എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍, ലോകമെമ്പാടും ആരാധകര്‍: ഇന്ത്യയുടെ സ്വരമാധുര്യത്തിന് ഇന്ന് നവതി

പിന്നണി ഗായികമാരില്‍ ഏറ്റവും നീണ്ട കാലയളവില്‍ സിനിമാ സംഗീത രംഗത്ത് ശക്തമായി നിലകൊണ്ട, ഇന്നും നിലനില്‍ക്കുന്ന ശബ്ദമാണ് ലതാ മങ്കേഷ്‌കറുടേത്.
എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍, ലോകമെമ്പാടും ആരാധകര്‍: ഇന്ത്യയുടെ സ്വരമാധുര്യത്തിന് ഇന്ന് നവതി

നശ്വരമായ സ്വരമാധുര്യം കൊണ്ട് ആസ്വാദക മനസുകളെ കീഴടക്കിയ സ്വരലാവണ്യത്തിന് ഇന്ന് 90ാം ജന്‍മദിനം. പക്ഷേ ആ സ്വരത്തിന് ഇന്നും മധുരപ്പതിനേഴെന്ന് ആരാധകര്‍ പറയും. ഇന്ത്യക്കാരുടെ പ്രണയത്തിനും വിരഹത്തിനും ആഹ്ലാദത്തിനുമെല്ലാം പിറകില്‍ ഈ സ്വരമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടെന്ന് വേണം പറയാന്‍. 

വ്യത്യസ്ത സര്‍വേകളുടെ അടിസ്ഥാനത്തില്‍ ദിവസം 24 മണിക്കൂറും ലതാജിയുടെ മധുര ശബ്ദസാന്നിദ്ധ്യമുണ്ട് അന്തരീക്ഷത്തില്‍ എന്നാണ് പറയപ്പെടുന്നത്. പിന്നണി ഗായികമാരില്‍ ഏറ്റവും നീണ്ട കാലയളവില്‍ സിനിമാ സംഗീത രംഗത്ത് ശക്തമായി നിലകൊണ്ട, ഇന്നും നിലനില്‍ക്കുന്ന ശബ്ദമാണ് ലതാ മങ്കേഷ്‌കറുടേത്. ഹിന്ദി സിനിമയില്‍ 1947 മുതല്‍ സജീവസാന്നിദ്ധ്യമായിരുന്നു ലത 1990ല്‍ ദേശീയപുരസ്‌കാരം നേടി. 

ലതയുടെ സ്വന്തം സ്വരത്തിലുള്ള ആലാപനശൈലികൊണ്ട് ചലച്ചിത്രസംഗീതത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും പുത്തന്‍ പ്രവണതകള്‍ രൂപപ്പെടുത്തിയെടുക്കാനും അന്നത്തെ സംഗീതസംവിധായകര്‍ക്ക് പ്രചോദനമായി. ഹിന്ദി ,മറാഠി ഭാഷകള്‍ക്ക് പുറമെ ഇന്ത്യയിലെ മിക്ക ഭാഷകളിലും ലതാ മങ്കേഷ്‌കര്‍ പാടിയിട്ടുണ്ട്.

1929 സെപ്റ്റംബറില്‍ മധ്യപ്രദേശിലായിരുന്നു ലതാ മങ്കേഷ്‌കറുടെ ജനനം. അഞ്ചാം വയസ് മുതല്‍ തന്നെ തന്റെ അച്ഛനില്‍ നിന്നും ലത സംഗീതം അഭ്യസിച്ചു തുടങ്ങി. ഉസ്താദ് അമാനത് അലി ഖാനും, അമാനത് ഖാന്‍ ദേവാസ്വാലെയുമായിരുന്നു ക്ലാസിക്കല്‍ സംഗീതത്തില്‍ ലതാ മങ്കേഷ്‌കറിന്റെ ഗുരുക്കന്മാര്‍. പണ്ഡിറ്റ് തുളസീദാസ് ശര്‍മ്മയുടെ കീഴിലും ലത സംഗീതം അഭ്യസിച്ചിട്ടുണ്ട്. 

തന്റെ അച്ഛന്റെ മരണത്തോടെ തനിക്ക് താഴെയുള്ള നാല് സഹോദരങ്ങളുള്‍പ്പെടെയുള്ള കുടുംബത്തിനെ സംരക്ഷിക്കേണ്ട ചുമതല ലതയ്ക്കായി. ഇതോടെ 13ാം വയസിലാണ് ലത സംഗീതത്തിലേക്കും അഭിനയത്തിലേക്കും വരുന്നത്. ആദ്യം പാടിയത് മറാഠിയിലാണ്. ഏതാനും ഹിന്ദി, മറാഠി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് സംഗീതം മാത്രമാണ് തന്റെ മേഖലയെന്ന് ഈ ഗായിക തിരിച്ചറിയുകയായിരുന്നു. 

