തടിയനെന്ന് വിളിച്ചിട്ടുണ്ട്, സ്ത്രീകളേക്കാള്‍ വലിയ മാറിടമെന്ന് കളിയാക്കി: ബോഡിഷെയ്മിങ്ങ് തകര്‍ത്ത നാളുകളെക്കുറിച്ച് ഗോവിന്ദ്

തന്റെ ആദ്യ ജിം വാര്‍ഷികത്തിലാണ് ചുറ്റുപാട് നിന്നും നേരിട്ട പരിഹാസങ്ങളുടെ ഫലമായി 110 കിലോയില്‍ നിന്നും 80 കിലോയിലേക്കുണ്ടായ മാറ്റത്തെക്കുറിച്ച് ഗോവിന്ദ് പങ്കുവെച്ചിരിക്കുന്നത്. 
തടിയനെന്ന് വിളിച്ചിട്ടുണ്ട്, സ്ത്രീകളേക്കാള്‍ വലിയ മാറിടമെന്ന് കളിയാക്കി: ബോഡിഷെയ്മിങ്ങ് തകര്‍ത്ത നാളുകളെക്കുറിച്ച് ഗോവിന്ദ്

ബോഡി ഷെയ്മിങ് എന്നത് മനുഷ്യരുടെ ഒരു ക്രൂര വിനോദമാണ്. സ്വന്തം കുറവുകള്‍ കാണാതെ മറ്റുള്ളവരുടെ ശരീരത്തില്‍ തനിക്ക് തോന്നുന്ന അപാകതകള്‍ പരസ്യമായി വിളിച്ച് പറയുമ്പോള്‍ അത് എത്ര അപകടമാണെന്ന് അവര്‍ അറിയുന്നില്ല. ബോഡി ഷേമിങ് മൂലം തകര്‍ന്നുപോയ നിരവധി പേരുടെ അനുഭവങ്ങള്‍ വായിച്ചറിഞ്ഞിട്ടും നമ്മള്‍ ഇതു തന്നെ തുടരുന്നു.

തനിക്ക് നേരിട്ട മോശം അനുഭവങ്ങളും അതില്‍ നിന്നുണ്ടായ മാറ്റങ്ങളും തുറന്നെഴുതിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത. തന്റെ ആദ്യ ജിം വാര്‍ഷികത്തിലാണ് ചുറ്റുപാട് നിന്നും നേരിട്ട പരിഹാസങ്ങളുടെ ഫലമായി 110 കിലോയില്‍ നിന്നും 80 കിലോയിലേക്കുണ്ടായ മാറ്റത്തെക്കുറിച്ച് ഗോവിന്ദ് പങ്കുവെച്ചിരിക്കുന്നത്. 

പലരും ബോഡി ഷെയിമിങ്ങിനെ നിസാരമായാണ് കണക്കാക്കുന്നതെങ്കിലും അത് നേരിടുന്നവരുടെ മാനസിക വ്യഥ വളരെ വലുതാണെന്ന് ഗോവിന്ദ് പറയുന്നു. എന്നാല്‍ ഈ പരിഹാസങ്ങളാണ് സ്വയം കണ്ടെത്തലിന്റെ വഴിയിലേക്ക് കൊണ്ടെത്തിച്ചതെന്ന് പറയുന്ന ഗോവിന്ദ് തന്റെ മാറ്റത്തിന് നന്ദി പറയുന്നത് ഇതേ ബോഡി ഷെയ്‌മേഴ്‌സിനോടാണ് 

ഗോവിന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ. 

ഇന്നെനിക്ക് ഏറെ പ്രത്യേകതയുള്ള ദിവസമാണ്. ഇന്നാണ് എന്റെ ആദ്യ ജിം വാര്‍ഷികം. എന്റെ  ജീവിതം എന്നെന്നേക്കുമായി മാറ്റി മറിച്ച ഒരു ദിവസം. അതും ഏറെ നല്ലതിന്. ഞാന്‍ ഓരോ ഓരോ വിഷയങ്ങളെ സമീപിക്കുന്ന രീതി, എന്നെ തന്നെ നോക്കി കണ്ടിരുന്ന രീതി എല്ലാം മാറിമറിഞ്ഞു.

