'സൗഹൃദം തേങ്ങയല്ലെന്ന് തിരിച്ചറിഞ്ഞത് ആ ദിവസങ്ങളില്‍, അവരില്ലായിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു'; മി ടൂ ആരോപണത്തില്‍ അലന്‍സിയര്‍

അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍ സുധി കോപ്പ തുടങ്ങിയവരൊക്കെ നല്‍കിയ പിന്തുണയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണം എന്നാണ് അലന്‍സിയര്‍ പറയുന്നത്
'സൗഹൃദം തേങ്ങയല്ലെന്ന് തിരിച്ചറിഞ്ഞത് ആ ദിവസങ്ങളില്‍, അവരില്ലായിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു'; മി ടൂ ആരോപണത്തില്‍ അലന്‍സിയര്‍

ടി ഗീത ഗോപിനാഥ് അലന്‍സിയറിന് എതിരേ ഉന്നയിച്ച ലൈംഗിക ആരോപണം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കള്‍പോലും അലന്‍സിയറെ തള്ളിപ്പറഞ്ഞിരുന്നു. തുടര്‍ന്ന് ദിവ്യ ഗോപിനാഥിനോട് അലന്‍സിയറിന് ക്ഷമാപണം നടത്തേണ്ടിവന്നു. ഇപ്പോള്‍ ആ കാലഘട്ടത്തെക്കുറിച്ച് മനസുതുറക്കുകയാണ് അലന്‍സിയര്‍. സൗഹൃദം വെറും തേങ്ങയല്ലെന്ന് മനസിലാക്കിയത് ഈ നാളുകളിലായിരുന്നെന്നും അവര്‍ കൂടെയുണ്ടായിരുന്നില്ലെങ്കില്‍ താന്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്നുമാണ് അലന്‍സിയര്‍ പറയുന്നത്. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. 

തനിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ചുള്ള വാര്‍ത്ത അറിയുന്നത് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ചാണ്. അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍ സുധി കോപ്പ തുടങ്ങിയവരൊക്കെ നല്‍കിയ പിന്തുണയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണം എന്നാണ് അലന്‍സിയര്‍ പറയുന്നത്. കൊമേഴ്‌സ്യല്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ തന്നെയും തന്റെ കുടുംബത്തേയും വിളിച്ച് പിന്തുണ അറിയിച്ചിരുന്നെന്നും വ്യക്തമാക്കി. 

'മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷത്തെ പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തത്. അത് ഏറെ മനപ്രയാസം ഉണ്ടാക്കി. ആ ദിവസങ്ങളില്‍ ബിജു മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഒരു വീട്ടിലായിരുന്നു താന്‍ താമസിച്ചിരുന്നതെന്നും, മറിച്ച് ഹോട്ടലില്‍ ആയിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു.' അലന്‍സിയര്‍ പറയുന്നു.

ആരോപണം ഉയര്‍ന്ന സമയത്ത് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, സംവധായകന്‍ ആഷിക് അബു ഉള്‍പ്പടെയുള്ളവര്‍ അലന്‍സിയറെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഡബ്യൂസിസിയുടെ വാര്‍ഷിക യോഗത്തില്‍ വെച്ചായിരുന്നു ശ്യം പുഷ്‌കരന്റെ പരസ്യ വിമര്‍ശനം.  മീടൂ ആരോപണം വന്നപ്പോള്‍ സന്ധി സംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തനിക്കവിടെ സൗഹൃദം ആയിരുന്നില്ല വലുതെന്നുമായിരുന്നു ശ്യാം പുഷ്‌കരന്റെ പ്രതികരണം. സൗഹൃദം തേങ്ങയാണ് മനുഷ്യത്വമാണ് വലുത് എന്നാണ് ശ്യം പറഞ്ഞത്. ഇതിനുള്ള മറുപടിയായിട്ടാണ് അലന്‍സിയറിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com