മഞ്ജുവും സംഘവും സുരക്ഷിത കേന്ദ്രത്തിലെത്താന്‍ 22 കിലോമീറ്റര്‍ നടക്കണം

ബേസ് ക്യാംപിലേക്ക് എത്തണമെങ്കില്‍ സംഘം കാല്‍നടയായി സഞ്ചരിക്കണം. 22 കിലോമീറ്റര്‍ ദൂരം നടന്നെങ്കില്‍ മാത്രമെ ബേസ് ക്യാംപില്‍ എത്താന്‍ കഴിയുകയുള്ളു
മഞ്ജുവും സംഘവും സുരക്ഷിത കേന്ദ്രത്തിലെത്താന്‍ 22 കിലോമീറ്റര്‍ നടക്കണം

ന്യൂഡല്‍ഹി: ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മലയോര ഗോത്രഗ്രാമമായ ഛത്രുവില്‍ കുടുങ്ങിയ നടി മഞ്ജുവാര്യരേയും സംഘത്തെയും രക്ഷപ്പെടുത്തി. സംഘം മണാലിയിലേക്ക് യാത്ര തിരിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസ് അറിയിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി വി മുരളീധരന്‍ നേരത്തെ ഇക്കാര്യം സംസാരിച്ചിരുന്നു.

ബേസ് ക്യാംപിലേക്ക് എത്തണമെങ്കില്‍ സംഘം കാല്‍നടയായി സഞ്ചരിക്കണം. 22 കിലോമീറ്റര്‍ ദൂരം നടന്നെങ്കില്‍ മാത്രമെ ബേസ് ക്യാംപില്‍ എത്താന്‍ കഴിയുകയുള്ളു.  ബേസ് ക്യാമ്പായ കൊക്‌സാറിലേക്ക് സിനിമാ സംഘത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് വി മുരളീധരന്‍ അറിയിച്ചു.  സബ് കളക്ടര്‍ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടര്‍ ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്‌ട്രെക്ച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കിയിട്ടുണ്ട്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് സംഘം ഉള്ളത്. ബേസ് ക്യാമ്പിലെത്തിയതിന് ശേഷം മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നും മുരളീധരന്‍ പറഞ്ഞു.

ഷൂട്ടിംഗ് സംഘമടക്കം 140 ഓളം പേരാണ് ഛത്രുവില്‍ അകപ്പെട്ടിരുന്നത്.  ദില്ലിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ സമ്പത്തും ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഛത്രുവിലേക്ക് ലാന്‍ഡ് ലൈന്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ലഭ്യമല്ലെന്നും എങ്കിലും സംഘം സുരക്ഷിതരാണെന്നും രണ്ട്  ദിവസം കൂടി കഴിക്കാനുള്ള ഭക്ഷണം കൈവശമുണ്ടെന്നും എ സമ്പത്ത് നേരത്തേ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com