'കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍, കസബ ചെയ്തതോടെ എന്റെ മകനും'; രഞ്ജി പണിക്കര്‍

അവസാനം സ്ത്രീവിരുദ്ധ എഴുത്തിന്റെ പേരില്‍ രഞ്ജി പണിക്കര്‍ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു
'കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍, കസബ ചെയ്തതോടെ എന്റെ മകനും'; രഞ്ജി പണിക്കര്‍

കേരളം കയ്യടിച്ചിട്ടുള്ള സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് അടുത്തകാലത്താണ്. ഇതോടെ ഇത്തരം സംഭാഷണങ്ങള്‍ എഴുതിയവരും വിമര്‍ശിക്കപ്പെട്ടു. ആ കൂട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ സ്ഥാനം. ദി കിംഗ്, കമ്മീഷ്ണര്‍, ലേലം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം എഴുതിയ സംഭാഷണങ്ങളെല്ലാം ഇത്തരത്തില്‍ ചര്‍ച്ചയായി. അവസാനം സ്ത്രീവിരുദ്ധ എഴുത്തിന്റെ പേരില്‍ രഞ്ജി പണിക്കര്‍ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. 

അദ്ദേഹത്തിന്റെ മകന്‍ നിധിന്‍ രഞ്ജി പണിക്കറും മമ്മൂട്ടി ചിത്രം കസബയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. താന്‍ കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് താന്‍ എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് രഞ്ജി പണിക്കര്‍ ആത്മവിമര്‍ശനം നടത്തിയത്. 

'ഈ കേരളസംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍. കസബ എന്ന ചിത്രം സംവിധാനം  ചെയ്തതിനു ശേഷം കുറച്ച് എന്റെ മകനും പകര്‍ന്ന് എടുത്തിട്ടുണ്ട്. ഈ സ്ത്രീവിരുദ്ധപാപത്തിന്റെ കറ കഴുകിക്കളയാന്‍ എന്നെ സഹായിക്കുന്നത്, ഓം ശാന്തി ഓശാന, വിജയ് സൂപ്പര്‍ പോലെയുള്ള സിനിമകളിലെ നല്ല അച്ഛന്‍ കഥാപാത്രങ്ങളാണ്.' രഞ്ജി പണിക്കര്‍ പറഞ്ഞു. 

രണ്ട് ചിത്രത്തിലും അച്ഛന്റേയും മകളുടേയും ബന്ധമാണ് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധം അനുഭവിച്ച് അറിയാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com