ഇപ്പോഴും ഒരുപാട് പേര്‍ എന്നോട് ചോദിക്കും, ജിമ്മും വ്യായാമവുമൊക്കെ തുടങ്ങണം, മാറണം എന്ന് പെട്ടെന്ന് തോന്നിയത് എന്തുകൊണ്ടാണെന്ന്. അവരോട്, ഉത്തരം വളരെ ലളിതമായി ഉറക്കെ പറയാം, ബോഡി ഷെയ്മിങ്. ചിലര്‍ക്ക് ഇത് വളരെ നിസാരമായി തോന്നാം. 

നിങ്ങള്‍ക്കതിനെ എങ്ങനെ വേണമെങ്കിലും കാണാം. പക്ഷെ, പക്ഷേ ബോഡി ഷെയ്മിങ് എന്നത് ഗുരുതര രോഗം പോലെ ചിലരെ ബാധിച്ചേക്കും. ഒരാളുടെ ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും തകര്‍ക്കും. എവിടെയും പരിഹസിക്കപ്പെടുമെന്ന ഭയം കാരണം സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടും. അപകര്‍ഷതാ ബോധത്തിലേക്കും അതുവഴി നിരാശയിലേക്കും ഒരുവനെ കൊണ്ട് ചെന്നെത്തിക്കും. ഞാനതിന് ഒരു ഉദാഹരണമാണ്, ഇരയാണ്. 

നിങ്ങള്‍ അറിയണം , എനിക്ക് ചുറ്റുമുള്ള ആരും തന്നെ ഓര്‍ക്കുന്നുപോലുണ്ടാകില്ല, മനസിലാക്കിയിട്ടുണ്ടാകില്ല, പല സാഹചര്യങ്ങളിലായി അവരെന്നെ ബോഡിഷെയ്മിങ് നടത്തിയിട്ടുണ്ടെന്ന്. എന്നെ തടിയന്‍ എന്ന് വിളിച്ചിട്ടുണ്ട്. സ്ത്രീകളെക്കാള്‍ വലിയ മാറിടങ്ങളുള്ളവന്‍ എന്ന് കളിയാക്കിയിട്ടുണ്ട്. വിഡ്ഢിയെ പോലുണ്ടെന്ന് എന്റെ രൂപം കണ്ട് പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയാണ് ലോകം. 

ഭൂരിഭാഗം ആളുകള്‍ക്കും ബോഡി ഷെയ്മിങ് വളരെ നിസ്സാരമായ ഒരു കാര്യമാണ്. പലരും അത് ശ്രദ്ധിക്കാറുപോലുമില്ല. പക്ഷേ ഇത്തരം തമാശകള്‍ നിരന്തരമായി കേള്‍ക്കുന്ന ഒരാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് വഴുതിവീഴാം, മാനസികമായും ശാരീരികമായും തകരാം.ഈ അധിക്ഷേപങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും തന്നെയാണ് സ്വയം കണ്ടെത്തലിന്റെ വഴിയിലേക്ക് എന്നെ കൊണ്ടെത്തിച്ചത്. 

അപ്പോള്‍ ഇതാ ഞാന്‍, ഒരുവര്‍ഷത്തിന് ശേഷം, ഇതുവരെയുള്ള ഏറ്റവും മികച്ച ഞാന്‍. എന്റെ ജീവിതത്തിലെ ബോഡി ഷെയ്‌മേഴ്‌സിനോടാണ് ഈ മാറ്റത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. നന്ദി. 110 കിലോയില്‍ നിന്ന് 80 കിലോയിലേക്ക്. ഇനിയുമേറെ ദൂരം പോകാനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com