തോര്‍ത്തിനറ്റത്ത് തുന്നിപ്പിടിപ്പിച്ച പൂക്കളും ന്യൂസ് പേപ്പര്‍ കൊണ്ടുണ്ടാക്കിയ സമ്മാനങ്ങളും...; പിറന്നാള്‍ ആഘോഷം വൃദ്ധസദനത്തില്‍, ജി വേണുഗോപാലിന്റെ ഹൃദ്യമായ കുറിപ്പ്

ആദ്യമായാല്ല ബാവഗായകന്‍ വൃദ്ധസദനത്തിലെ അച്ഛനമ്മമാര്‍ക്കൊപ്പം ജന്‍മദിനം ആഘോഷിക്കുന്നത്.
തോര്‍ത്തിനറ്റത്ത് തുന്നിപ്പിടിപ്പിച്ച പൂക്കളും ന്യൂസ് പേപ്പര്‍ കൊണ്ടുണ്ടാക്കിയ സമ്മാനങ്ങളും...; പിറന്നാള്‍ ആഘോഷം വൃദ്ധസദനത്തില്‍, ജി വേണുഗോപാലിന്റെ ഹൃദ്യമായ കുറിപ്പ്

ലയാളികളുടെ പ്രിയഗായകന്‍ ജി വേണുഗോപാലിന്റെ ജന്‍മദിനമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച. തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള വൃദ്ധസദനത്തിലായിരുന്നു ഇത്തവണ വേണുഗോപാല്‍ ജന്‍മദിനം ആഘോഷിച്ചത്. ആദ്യമായല്ല ഭാവ ഗായകന്‍ വൃദ്ധസദനത്തിലെ അച്ഛനമ്മമാര്‍ക്കൊപ്പം ജന്‍മദിനം ആഘോഷിക്കുന്നത്. ഇക്കൊല്ലത്തെ ആഘോഷത്തെക്കുറിച്ച് വേണുഗോപാല്‍ മനോഹരമായൊരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 'ജീവിതത്തിന്റെ സായാഹ്നത്തില്‍ വ്യക്തിപരമായി വിലപ്പെട്ട പലതും നഷ്ടപ്പെട്ടവരാണിവരില്‍ എല്ലാവരും. മുന്‍പില്‍ ശൂന്യത മാത്രം. എത്രയോ ചവര്‍പ്പ് കുടിച്ച് വറ്റിച്ചിട്ടും ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാനാകാതെ ഉഴറുന്ന അച്ഛനമ്മമാരുടെയടുത്തേക്കാണ് 'സസ്‌നേഹം ' പിറന്നാള്‍ മധുരവും കലാപരിപാടികളുമായി ചെല്ലുന്നത്' എന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം:


ഡിസംബര്‍ 10: വൃദ്ധസദനം, പുലയനാര്‍കോട്ട, തിരു:

ഇതാറാമത്തെ വര്‍ഷമാണ് തുടര്‍ച്ചയായി ജന്മദിനം ഇവിടെ കൂടുന്നത്. അനാഥരായ അഛനമ്മമാരോടൊപ്പം സംഗീതം, ആഘോഷം, ഊണ്, എന്നതിന് പുറമേ ഇതൊരു തുടക്കം കൂടിയാകുന്നു എനിക്ക്. പുതുവര്‍ഷം ഇവിടെ നിന്നാണെനിക്ക് തുടങ്ങുന്നത്. സ്വയം വിലയിരുത്തലും! ജീവിതത്തിന്റെ സായാഹ്നത്തില്‍ വ്യക്തിപരമായി വിലപ്പെട്ട പലതും നഷ്ടപ്പെട്ടവരാണിവരില്‍ എല്ലാവരും. മുന്‍പില്‍ ശൂന്യത മാത്രം. എത്രയോ ചവര്‍പ്പ് കുടിച്ച് വറ്റിച്ചിട്ടും ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാനാകാതെ ഉഴറുന്ന അച്ഛനമ്മമാരുടെയടുത്തേക്കാണ് 'സസ്‌നേഹം ' പിറന്നാള്‍ മധുരവും കലാപരിപാടികളുമായി ചെല്ലുന്നത്. 

അവര്‍ എനിക്കേകുന്ന മധുരമാണ് എന്റെ അടുത്ത വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം. സ്വന്തം തോര്‍ത്തിനറ്റത്ത് തുന്നിപ്പിടിപ്പിച്ച പൂക്കളും, റിബ്ബണുകള്‍ തുന്നിച്ചേര്‍ത്ത പതക്കവും, ന്യൂസ് പേപ്പര്‍ കൊണ്ടുണ്ടാക്കിയ പാരിതോഷികങ്ങളുമൊക്കെ അവര്‍ എനിക്ക് നല്‍കും. എനിക്കിതേവരെ കിട്ടിയിട്ടുള്ളതില്‍ വച്ചേറ്റവും അമൂല്യമായ സമ്മാനങ്ങളാണവയൊക്കെ.

 ഇത്തവണ ' സസ്‌നേഹ ''ത്തിലെ 30 അംഗങ്ങള്‍ അനാഥമന്ദിരത്തിലുണ്ടായിരുന്നു. എന്നെ അതിശയിപ്പിക്കുന്ന, ആദരവുളവാക്കുന്ന വ്യക്തിത്വങ്ങളാണവരോരുത്തരും. നിസ്വാര്‍ത്ഥത ആണവരുടെ ജീവമന്ത്രം. സസ്‌നേഹത്തിനൊരു പൊതു സ്വഭാവമുണ്ട്. 'ഞാന്‍' എന്നൊരു വാക്കോ ഭാവമോ ആര്‍ക്കുമില്ല. ഒരു സാധാരണ സംഘടനയുടെ hierarchy ഇവിടില്ല. പ്രസിഡണ്ടും, സെക്രട്ടറിയും, ഘജാന്‍ജിയും എക്‌സി. അംഗങ്ങളുമില്ല  എന്നാലും കൃത്യമായ ചുമതലകള്‍ ഓരോരുത്തരും കൃത്യമായി നിര്‍വ്വഹിക്കുന്നു. ഞാനുള്‍പ്പെടെ എല്ലാവരും ഒരുപോലെ കുറവുകളുള്ളവര്‍. 'സസ്‌നേഹം' വെറുമൊരു online സന്നാഹമല്ല  ഇത് ഫീല്‍ഡ് വര്‍ക്ക് മാത്രമാണ്. പൂര്‍ണ്ണമായ സമര്‍പ്പണത്തോടെ. ആശയങ്ങളുടെ, ഉദ്ദേശ്യങ്ങളുടെ, ഒരു രൂപരേഖ മാത്രമേ ഞാന്‍ വരച്ചുകാട്ടാറുള്ളൂ. അവയുടെ സാക്ഷാത്കാരം മുഴുവന്‍ സസ്‌നേഹം അംഗങ്ങളുടെ സമയവും പ്രയത്‌നവുമാണ്. അതില്‍ ആരും പേരെടുത്ത് പറയുന്നത് ഇഷ്ടപ്പെടാത്തവരായത്‌കൊണ്ട് മാത്രം ഞാന്‍ വ്യക്തിപരമായ നന്ദി പ്രകടനത്തിന് മുതിരുന്നില്ല.ഒരു ചിത്രം ഒരായിരം വാക്കുകളുടെ ഗുണം ചെയ്യും. കുറച്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com