'തുടക്കം മലയാളത്തില്‍, പക്ഷേ പൂര്‍ത്തിയാക്കാനായില്ല'; തമിഴില്‍ അരങ്ങേറി വിദ്യ ബാലന്‍

അജിത്ത് നായകനായി എത്തുന്ന നേര്‍കൊണ്ട പറവൈ എന്ന ചിത്രത്തിലൂടെയാണ് സൂപ്പര്‍താരത്തിന്റെ തമിഴ് അരങ്ങേറ്റം
'തുടക്കം മലയാളത്തില്‍, പക്ഷേ പൂര്‍ത്തിയാക്കാനായില്ല'; തമിഴില്‍ അരങ്ങേറി വിദ്യ ബാലന്‍

പാതി മലയാളിയും പാതി തമിഴുമാണ് വിദ്യാ ബാലന്‍. എന്നാല്‍ നായിക എന്ന നിലയില്‍ താരം കഴിവു തെളിയിച്ചത് ബോളിവുഡിലൂടെയാണ്. തമിഴിലും മലയാളത്തിലും വിദ്യാ ബാലന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പുറംലോകം കണ്ടിട്ടില്ല. ഇപ്പോള്‍ തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. അജിത്ത് നായകനായി എത്തുന്ന നേര്‍കൊണ്ട പറവൈ എന്ന ചിത്രത്തിലൂടെയാണ് സൂപ്പര്‍താരത്തിന്റെ തമിഴ് അരങ്ങേറ്റം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴ്‌സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. തുടക്കം മുതല്‍ തമിഴില്‍ അഭിനയിക്കണം എന്നുണ്ടായിരുന്നെന്നും എന്നാല്‍ ഇനി നല്ല കഥാപാത്രങ്ങള്‍ നോക്കിയാവും ചെയ്യുക എന്നും താരം വ്യക്തമാക്കി. 

'തമിഴില്‍ സിനിമകള്‍ ചെയ്യണമെന്ന് തന്നെയായിരുന്നു തുടക്കം മുതലുള്ള മോഹം. എന്നാല്‍ തമിഴ് സിനിമാപ്രേക്ഷകര്‍ എന്റെ പാലക്കാടന്‍ തമിഴ് സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. ഒരുപാട് സിനിമകള്‍ ചെയ്യണമെന്നൊന്നും ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇനിയും ചെയ്യും. 

മലയാളത്തിലും അഭിനയിക്കാന്‍ കഴിയാത്തതിന്റെ ദുഃഖവും താരം പങ്കുവെച്ചു. 'ഞാന്‍ മലയാള സിനിമയിലാണ് അഭിനയം തുടങ്ങിയത്. എന്നാല്‍ ആ സിനിമ മുന്നോട്ട് പോയില്ല. തെന്നിന്ത്യയില്‍ ഞാന്‍ ചെയ്ത ഒരേ ഒരു സിനിമയും അതായിരുന്നു. ഉറുമില്‍ അതിഥിവേഷം ചെയ്തത് ഒഴിച്ചു നിര്‍ത്തിയാല്‍ ഞാന്‍ ചെയ്ത ഒരേയൊരു തെന്നിന്ത്യന്‍ സിനിമയും അതായിരുന്നു.' വിദ്യ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി  കമല്‍ സംവിധാനം ചെയ്ത ചക്രത്തിലൂടെയാണ് വിദ്യ ബാലന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനിരുന്നത്. എന്നാല്‍ അത് പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ മലയാളത്തില്‍ അഭിനയിക്കാന്‍ താരത്തിന് ആയില്ല. എഴുത്തുകാരി കമലദാസിയി കമലിന്റെ ആമിയില്‍ അഭിനയിക്കാന്‍ വിദ്യാ ബാലന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറുകയായിരുന്നു. 

ഒരുപാട് നാളത്തെ കഠിനാധ്വാനത്തിന് ശേഷമാണ് വിദ്യയുടെ സിനിമാപ്രവേശം. തുടങ്ങി വച്ച പന്ത്രണ്ടോളം സിനിമകള്‍ പുറത്തിറങ്ങിയില്ല. അതോടെ വിദ്യ നിര്‍ഭാഗ്യത്തിന്റെ പ്രതീകമായി. വിദ്യയെ നായികയാക്കിയാല്‍ സിനിമ പുറത്തിറങ്ങില്ലെന്ന് ചിലര്‍ പറഞ്ഞു പരത്തി. എന്നാല്‍ കുപ്രചരണങ്ങളെ കാറ്റില്‍ പറത്തി വിദ്യ ബോളിവുഡിലെ മുന്‍നിര നായികയായി. പരീണിത എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധ നേടിയ വിദ്യ ഡേര്‍ട്ടി പിക്ചറിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com