ജീവിതം കാണിച്ചു തന്നവരും മലയാളത്തെ ലോകത്തിന് കാണിച്ചുകൊടുത്തവരും; അഭിമാന ചിത്രങ്ങള്‍

സിനിമയില്‍ ഇതുവരെ കണ്ടുശീലിച്ച കാഴ്ച അനുഭവങ്ങളുടെ ഉടച്ചുവാര്‍ക്കലുകള്‍ക്ക് കൂടിയാണ് ഈ വര്‍ഷം സാക്ഷിയായത്
ജീവിതം കാണിച്ചു തന്നവരും മലയാളത്തെ ലോകത്തിന് കാണിച്ചുകൊടുത്തവരും; അഭിമാന ചിത്രങ്ങള്‍

പ്രമേയത്തിലേയും അവതരണത്തിലേയും വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളാണ് 2019 സമ്മാനിച്ചത്. സിനിമയില്‍ ഇതുവരെ കണ്ടുശീലിച്ച കാഴ്ച അനുഭവങ്ങളുടെ ഉടച്ചുവാര്‍ക്കലുകള്‍ക്ക് കൂടിയാണ് ഈ വര്‍ഷം സാക്ഷിയായത്. ആമാനുഷികതയെ വിട്ട് യാഥാര്‍ത്ഥ്യത്തെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു. 2019 ല്‍ മലയാളത്തിന് അഭിമാനമാറിയ സിനിമ അനുഭവങ്ങള്‍

കുമ്പളങ്ങി നൈറ്റ്‌സ്

ജീവിതവും പ്രണയവും നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ കൊച്ചു ചിത്രം. മലയാളത്തിലെ മാസ്റ്റര്‍ പീസ് ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് കുമ്പളങ്ങി നൈറ്റ്‌സ് ഇടിച്ചു കേറിയത്. തിരക്കഥയും സംവിധാനവും അഭിനേതാക്കളുടെ പ്രകടനവും ഛായാഗ്രഹണവുമെല്ലാം ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു. ശ്യാം പുഷ്‌കരന്റെ തിരക്കഥയെ അതേപോലെ തന്നെ മികച്ചതാക്കി മാറ്റാന്‍ മധു സി നാരായണന്‍ എന്ന സംവിധായകനായി. ഫഹദ് ഫാസിലിന്റേയും സൗബിന്‍ ഷാഹിറിന്റേയും പ്രകടനവും എടുത്തു പറയേണ്ടതാണ്. നായകന്‍ എന്നാല്‍ എല്ലാം കൊണ്ട് പൂര്‍ണനായ പുരുഷനായിരിക്കും എന്ന ബോധത്തെ തകര്‍ക്കുകയാണ് ചിത്രത്തിലൂടെ. 

മൂത്തോന്‍

ഗീതു മോഹന്‍ദാസ് എന്ന സംവിധായികയില്‍ നിന്ന് പിറന്ന കടുപ്പമേറിയ ആക്ഷന്‍ ത്രില്ലര്‍. ആന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയതിന് ശേഷമാണ് ചിത്രം തീയെറ്ററുകളില്‍ എത്തുന്നത്. സിനിമ പ്രേമികളുടെ പ്രതീക്ഷകാക്കുന്നതായിരുന്നു ചിത്രം. ഇതുവരെ ഒരു സംവിധായകരും ധൈര്യം കാണിക്കാത്ത രീതിയിലായിരുന്നു ഗീതു മോഹന്‍ദാസ് മൂത്തോനിലെ കഥ പറഞ്ഞത്. നിവിന്‍ പോളി എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രമായാണ് മൂത്തോനിലെ അക്ബറിനെ വിലയിരുത്തുന്നു. മലയാള സിനിമയിലുണ്ടായ മാറ്റമായി മൂത്തോന്‍ മാറി. 

ഉയരേ

ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം. പാര്‍വതിയുടെ ചിത്രമായി തീയെറ്ററിലെത്തിയ ഉയരേ ഇന്നത്തെ സമൂഹത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു. പ്രണയത്തിന്റെ പേരില്‍ കാമുകിക്കു മേല്‍ തന്റെ അധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഓരോ പുരുഷനു നേര്‍ക്കുള്ള ചിത്രം കൂടിയായിരുന്നു ഉയരേ. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അനുഭവം തുറന്നു പറഞ്ഞത്. വലിയ ചര്‍ച്ചകള്‍ക്കും ഈ ചിത്രം വഴിയൊരുക്കി. മനു അശോകന്റെ ആദ്യ ചിത്രം മലയാളി ആണ്‍ബോധത്തിനുള്ള അടിയായിരുന്നു.

