ക്ലബിലെ നൃത്തം പാരയായി; എംജി സര്‍വകലാശാലയുടെ ലഹരിവിരുദ്ധ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ്, അവസാനം ആശ്വാസം

വിദ്യാര്‍ഥികളിലെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ എംജി സര്‍വകലാശാല നിര്‍മിച്ച സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ആദ്യം നല്‍കിയത് എ സര്‍ട്ടിഫിക്കറ്റ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വിദ്യാര്‍ഥികളിലെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ എംജി സര്‍വകലാശാല നിര്‍മിച്ച സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ആദ്യം നല്‍കിയത് എ സര്‍ട്ടിഫിക്കറ്റ്. ചില നൃത്തരംഗങ്ങള്‍ എഡിറ്റ് ചെയ്തതോടെ ഒടുവില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം കാണിക്കുന്ന ക്ലബ്ബിലെ നൃത്ത രംഗമാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണമായത്.

ഈ രംഗങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ എ സര്‍ട്ടിഫിക്കറ്റേ നല്‍കാനാകൂ എന്ന് സെന്‍സര്‍ ബോര്‍ഡ് സിനിമാ പ്രവര്‍ത്തകരെ അറിയിച്ചു. 4 മിനിറ്റ് നീളുന്ന ഈ നൃത്തം വെട്ടിക്കുറച്ച് കുഴപ്പമുള്ള ഭാഗമൊക്കെ ഒഴിവാക്കി 'യു' സര്‍ട്ടിഫിക്കറ്റ് നേടാന്‍ സര്‍വകലാശാല നടത്തിയ ശ്രമം സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചില്ല.

ഒടുവില്‍ 'എ'യില്‍ നിന്ന് മാറി യു/എയിലെത്തി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളൊക്കെ വരുത്തി ഉടന്‍ തീയേറ്ററുകളിലെത്തുമെന്ന് സിനിമയുടെ ചുമതലയുള്ള സിന്‍ഡിക്കറ്റ് അംഗം ഡോ. സന്തോഷ് തമ്പി പറഞ്ഞു.

എംജി സര്‍വകലാശാലയും സര്‍ക്കാരും ചേര്‍ന്ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയ്ക്ക് 50 ലക്ഷമാണ് ചെലവ് 'ട്രിപ്പ്' എന്നാണ് സിനിമയുടെ പേര്.

മുന്‍ റജിസ്ട്രാര്‍ എംആര്‍ ഉണ്ണിയും മലയാളം സര്‍വകലാശാല അധ്യാപകനുമായ അന്‍വര്‍ അബ്ദുള്ളയും ചേര്‍ന്നാണ് സംവിധാനവും തിരക്കഥയും. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് സിനിമ ആസൂത്രണം ചെയ്തത്. വിദ്യാര്‍ഥികളും മറ്റും പുറംതിരിഞ്ഞു നിന്ന് പുകവലിക്കുന്ന രംഗങ്ങളും മാറ്റാന്‍ നിര്‍ദേശിച്ചുവെന്നാണ് വിവരം.

2 മണിക്കൂറിലധം ദൈര്‍ഘ്യമുള്ള സിനിമയില്‍ ഉടനീളം ലഹരി ഉപയോഗത്തിനെതിരെയുള്ള ടൈറ്റിലുകള്‍ നല്‍കാനും നിര്‍ദേശിച്ചു. അറിയാതെ കൂട്ടുകെട്ടില്‍പെട്ട് ലഹരിക്ക് അടിമകളായ ചില വിദ്യാര്‍ഥികളുടെ തിരിച്ചുവരവാണ് കഥ. 30 പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. ഇതില്‍ സര്‍വകലാശാലയിലും കോളജുകളിലും നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഏറെയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com