കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയം ഇതിവൃത്തമാക്കിയ 'മൂന്നാം പ്രളയം' ഇന്ന് തിയേറ്ററുകളില്‍ 

പ്രളയം ഇതിവൃത്തമാക്കി ചിത്രീകരിച്ച മൂന്നാം പ്രളയം ഇന്ന് തിയറ്ററുകളിലെത്തുന്നു
കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയം ഇതിവൃത്തമാക്കിയ 'മൂന്നാം പ്രളയം' ഇന്ന് തിയേറ്ററുകളില്‍ 

ഇടുക്കി:  പ്രളയം ഇതിവൃത്തമാക്കി ചിത്രീകരിച്ച മൂന്നാം പ്രളയം ഇന്ന് തിയറ്ററുകളിലെത്തുന്നു. ഒരു നൂറ്റാണ്ടിനിടെ കേരളം കണ്ട ഏറ്റവും ഭയാനകമായ പ്രളയക്കെടുതികള്‍ അഭ്രപാളികളില്‍ പകര്‍ത്തിയിരിക്കുകയാണ് അമേരിക്കയിലെ ബിസിനസുകാരനും അടിമാലി സ്വദേശിയുമായ ദേവസ്യ കുര്യാക്കോസും സംഘവും. ദേവസ്യയാണ് ചിത്രം നിര്‍മിക്കുന്നത്. 

ആലപ്പുഴയില്‍ ഉള്‍പ്പടെ മഴക്കാലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആളുകളെ പുനരാവിഷ്‌കരിച്ചാണ് മൂന്നാം പ്രളയം എന്ന സിനിമ ചിത്രീകരിച്ചത്. കൈനകരി, വെള്ളത്തൂവല്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. മുഖ്യ കഥാപാത്രങ്ങളായി സായ് കുമാറും ബിന്ദു പണിക്കരും അരിസ്‌റ്റോ സുരേഷും വേഷമിടുന്നു. ഒരു വയസുള്ള കുരുന്നു മുതല്‍ 75 വയസുള്ള വയോധികര്‍ വരെ അഭിനയിച്ചിരിക്കുന്ന ചിത്രം,  അഞ്ചുകോടിയോളം മുടക്കിയാണ് ദേവസ്യ നിര്‍മിച്ചിരിക്കുന്നത്. 

എസ്.കെ വില്വന്‍ തിരക്കഥയും രജീഷ് രാജു സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. നിര്‍മാതാവിന്റെ നാടായ അടിമാലിയിലെ മാതാ തിയറ്റര്‍ ഉള്‍പ്പടെ 180 കേന്ദ്രങ്ങളിലാണ് ഇന്ന് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ലാഭമുണ്ടാക്കുകയല്ല, കേരളം അനുഭവിച്ച ദുരിതത്തിന്റെ വ്യാപ്തി ലോകമെങ്ങും അറിയിക്കുകയാണ് തന്റെ ഈ പദ്ധതിക്കു പിന്നിലെന്നും ദേവസ്യ പറഞ്ഞു. പ്രളയക്കെടുതിയുടെ ഒന്നാം വാര്‍ഷികത്തിനു മുന്‍പായി പടം തിയറ്ററുകളിലെത്തിക്കുകയെന്ന ശ്രമകരമായ ജോലി തീര്‍ക്കാന്‍ എല്ലാ മേഖലയിലെയും ആളുകളുടെ പിന്തുണ ലഭിച്ചതായി ദേവസ്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com