ന്യൂഡൽഹി: ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പ്രൊഫൈൽ, കവർ ചിത്രങ്ങളടക്കം മാറ്റിയനിലയിലാണ് താരത്തിന്റെ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രമാണ് പ്രൊഫൈലായി നൽകിയത്. തിങ്കളാഴ്ച രാത്രിയാണ് അമിതാഭിന്റെ ട്വിറ്റർ പേജ് ഹാക്ക് ചെയ്തത്.
"പാക്കിസ്ഥാനെ സ്നേഹിക്കൂ..' എന്നതരത്തിലുള്ള ട്വീറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം പ്രൊഫൈലിൽ കണ്ടത്. റംസാൻ മാസത്തിൽ ഇന്ത്യ മുസ്ലീം സമുദായത്തിൽപ്പെട്ടവരെ ആക്രമിച്ചെന്നും ഇന്ത്യയിലെ മുസ്ലീംങ്ങൾ ഇതിന് പകരം ചോദിക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നും പറഞ്ഞുകൊണ്ടുള്ള ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു.
ഐൽദിസ് തിം തുർക്കിഷ് സൈബർ ആർമിനി എന്നും ചില ട്വീറ്റുകൾക്കൊപ്പം ഉപയോഗിച്ചിരുന്നു. ഐൽദിസ് തിം എന്ന പേരിനൊപ്പം അവരുടെ ചിഹ്നവും കഴുകന്റെ പടവും ചേർത്തുള്ള കവർ ചിത്രമാണ് താരത്തിന്റെ പേജിന് നൽകിയത്.
ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലായതിന് പിന്നാലെ ആക്കൗണ്ട് ഡിലീറ്റ് ചെയ്തു. ട്വിറ്ററിൽ 37ദശലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള നടനാണ് അമിതാഭ്. മുമ്പ് ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂറിന്റെയും അനുപം ഖേറിന്റെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്തിട്ടുള്ളതാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