സിനിമ നിങ്ങള്‍ എന്നെ കാണിക്കൂ. ഓരോ തവണ കാണുമ്പോഴും പുതിയ കാര്യങ്ങള്‍ ഞാനിതില്‍ കണ്ടെത്തുകയാണ്. ശരാശരി നിലവാരത്തിലുള്ള ചിത്രങ്ങള്‍ പോലും ആഘോഷിക്കപ്പെടുന്ന കാലത്ത്, ഇത്തരം ചിത്രങ്ങള്‍ വളരെ ഉയരത്തിലാണ് നില്‍ക്കുന്നത്. ഒരു അളവുകോലിനെക്കുറിച്ച് അവ ഓര്‍മപ്പെടുത്തുന്നു.'- സുരേഷ് ത്രിവേണി ട്വിറ്ററില്‍ കുറിച്ചു.
സുരേഷ് ത്രിവേണിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ബിജോയ് നമ്പ്യാര്‍ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ ചിത്രത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും എത്ര തവണ വേണമെങ്കിലും കാണാനാകുന്ന ഈ ചിത്രം അതിഗംഭീരമാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