1942ല്‍ കിതി ഹസാല്‍ എന്ന മറാഠി ചിത്രത്തില്‍ നാച്ചുയാഗഡേ, കേലു സാരി എന്നതായിരുന്നു ആദ്യഗാനം. എന്നാല്‍, ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആ പാട്ട് ഒഴിവാക്കപ്പെട്ടു. പിറ്റേവര്‍ഷം ഗജാഭാവു എന്ന ചിത്രത്തില്‍ ആദ്യമായി ഹിന്ദിയില്‍ പാടി. 

സംഗീത സംവിധായകന്‍ ഗുലാം ഹൈദര്‍ സംഗീതമൊരുക്കിയ മജ്ബൂര്‍ എന്ന സിനിമയിലെ ഗാനമാണ് ലതാ മങ്കേഷ്‌കറുടെ ജീവിതത്തിലെ വഴിത്തിരിവായത്. പിന്നീട് ഭാവസാന്ദ്രമായ നിരവധി ഗാനങ്ങള്‍, പുരസ്‌കാരങ്ങള്‍.. ലതാ മങ്കേഷ്‌കറുടെ ജീവിതം സംഗീതത്തിന് മാത്രമുള്ളതാണോ എന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ഉയര്‍ച്ചയായിരുന്നു താരത്തിന് പിന്നീട് ഉണ്ടായത്. 

ലതാ മങ്കേഷ്‌കര്‍ സഹോദരങ്ങളോടൊപ്പം
ലതാ മങ്കേഷ്‌കര്‍ സഹോദരങ്ങളോടൊപ്പം

അറുപതുകളില്‍ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ച ലത ഒരിക്കല്‍ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഹിന്ദിയിലും മറാഠിയിലുമായി നാലു ചിത്രങ്ങളും നിര്‍മിച്ചു. 1948നും 1974നും മധ്യേ ലത 25,000 ഗാനങ്ങള്‍ പാടിയതായും ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചയാളാണെന്നും ഗിന്നസ് ബുക് ഓഫ് റെക്കോര്‍ഡ്‌സ് രേഖപ്പെടുത്തിയെങ്കിലും അതിലേറെ ഗാനങ്ങള്‍ മുഹമ്മദ് റഫി പാടിയിട്ടുണ്ടെന്ന വാദം പിന്നാലെ ഉയര്‍ന്നു. പിന്നീട് പല കണക്കുകളും ഉയര്‍ന്നുവന്നെങ്കിലും പാട്ടുകളുടെ എണ്ണത്തിന്റെ കണക്ക് താന്‍ സൂക്ഷിച്ചിട്ടില്ലെന്ന് ലതാ മങ്കേഷ്‌കര്‍ തന്നെ വിശദീകരിച്ചു.

എണ്ണിയാല്‍ തീരാത്തത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഇന്ത്യയുടെ വാനമ്പാടി മലയാളത്തില്‍ പാടിയിട്ടുള്ളത് ആകെ ഒരു ഗാനം മാത്രമാണ്. നെല്ല് എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി സലിന്‍ ചൗധരി ഈണം പകര്‍ന്ന  'കദളി കണ്‍കദളി ചെങ്കദളി പൂ വേണോ... ' എന്ന ഗാനമാണ് ലത മലയാളത്തില്‍ ആലപിച്ചത്. 

സജീവ സംഗീതലോകത്ത് നിന്നു ലത പിന്‍മാറിയിട്ട് വര്‍ഷങ്ങളായി. ഇതുവരെ പാടിക്കഴിഞ്ഞതിനപ്പുറം എന്തെങ്കിലും ആകര്‍ഷകമായി തോന്നിയാല്‍ മാത്രമേ മൈക്ക് കയ്യിലെടുക്കൂ. വീട്ടിലിരുന്ന് സംഗീതം ആസ്വദിക്കും, ടിവിയില്‍ ക്രിക്കറ്റ് കാണും എന്നതാണ് ഗായികയുടെ നിലപാട്. സംഗീതം കഴിഞ്ഞാല്‍ ലതയ്ക്ക് പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ് ക്രിക്കറ്റ്. 

മീന കപൂര്‍, ഗീത ദത്ത് എന്നിവര്‍ക്കൊപ്പം ലതാ മങ്കേഷ്‌കര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com