ഇഷ്‌ക്

ഇന്ന് കേരളത്തില്‍ വര്‍ധിച്ചുവരുന്ന സദാചാര പൊലീസിങ്ങിനെക്കുറിച്ചാണ് ഇഷ്‌ക് ചര്‍ച്ച ചെയ്യുന്നത്. അനുരാജ് മനോഹരന്റെ വ്യത്യസ്തമായ കഥപറച്ചില്‍ ചിത്രത്തെ മികച്ചൊരു ത്രില്ലറാക്കി മാറ്റി. ആദ്യാവസാനം പ്രേക്ഷകരെ സിനിമയില്‍ നിലനിര്‍ത്താന്‍ അനുരാഗിന് സാധിച്ചു. ഷെയ്ന്‍ നിഗത്തിന്റേയും ഷൈന്‍ ടോം ചാക്കോയുടേയും മികച്ച പ്രകടനവും എടുത്തു പറയേണ്ടതാണ്. 

ഉണ്ട

അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രം. ഇന്‍സ്‌പെക്ടര്‍ ബല്‍റാമായും നരിമാനായും മലയാളികളെ ആവേശത്തിലാഴ്ത്തിയിട്ടുള്ള മമ്മൂട്ടിയുടെ മറ്റൊരു പൊലീസ് വേഷം. എന്നാല്‍ സൂപ്പര്‍ഹീറോ ആയ പൊലീസുകാരനല്ല ഉണ്ടയിലെ മണികണ്ഠന്‍. നിസ്സഹായനായി പൊകുന്ന സാധാരണ പൊലീസ് ഉദ്യോഗസ്ഥനായുള്ള മമ്മൂട്ടിയുടെ പ്രകടനം മികവുറ്റതായിരുന്നു. മാവോയിസ്റ്റ് മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കുപോകുന്ന ഒരുകൂട്ടം പൊലീസുകാരെക്കുറിച്ചുള്ളതാണ് ചിത്രം. 

വൈറസ്

കേരളത്തെ ഒന്നടങ്കം ആശങ്കയില്‍ നിര്‍ത്തിയ നിപ്പ കാലത്തെക്കുറിച്ചുള്ള ചിത്രം. യഥാര്‍ത്ഥ സംഭവത്തെ വളരെ കയ്യടക്കത്തോടെയാണ് ആഷിക് അബുവും കൂട്ടരും സ്‌ക്രീനില്‍ എത്തിച്ചത്. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. വിരസമായി മാറ്റിയേക്കാവുന്ന കഥാതന്തുവിനെ കഥാപാത്രങ്ങളുടെ ജീവിതം കൂടി പറഞ്ഞ് മികച്ച സിനിമ അനുഭവമാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായി. 

ജല്ലിക്കട്ട്

ലിജോ ജോസ് പല്ലിശ്ശെരി എന്ന സംവിധായകനാണ് ജല്ലിക്കട്ടിന്റെ നെടുംതൂണ്. മലയാളത്തില്‍ ഇതുവരെ കാണാത്ത രീതിയിലാണ് ജെല്ലിക്കട്ട് ചിത്രീകരിച്ചിരിക്കുന്നത്. കയറുപൊട്ടിച്ചോടുന്ന പോത്തിനെ പിടിച്ചുകെട്ടി കശാപ്പുചെയ്യാന്‍ പായുന്ന ഒരു നാട്ടിലെ പുരുഷന്മാര്‍. ശിലായുഗത്തില്‍ നിന്ന് ഇപ്പോഴും നമ്മള്‍ മുന്നോട്ടുവന്നിട്ടില്ലെന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. അന്താരാഷ്ട്ര തലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. 

തമാശ

കഷണ്ടിയുള്ള നായകനും തടിച്ചിയായ നായികയും. ശരീര വടിവുള്ള നായികമാരും കട്ടത്താടിയും മുടിയുമുള്ള നായകന്മാര്‍ അരങ്ങു വാഴുന്ന ഈ കാലത്ത് സമൂഹത്തിലെ വലിയ വിഭാഗം നേരിടുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്തത്. 

ഹെലന്‍

മാത്തുക്കുട്ടി സേവ്യര്‍ എന്ന നവാഗത സംവിധായകനാണ് ഹെലന്‍ ഒരുക്കിയത്. വലിയ താരങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. കുമ്പളങ്ങിയിലൂടെ ശ്രദ്ധേയയായ അന്ന ബെന്നാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത്. 

കെട്യോളാണ് എന്റെ മാലാഖ

ലോകവ്യാപകമായി വലിയ ചര്‍ച്ചകളാണ് മാരിറ്റല്‍ റേപ്പിനെക്കുറിച്ച് നടക്കുന്നത്. എന്നാല്‍ ഇങ്ങ് കേരളത്തിലും ഈ വിഷയത്തിന് പ്രാധാന്യമുണ്ടെങ്കിലും കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. മലയാള സിനിമകളും മാരിറ്റല്‍ റേപ്പിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ തയാറായിട്ടില്ല. ആസിഫ് അലി പ്രധാനവേഷത്തില്‍ എത്തിയ കെട്യോളാണ് മാലാഖ ചര്‍ച്ച ചെയ്യുന്നത് പറയാന്‍ അറച്ചു നിന്നിരുന്ന ഈ വിഷയത്തെക്കുറിച്ചാണ്. നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com