ഉണ്ടയില്‍ സംതൃപ്തനല്ല, ക്ലൈമാക്‌സ് രംഗത്തെക്കുറിച്ച് ഓര്‍മിപ്പിക്കരുതെന്ന് ഖാലിദ് റഹ്മാന്‍

ഉണ്ട എന്ന ചിത്രത്തില്‍ നിര്‍മാതാവ് സന്തോഷവാനാകാന്‍ സാധ്യതയില്ലെന്നും മറ്റൊരാള്‍ ചിത്രം നിര്‍മിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നുമാണ് ഖാലിദ് റഹ്മാന്‍ പറയുന്നത്
ഉണ്ടയില്‍ സംതൃപ്തനല്ല, ക്ലൈമാക്‌സ് രംഗത്തെക്കുറിച്ച് ഓര്‍മിപ്പിക്കരുതെന്ന് ഖാലിദ് റഹ്മാന്‍

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് തന്റേതായ ഇടം നേടിയ സംവിധായകനാണ് ഖാലിദ്. മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ ഉണ്ടയും മികച്ച വിജയമാണ് നേടിയത്. എന്നാല്‍ ഉണ്ട എന്ന ചിത്രത്തില്‍ താന്‍ സംതൃപ്തനല്ല എന്ന് വ്യക്തമാക്കുകയാണ് ഖാലിദ് റഹ്മാന്‍. ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം തന്നെയാണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഖാലിദ് റഹ്മാന്‍. 

ഉണ്ട എന്ന ചിത്രത്തെക്കുറിച്ചുള്ള എല്ലാ ചോദ്യത്തോടും അതൃപ്തിയോടെയായിരുന്നു ഖാലിദ് റഹ്മാന്റെ പ്രതികരണം. ഉണ്ടയില്‍ സംതൃപ്തനല്ലെന്നും ക്ലൈമാക്‌സ് രംഗങ്ങള്‍ ഓര്‍മിപ്പിക്കരുതെന്നുമാണ് അദ്ദേഹം കുറിച്ചത്. കൂടാതെ നിര്‍മാതാവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന തരത്തിലാണ് മറുപടികള്‍. ഉണ്ട എന്ന ചിത്രത്തില്‍ നിര്‍മാതാവ് സന്തോഷവാനാകാന്‍ സാധ്യതയില്ലെന്നും മറ്റൊരാള്‍ ചിത്രം നിര്‍മിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നുമാണ് ഖാലിദ് റഹ്മാന്‍ പറയുന്നത്. 

മമ്മൂട്ടിയ്‌ക്കൊപ്പം ഇനിയും സിനിമ ചെയ്യാനുള്ള താല്‍പ്പര്യവും ഖാലിദ് റഹ്മാന്‍ വ്യക്തമാക്കുന്നുണ്ട്. മമ്മൂട്ടി യൂണിവേഴ്‌സിറ്റിയാണെന്നും ഒരുപാട് ചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് മറുപടി. ഉണ്ടയുടെ കളക്ഷനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആരും ഒന്നും പറഞ്ഞില്ലെന്നും ഖാലിദ് കുറിക്കുന്നു. 

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഒരു കൂട്ടം പൊലീസുകാരുടെ കഥയാണ് ഉണ്ടയില്‍ പറയുന്നത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒടുവിലാണ് ചിത്രം ഒരുക്കിയത്. റിയലിസ്റ്റിക്ക് സ്വഭാവത്തിലുള്ള ചിത്രത്തിന്റെ ക്ലൈമാക്‌സ് ഭാഗത്ത് മാത്രം ഹീറോ പരിവേഷത്തിലേക്ക് പോയി എന്ന് വിമര്‍ശനമുണ്ടായിരുന്നു. കൃഷ്ണന്‍ സേതുകുമാറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സംവിധായകന്റെ അതൃപ്തി പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com