'ഭാരത്' എന്ന് സിനിമാപ്പേര് വേണ്ട; സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ഹര്‍ജി

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം 'ഭാരതിന്റെ' പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി
'ഭാരത്' എന്ന് സിനിമാപ്പേര് വേണ്ട; സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം 'ഭാരതിന്റെ' പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. വിപിന്‍ ത്യാഗി എന്നയാളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. എംബ്ലംസ് ആന്റ് നെയിംസ് ആക്ട് 3ന്റെ ലംഘനമാണ് ചിത്രം നടത്തിയിരിക്കുന്നത് എന്നാണ് ത്യാഗിയുടെ പരാതി. ഭാരത് എന്ന പേര് വാണിജ്യ താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഇദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ചിത്രത്തിലെ കഥാപാത്രത്തെ രാജ്യവുമായി താരത്യം ചെയ്യുന്ന സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ദേശീയ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ സംഭാഷണം എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. 

'ഈ ചിത്രം സല്‍മാന്റെ പതിവ് വായാടിത്തവും അശ്ലീലവും നിറഞ്ഞതാണ്. ഒരു ഭാരതീയനെന്ന നിലയില്‍ നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ പേര് ഈ ചിത്രത്തിനൊപ്പം ചേര്‍ക്കുന്നത് ശരിയല്ല'- ത്യാഗി പറയുന്നു. 

ഈദ് റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം 2014 ല്‍ പുറത്തിറങ്ങിയ ദക്ഷിണകൊറിയന്‍ ചിത്രമായ 'ഓഡ് ടു മൈ ഫാദര്‍' എന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഭാരത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടത്തിലൂടെ കൊറിയയുടെ രാഷ്ട്രീയ മാറ്റങ്ങളും പ്രധാന സംഭവങ്ങളും അവതരിപ്പിച്ച ചിത്രമായിരുന്നു 'ഓഡ് ടു മൈ ഫാദര്‍'. ഇന്ത്യന്‍ പതിപ്പില്‍ ഭാരത് എന്ന നായകന്റെ കഥയിലൂടെ ഇന്ത്യയുടെയും കഥയാണ് സംവിധായകന്‍ പറയുന്നത്. 

സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ അലി അബ്ബാസും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭാരത്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com