അതായിരുന്നു അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം: മനസ് തുറന്ന് ജയറാം

തന്നെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ഭരതന്‍ എടുക്കാനിരുന്ന സിനിമ യാഥാര്‍ത്ഥ്യമാകാതെ പോയതിലാണ് ജയറാമിന് നഷ്ടബോധം.
അതായിരുന്നു അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം: മനസ് തുറന്ന് ജയറാം

ജീവിതത്തിനിടയില്‍ ഇടയ്ക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ചില സംഭവങ്ങള്‍ നടന്നതിലും ചിലത് നടക്കാതെ പോയതിലും ആളുകള്‍ക്ക് നഷ്ടബോധം തോന്നാം. അങ്ങനെയൊരവസരത്തില്‍ തന്റെ അഭിനയജീവിതത്തിലെ തീരാനഷ്ടത്തെക്കുറിച്ച് മനസ് തുറക്കുകയാണ്  നടന്‍ ജയറാം. തന്നെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ഭരതന്‍ എടുക്കാനിരുന്ന സിനിമ യാഥാര്‍ത്ഥ്യമാകാതെ പോയതിലാണ് ജയറാമിന് നഷ്ടബോധം.

കവിയും തുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചായിരുന്നു ആ ചിത്രം. ആ സിനിമ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് ജയറാം പറയുന്നു. പുതിയ ചിത്രമായ ലോനപ്പന്റെ മാമ്മോദീസയുടെ പ്രചാരണ പരിപാടികള്‍ക്കായി ദുബായിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കുഞ്ചന്‍ നമ്പ്യാരായി എന്റെ രൂപം വച്ച് ഭരതേട്ടന്‍ വരച്ച പടങ്ങള്‍ വീട്ടില്‍ ഇപ്പോഴുമുണ്ട്. തിരക്കഥ തയ്യാറായപ്പോള്‍ അദ്ദേഹത്തിന്റെ മദ്രാസിലെ വീട്ടിലേയ്ക്ക് ഞാന്‍ പോയി. കഥാപാത്രത്തിന് വേണ്ടി നല്ലവണ്ണം മെലിയണമെന്ന് എന്നോട് നിര്‍ദേശിച്ചു. 

കുഞ്ചന്‍ നമ്പ്യാര്‍ പഠിപ്പിച്ച ആയിരക്കണക്കിന് കുട്ടികള്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ പേപ്പട്ടി കടിച്ച് രോഗബാധിതനായ കുഞ്ചന്‍ നമ്പ്യാര്‍ എത്തുന്നതും ഇതിനിടയില്‍ മരണമെത്തുന്നതുമെല്ലാം വളരെ മനോഹരമായി ഭരതേട്ടന്‍ എഴുതി വച്ചിരുന്നു. പക്ഷേ, ഇടയ്ക്ക് വച്ച് ഭരതേട്ടന്‍ നമ്മെ വിട്ടുപോയി. ആ തിരക്കഥ ഇപ്പോഴുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കെപിഎസി ലളിത പറഞ്ഞത്'- ജയറാം പറഞ്ഞു.

ഭരതന്‍, പത്മരാജന്‍ എന്നിവര്‍ ഒരു കാലത്ത് മലയാള സിനിമയെ ഞെട്ടിപ്പിക്കുന്ന സിനിമകളാണ് സമ്മാനിച്ചത്. അപരനൊക്കെ അപാരമായ പരീക്ഷണമായിരുന്നു. അത്തരം പരീക്ഷണങ്ങളാണ് പുതുതലമുറ നടത്തിക്കൊണ്ടിരിക്കുന്നത്. 
ആ കൂട്ടത്തിന്റെ ഒരരികിലൂടെ പോകാന്‍ സാധിക്കുന്നത് തന്നെ ഭാഗ്യമായി കരുതുന്നുവെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com