'പരാജയപ്പെട്ട നായകനാണ്, ബാഹുബലിയോ പഴശ്ശിരാജയോ പ്രതീക്ഷിക്കരുത്'; മാമാങ്കത്തെ കുറിച്ച് എം പത്മകുമാര്‍

ഷൂട്ടിങ് ഭൂരിഭാഗവും പൂര്‍ത്തിയാക്കിയ ചിത്രത്തെ ഈ വര്‍ഷം തന്നെ തീയെറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍
'പരാജയപ്പെട്ട നായകനാണ്, ബാഹുബലിയോ പഴശ്ശിരാജയോ പ്രതീക്ഷിക്കരുത്'; മാമാങ്കത്തെ കുറിച്ച് എം പത്മകുമാര്‍

സിനിമ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം. സിനിമയുടെ ഇതിവൃത്തം കൊണ്ട് തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രം പിന്നീട് ശ്രദ്ധ നേടിയത് അണിയറയിലെ വിവാദങ്ങളുടെ പേരിലാണ്. തിരക്കഥാകൃത്തും നവാഗതനുമായ സജീവ് പിള്ളയുടെ പുറത്താകലും സംവിധായക സ്ഥാനത്തേക്കുള്ള എം പത്മകുമാറിന്റെ വരവുമെല്ലാം വലിയ വാര്‍ത്തയായി. ഷൂട്ടിങ് ഭൂരിഭാഗവും പൂര്‍ത്തിയാക്കിയ ചിത്രത്തെ ഈ വര്‍ഷം തന്നെ തീയെറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. 

മമ്മൂട്ടിയുടെ ലുക്ക് കൊണ്ടും പിരീഡ് ഫിലിം എന്ന രീതിയിലും ശ്രദ്ധ നേടിയ ചിത്രം ഒരു 'ബാഹുബലി'യോ 'പഴശ്ശിരാജ'യോ ആയിരിക്കില്ല എന്നാണ് എം. പത്മകുമാര്‍ പറയുന്നത്. ദി ഹിന്ദു െ്രെഫഡേ റിവ്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസു തുറന്നത്. ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയാക്കി പോസ്റ്റ്‌പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് ചിത്രം പുരോഗമിയ്ക്കുകയാണെന്നും ഈ വര്‍ഷവസാനം തീയെറ്ററില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'ഒരു ബാഹുബലിയോ പഴശ്ശിരാജയോ പ്രതീക്ഷിക്കരുതെന്നാണ് പ്രേക്ഷകരോട് ആദ്യംതന്നെ പറയാനുള്ളത്. ഒു അര്‍ത്ഥത്തില്‍ ഒരു പരാജിത നായകന്റെ കഥയാണ് മാമാങ്കം. തീര്‍ച്ചയായും ആ കഥ ആവേശമുണ്ടാക്കുന്നതും ഒരു വിനോദചിത്രത്തിന്റെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. അന്നത്തെ സാമൂഹ്യ അധികാരശ്രേണി അനുസരിച്ച് ഭരണവര്‍ഗത്തിന് താഴെയുണ്ടായിരുന്ന മനുഷ്യരുടെ ജീവിതത്തിലേക്കാണ് സിനിമയുടെ ഫോക്കസ്', പത്മകുമാര്‍ പറയുന്നു.

പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ അക്കാലം പുനരാവിഷ്‌കരിക്കുക എന്നതിലായിരുന്നു ഏറ്റവും ശ്രദ്ധ പുലര്‍ത്തിയത്. തന്റെ സംഘം പൂര്‍ത്തിയാക്കിയ ജോലിയില്‍ ആവേശമുണ്ടെന്നും പത്മകുമാര്‍ വ്യക്തമാക്കി. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. സ്വന്തം ചിത്രം എന്ന നിലയ്ക്കാണ് മാമാങ്കം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നാണ് പത്മകുമാര്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com