ന്യൂഡൽഹി: മദ്യാസക്തിയിൽ നിന്ന് മോചിതയായ ബോളിവുഡ് നടിയും സംവിധായകയുമായ പൂജ ഭട്ട് പ്രചോദിപ്പിക്കുന്ന കുറിപ്പുമായി രംഗത്ത്. മദ്യപാനം ഒഴിവാക്കി ജീവിതത്തിലേക്ക് തിരിച്ചെത്താൻ തനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും അത് കഴിയുമെന്ന് പൂജ പറയുന്നു. ലഹരിയില്ലാത്ത രണ്ട് വർഷവും പത്ത് മാസവും എന്ന കുറിപ്പോടെ ചിത്രങ്ങൾ പങ്കുവച്ചാണ് പൂജ മറ്റ് മദ്യപൻമാർക്കും പ്രചോദനം നൽകിയത്.
മദ്യത്തെ ഒഴിവാക്കാനുള്ള തന്റെ ശ്രമങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പൂജ സ്ഥിരമായി പങ്കുവച്ചിരുന്നു. മുൻപ് തനിക്ക് മദ്യം നൽകിയിരുന്ന കച്ചവടക്കാരൻ തന്നെയാണ് മദ്യാസക്തിയിൽ നിന്ന് മോചിതയാകാൻ സഹായിച്ചതെന്നു പൂജ പറഞ്ഞിരുന്നു. തൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. എന്നിട്ടും അദ്ദേഹം തനിക്കൊപ്പം നിന്നു എന്നായിരുന്നു പൂജ പറഞ്ഞത്.
മദ്യത്തെ ചവിട്ടി പുറത്താക്കി പൂജ ഇപ്പോൾ സിനിമയുടെ തിരക്കിലാണ്. 1991ൽ പുറത്തിറങ്ങിയ സടക് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടരുകയാണ്. അച്ഛൻ മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പഴയ നായകൻ സഞ്ജയ് ദത്തും അഭിനയിക്കുന്നുണ്ട്. പുതു തലമുറയിൽ നിന്ന് ആലിയ ഭട്ടും ആദിത്യ റോയ് കപൂറും ഒപ്പമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