ഈമയൗവിന് വീണ്ടും പുരസ്‌കാരനേട്ടം: രണ്‍വീറിനൊപ്പം മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട് ചെമ്പന്‍ വിനോദ്

മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥയ്ക്കുള്ള അവാര്‍ഡ് പിഎഫ് മാത്യൂസും കരസ്ഥമാക്കി. 
ഈമയൗവിന് വീണ്ടും പുരസ്‌കാരനേട്ടം: രണ്‍വീറിനൊപ്പം മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട് ചെമ്പന്‍ വിനോദ്

ലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടി ഈമയൗ അതിന്റെ വിജയയാത്ര തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ് സിനിമ കാറ്റഗറിയില്‍ മൂന്ന് അവാര്‍ഡുകള്‍ കൂടിയാണ് കരസ്ഥമാക്കിയത്. മികച്ച നടന്‍, തിരക്കഥ, സംവിധാനം എന്നീ കാറ്റഗറിയിലാണ് ചിത്രത്തിന് പുരസ്‌കാരം.

മികച്ച നടനുള്ള പുരസ്‌കാരം ഈമയൗവിലെ അഭിനയത്തിലൂടെ ചെമ്പന്‍ വിനോദ് ജോസും 'പത്മാവതി'ലെ അഭിനയത്തിലൂടെ രണ്‍വീര്‍ സിംഗും പങ്കിട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥയ്ക്കുള്ള അവാര്‍ഡ് പിഎഫ് മാത്യൂസും കരസ്ഥമാക്കി. 

ഈ അവാര്‍ഡുകള്‍ ഇറാനിയന്‍ ചിത്രമായ 'ഗോള്‍നെസ'യ്‌ക്കൊപ്പമാണ് ഇരുവരും പങ്കിട്ടത്. അങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് ടാന്‍സാനിയ ചലച്ചിത്രോത്സവത്തില്‍ ഈമയൗ സ്വന്തമാക്കിയത്. 'പിഹു' ആണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. 'പിഹു'വിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം മീര വിശ്വകര്‍മ്മയും കരസ്ഥമാക്കി. 

പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ 'ഈമയൗ' ഗോവന്‍ ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ചിത്രത്തെ തേടിയെത്തിയിരുന്നു. 

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനും മികച്ച നടനുമുള്ള പുരസ്‌കാരങ്ങളും കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും മികച്ച സംവിധായകനുള്ള രജതചകോരവും 'ഈമയൗ' നേടി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com